Blog

  • വീട്ടിൽ തന്നെ എളുപ്പത്തിൽ ബ്രെഡ്‌ ഉണ്ടാക്കി എടുക്കുന്നത്‌ എങ്ങിനെ

    വീട്ടിൽ തന്നെ എളുപ്പത്തിൽ ബ്രെഡ്‌ ഉണ്ടാക്കി എടുക്കുന്നത്‌ എങ്ങിനെ

    നമ്മളെല്ലാവരും ബ്രെഡ്‌ കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. വിശക്കുമ്പോള്‍ പെട്ടന്ന് എടുത്തു കഴിക്കാന്‍ പറ്റുന്ന ഒന്നാണ് ബ്രെഡ്‌ …പനി വരുമ്പോള്‍ ഒക്കെ കഴിക്കാവുന്ന കട്ടി കുറഞ്ഞ ആഹാരം കൂടിയാണ് ഇത് …ബ്രെഡ്‌ ഇഷ്ട്ടമുള്ളവരും അല്ലാത്തവരും ഉണ്ടാകും …ബ്രെഡ് തനിയെ കഴിക്കുന്നതിനേക്കാള്‍ നമുക്കിഷ്ട്ടം അതില്‍ ജാം പുരട്ടി കഴിച്ചാല്‍ കൂടുതല്‍ രുചിയായിരിക്കും .. …ഇന്ന് നമുക്ക് ഈ ബ്രെഡ്‌ വീട്ടില്‍ ഉണ്ടാക്കുന്നത് പഠിക്കാം …ആദ്യം തന്നെ ബ്രെഡ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമായി വേണ്ടത്

    മൈദാ -ഒരു കപ്പ്

    ഇൻസ്റ്റെന്റ്‌ യീസ്റ്റ്‌-1/2 ടേബിൾസ്പൂൺ

    പഞ്ചസാര -1 സ്പൂൺ

    ഉപ്പ്‌ അൽപം

    പാൽപൊടി-2 സ്പൂൺ

    മുട്ട -1

    ബട്ടര്‍ – 50 ഗ്രാം

    വെളളം കുഴക്കാൻ ആവശ്യത്തിന്

    ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് പറയാം

    ആദ്യം തന്നെ ഒരു മൈദാ നന്നായി അരിച്ചു എടുക്കാം
    യീസ്റ്റ് കുറച്ചു ചൂട് വെള്ളത്തില്‍ കലക്കി വയ്ക്കാം
    …എന്നിട്ട് ഒരു പാത്രത്തില്‍ മൈദയും ,പഞ്ചസാരയും അല്പം ഉപ്പും , പാല്‍പൊടിയും ,ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ഇതിലേയ്ക്ക് മുട്ട നന്നായി അടിച്ചു എടുത്തു ചേര്‍ക്കാം …ഇനി കലക്കി വച്ചിരിക്കുന്ന യീസ്റ്റും ചേര്‍ക്കുക ..ഇതിലേയ്ക്ക് കുറേശെ ആയി വെള്ളം ഒഴിച്ച് കുഴച്ചു എടുക്കാം ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ച് നന്നായി നല്ല സോഫ്റ്റ്‌ ആകുന്നവരെ കുഴക്കുക… വെള്ളം ഒരുപാട് വേണ്ട ചപ്പാത്തി മാവിന്‍റെ പരുവത്തില്‍ കുഴച്ചു എടുക്കുക ഇത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കാം
    അപ്പോള്‍ ഇത് മാവ് ഡബിള്‍ ആയിട്ടുണ്ടാകും ഇനി ഇതെടുത്തു ഒന്ന് നീളത്തില്‍ പരത്തിയിട്ട് രണ്ടു സൈഡും ഉള്ളിലേയ്ക്ക് ഉരുട്ടി എടുത്തു റോള്‍ ആക്കുക ഇത് ഒരു ബ്രെഡ്‌ പാനില്‍ മൂന്നാല് മണിക്കൂര്‍ വയ്ക്കുക
    ഇപ്പോഴും മാവ് പൊങ്ങിയിട്ടുണ്ടാകും ഇത് ഓവനില്‍ 210 ഡിഗ്രിയിൽ 10,12 മിനുറ്റും 170 ഇൽ 20 മിനുറ്റും ബേക്ക് ചെയ്യുക …ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ എടുത്തു പുറമേ ബട്ടര്‍ തടവുക
    ഇനി ഇത് ആവശ്യം പോലെ മുറിച്ചു എടുക്കാം

    നല്ല സോഫ്റ്റ്‌ ബ്രെഡ്‌ റെഡി

    ഇനി ഇത് ജാം പുരട്ടിയോ ,ചിക്കന്‍ സ്റ്റ്യൂ ന്‍റെ കൂടെയോ ഒക്കെ കഴിക്കാം
    മാവ് കുഴയ്ക്കുമ്പോള്‍ കൂടെ പൈനാപ്പിള്‍ എസന്‍സ് അല്ലങ്കില്‍ നമുക്കിഷ്ട്ടമുള്ള എസന്‍സ് കൂടി ആഡ് ചെയ്‌താല്‍ വിരട്ടി ആയിട്ട് ഉണ്ടാക്കാന്‍ പറ്റും …എല്ലാവരും വീടുകളില്‍ ഇത് ഉണ്ടാക്കി നോക്കുക …വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നാടന്‍ കോഴി വറുത്തരച്ചത്

    നാടന്‍ കോഴി വറുത്തരച്ചത്

    ചിക്കന്‍ വിഭവങ്ങള്‍ പലതരത്തില്‍ ഉണ്ടാക്കാം ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതില്‍ നടന്നുകൊണ്ടിരിക്കുകയാണ് …ഏതു തരത്തില്‍ ഉണ്ടാക്കിയാലും ചിക്കന്‍റെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …ഇന്ന് നമുക്ക് ചിക്കന്‍ വറുത്തരച്ച കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ….ഇങ്ങിനെ വറുത്തരക്കാന്‍ നല്ലത് നാടന്‍ കോഴിയാണ് …ബ്രോയിലര്‍ ചിക്കന്‍ കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് …വീട്ടമ്മ മാര് നാടന്‍ കോഴിയെ വളര്‍ത്തേണ്ടത് ആവശ്യമായിരിക്കുന്നു…
    ഇതുവഴി ഹോര്‍മോണ്‍ കുത്തിവയ്ക്കാത്ത ചിക്കന്‍ കഴിക്കുകയും ചെയ്യാം ഒരു ചെറിയ വരുമാന മാര്‍ഗ്ഗവും ഉണ്ടാക്കാം …നാടന്‍ കോഴികള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡ് ആണ് എന്നത് തന്നെ കാര്യം ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    1 നാടന്‍ കോഴി – 1 കിലോ

    2 സവാള – അഞ്ചെണ്ണം

    3 ഇഞ്ചി – ഒരു കഷണം

    4 വെളുത്തുള്ളി – അഞ്ചല്ലി

    5 പച്ചമുളക് – നാലെണ്ണം

    6 തക്കാളി-ഒരെണ്ണം

    7 തേങ്ങ ചിരവിയത് – ഒരു തേങ്ങയുടെത്

    മല്ലിപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

    മുളക് പൊടി -രണ്ടു ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

    കുരുമുളക് പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍

    ഗരം മസാല-രണ്ടു സ്പൂൺ

    കറിവേപ്പില
    ഉപ്പു
    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    നാടന്‍ കോഴിയിറച്ചി നന്നായി കഴുകി വൃത്തിയാക്കി എടുക്കാം ( കോഴി തൊലി കളയാതെ പപ്പു പറിക്കുന്നത് ആണ് കൂടുതല്‍ രുചികരം ) ചെറിയ കഷണങ്ങളാക്കി നുറുക്കി മഞ്ഞള്‍ പൊടിയും ,മുളക് പൊടിയും ,കുരുമുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു പുരട്ടി അര മണിക്കൂര്‍ നേരം വയ്ക്കാം

    അടുത്തതായി ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് തേങ്ങ വറുത്തു എടുക്കാം .ആദ്യം തേങ്ങ ഇടുക ഇത് മൂപ്പായി വരുമ്പോള്‍ മല്ലിപ്പൊടി,മുളക് പൊടി , കറിവേപ്പില ചേര്‍ക്കാം ശേഷം നല്ല ബ്രൌണ്‍ നിറത്തില്‍ വറുത്തു എടുക്കുക. ഇനി ഇത് നന്നായി മിക്സിയില്‍ അരച്ച് എടുക്കുക .

    അതിനുശേഷം ഒരു ഉരുളിയിലോ ചീനച്ചട്ടിയിലോ എണ്ണ ഒഴിച്ച് സവാള ഇടുക ശേഷം ഇഞ്ചി ,പച്ചമുളക്,വെളുത്തുള്ളി ഇവ ഇട്ടു പച്ചമണം മാറും വരെ നന്നായി വഴറ്റുക അതിനു ശേഷം തക്കാളിയും,കുരുമുളക് പൊടിയും ഗരം മസാലപൊടിയും ചേര്‍ത്ത് വഴറ്റുക ഇനി ഇതിലേയ്ക്ക് മസാല പുരട്ടി വച്ചിരിക്കുന്ന കോഴി കഷണങ്ങള്‍ ചേര്‍ക്കുക ഇത് വേകാന്‍ പാകത്തിന് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ( നാടന്‍ കോഴിക്ക് വേവ് കൂടുതല്‍ ഉണ്ടാകും ) നന്നായി വെന്തു കഴിയുമ്പോള്‍ വറുത്തു അരച്ചത്‌ ചേര്‍ത്ത് ഇളക്കുക …ഇതൊന്നു തിളച്ചു ചാറു കുറുകി വരുമ്പോള്‍ ഇറക്കി വയ്ക്കാം
    ( ഇതില്‍ ഉരുളക്കിഴങ്ങ് ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാം വളരെ ടേസ്റ്റി ആയിരിക്കും )

    നാടന്‍ കോഴി വറുത്തരച്ചത് റെഡി

    ഇത് വളരെ എളുപ്പമാണ് എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും തീര്‍ച്ച

    ഈ പോസറ് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യുക

  • ചോക്ലേറ്റ് വീട്ടില്‍ ഉണ്ടാക്കാം

    ചോക്ലേറ്റ് വീട്ടില്‍ ഉണ്ടാക്കാം

    ഹായ് കൂട്ടുകാരെ ഇന്ന് കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന ഒന്നായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത് …കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടം എന്താണെന്ന് ചോദിച്ചാല്‍ എല്ലാ കുട്ടികളും പറയുക ചോക്ലേറ്റ് എന്നാകും …മറ്റെന്തു കിട്ടിയാലും ചോക്ലേറ്റ് കിട്ടുന്ന സന്തോഷം ഉണ്ടാകില്ല അവര്‍ക്ക് .ചോക്ലേറ്റ് കൊടുത്താല്‍ പകരം നമുക്ക് ഒരു ഉമ്മ കിട്ടിയിരിക്കും …നമ്മള്‍ ചോക്ലേറ്റ് വാങ്ങാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. കുട്ടികള്‍ ഒക്കെ ഉള്ള വീടുകളില്‍ ഇത് സ്റ്റോക്ക് ഉണ്ടാകും . ഈ ചോക്ലേറ്റ് നമുക്ക് ഉണ്ടാക്കാന്‍ കഴിയുന്നതാണെന്ന് അറിയാമോ ? വളരെ എളുപ്പത്തില്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് ചോക്ലേറ്റ് …കടകളില്‍ നിന്നും വാങ്ങുന്ന ചോക്ലേറ്റിന്റെ അതെ സ്വാദില്‍ നമുക്കിത് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചേരുവകള്‍

    പഞ്ചസാര – 1 കപ്പ്

    പാല്‍പ്പൊടി – 1 കപ്പ്

    വെള്ളം – 1/2 കപ്പ്

    കൊക്കോ പൗഡര്‍ – 8 ടീസ്പൂണ്‍

    നെയ്യ് – 2 ടീസ്പൂണ്‍

    കാഷ്യൂനട്‌സ് – 1/2 കപ്പ് ( ഇത് തരിയായി പൊടിച്ചു എടുക്കാം )

    ഇത് തയ്യാറാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ നമുക്ക് പാല്‍പ്പൊടിയും കൊക്കോ പൗഡറും കൂടി നന്നായി യോജിപ്പിക്കാം…അതിനു ശേഷം ഇതൊന്നു അരിച്ചെടുക്കാം കട്ടകള്‍ ഒന്നും ഇല്ലാതിരിക്കാനാണ് …അതിനു ശേഷം ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കിയ ശേഷം അതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നല്ലപോലെ ഇളക്കി ഇത് നൂല്‍ പരുവം ആകുന്നതു വരെ ഇളക്കി പാനിയാക്കാം …അതിനു ശേഷം തീ ഓഫ് ചെയ്തിട്ട് ഇതിലേയ്ക്ക് നെയ്യ് ചേര്‍ക്കാം
    ഒന്ന് ഇളക്കിയിട്ട് കാഷ്യൂനട്‌സു ചേര്‍ക്കാം അതിനുശേഷം പാല്‍പ്പൊടി -കൊക്കോ പൗഡര്‍ മിശ്രിതവും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം ( നല്ലപോലെ മിക്സ് ആക്കാന്‍ ശ്രദ്ധിക്കണേ ) അതിനു ശേഷം നമുക്ക് ഇതിനെ ഏകദേശം ഒരിഞ്ചു കനമുള്ള പരന്ന പാത്രത്തില്‍ എണ്ണമയം പുരട്ടിയിട്ട്‌ അതിലേയ്ക്ക് മാറ്റാം. ഇനി ഇത് പകുതി സെറ്റായ ശേഷം ഇഷ്ടമുള്ള രൂപത്തില്‍ നമുക്ക് കട്ട് ചെയ്തു എടുക്കാം ചെറിയ കത്തിയോ എന്തെങ്കിലും ഉപയോഗിച്ച് ചതുരത്തിലോ വട്ടത്തിലോ ഒക്കെ കട്ട് ചെയ്തു എടുക്കാം ( കടകളില്‍ പല ഷേയ്പ്പില്‍ ഉള്ള അച്ചുകള്‍ വാങ്ങാന്‍ കിട്ടും അതുപയോഗിച്ചു കട്ട് ചെയ്തു എടുത്താല്‍ കൂടുതല്‍ മനോഹരം ആകും ) ഇനി ഇത് തണുക്കാന്‍ ആയിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം ..തണുത്തു കഴിയുമ്പോള്‍ ഉപയോഗിക്കാം

    നമ്മുടെ ചോക്ലേറ്റ് റെഡി

    ഇത് കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടപ്പെടുന്നതാണ് ..നമ്മള്‍ ഇത് വീട്ടില്‍ ഉണ്ടാക്കി കൊടുക്കുമ്പോള്‍ കുട്ടികള്‍ക്ക് കൌതുകവും സന്തോഷവും ആകും …ജന്മദിനങ്ങളില്‍ ഒക്കെ ഇതുണ്ടാക്കി സ്പെഷ്യല്‍ ഗിഫ്റ്റ് ആയിട്ട് കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ് …തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ഷെയര്‍ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!

  • അമ്മിണി കൊഴുക്കട്ട ഉണ്ടാക്കാം

    അമ്മിണി കൊഴുക്കട്ട ഉണ്ടാക്കാം

    പലഹാരങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്നല്ലോ അല്ലെ ? അരി പലഹാരങ്ങള്‍ക്ക് ഒരു പ്രത്യേക സ്വാദ് ആണ് .ആരോഗ്യത്തിനു നല്ലതുമാണ് ..കുട്ടികള്‍ക്കൊക്കെ അരികൊണ്ട് പലഹാരങ്ങള്‍ കൊടുത്തു ശീലിപ്പിക്കണം …ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ എല്ലാവര്‍ക്കും വളരെ നല്ലതാണ് …ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കൊഴുക്കട്ട ഉണ്ടാക്കാം വെറും കൊഴുക്കട്ട അല്ല അമ്മിണി കൊഴുക്കട്ട ..വളരെ ടേസ്റ്റിയാണിത്‌ …എന്നും ഒരേ രീതിയില്‍ ഉള്ള പലഹാരം എല്ലാവര്‍ക്കും മടുപ്പ് ഉളവാക്കും …കുട്ടികള്‍ക്കൊക്കെ എന്നും വെറൈറ്റി ആണ് ഇഷ്ട്ടം …നമുക്ക് നോക്കാം അമ്മിണി കൊഴുക്കട്ട എങ്ങിനെ ഉണ്ടാക്കാമെന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍

    അരിപൊടി ഒരു കപ്പു

    വെള്ളം രണ്ടു കപ്പു

    എള്ളെണ്ണ 2 ടീസ്പൂണ്‍

    ഉപ്പു അവശ്യത്തിനു

    മുളക് പൊടി അര ടീസ്പൂണ്‍

    കടുക് 1 ടീസ്പൂണ്‍

    ഉഴുന്ന് പരിപ്പ് 1 ടീസ്പൂണ്‍

    വറ്റല്‍ മുളക് 2 എണ്ണം

    കറിവേപ്പില ഒരു പിടി

    തേങ്ങ ചിരവിയത് 1 ടേബിള്‍സ്പൂണ്‍

    കായം ഒരു നുള്ള്

    ഇനി ഇതുണ്ടാക്കുന്ന വിധം പറയാം ആദ്യം തന്നെ ഒരു പാനില്‍ വെള്ളവും ആവശ്യത്തിനു ഉപ്പും ,ഒരു ടിസ്പൂണ്‍ എള്ളെണ്ണയുംചേര്‍ത്ത് ഒന്ന് തിളപ്പിച്ച്‌ എടുക്കണം അതിനു ശേഷം അരിപ്പൊടി കുറേശെയായി ചേര്‍ത്ത് അല്പം ബലമുള്ള ഒരു തവി ഉപയോഗിച്ച് കുഴയ്ക്കുക ( നന്നായി കുഴയണം ) ഇത് അടുപ്പില്‍ നിന്നും ഇറക്കി മുളക് പൊടി കൂടി ചേര്‍ത്ത് വീണ്ടും നന്നായി കുഴയ്ക്കുക …അതിനുശേഷം ഇത് തനുക്കാനായി വയ്ക്കുക …ഇത് നന്നായി തണുത്ത ശേഷം കയ്യില്‍ അല്പം enna തടവി ഈമാവിനെ കൈകൊണ്ടു ഒന്നുകൂടി യോജിപ്പിച്ച് എടുത്ത് ചെറിയ ഉരുളകള്‍ ആക്കുക ( ഒരു ചെറിയ നെല്ലിക്കയുടെ വലുപ്പം മതിയാകും ) എല്ലാം ഇതുപോലെ ഉരുളകള്‍ ആക്കി എടുത്ത ശേഷം ഇത് ഒരു ഇഡിലി തട്ടില്‍ നിരത്തി ആവിയില്‍ വച്ച് വേവിച്ചു എടുക്കുക പത്തു പന്ത്രണ്ടു മിനിറ്റ് വേവിച്ചാല്‍ മതിയാകും കൂടുതല്‍ വേവിച്ചാല്‍ ഇത് ഹാര്‍ഡ് ആയിപ്പോകും

    ഇനി അടുത്തതായി ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക ഇതില്‍ ഉഴുന്ന് പരിപ്പും , വറ്റല്‍ മുളകും,കറിവേപ്പിലയും കായപൊടിയും ഇട്ടു മൂപ്പിക്കുക അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ഉരുളകള്‍ ഇതിലേയ്ക്ക് ചേര്‍ക്കുക ഇതിലേയ്ക്ക് തേങ്ങയും ചേര്‍ക്കുക നന്നായി ഇളക്കി ചേര്‍ത്ത് ഇറക്കി വയ്ക്കാം
    ഇനി ചൂടോടു കൂടി ഉപയോഗിക്കാം ( ചെറു ചൂടോട് കൂടി ഇല്ലെങ്കില്‍ വായ പൊള്ളും )

    അമ്മിണി കൊഴുക്കട്ട റെഡി

    എല്ലാവരും ഉണ്ടാക്കി നോക്കണം ഇത് നല്ല എളുപ്പമാണ് ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക

  • വീട്ടിലുണ്ടാക്കാം ബീട്രൂറ്റ് കെച്ചപ്പ്

    വീട്ടിലുണ്ടാക്കാം ബീട്രൂറ്റ് കെച്ചപ്പ്

    കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കെച്ചപ്പ് …മധുരവും,പുളിയും,എരിവും,എല്ലാം ഒത്തിണങ്ങിയ ഇത് ആര്‍ക്കാണ് ഇഷ്ട്ടമാവാത്തത് അല്ലെ …ഹോട്ടലുകളില്‍ ഒക്കെ ഭക്ഷണം കഴിക്കാന്‍ കയറിയാന്‍ ആദ്യം മേശപ്പുറത്തു എത്തുന്നത്‌ കെച്ചപ്പ് ആയിരിക്കും …കെച്ചപ്പ് പലതരത്തില്‍ ഉണ്ടാക്കാം …തക്കാളി കൊണ്ട്,,ക്യാരറ്റ് കൊണ്ട്,, ചില്ലി കൊണ്ട്,അങ്ങിനെ നീളുന്നതാണ് …ഇത് നമുക്കിഷ്ട്ടപ്പെട്ട കട് ലെറ്റിന്റെ കൂടെയോ ബ്രെഡിന്റെ കൂടെയോ എന്തിന്‍റെ കൂടെയും കഴിക്കാം ..ഇപ്പൊ നമുക്ക് ബീട്രൂറ്റ് കെച്ചപ്പ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം അതിനാവശ്യമുള്ള സാധനങ്ങള്‍

    ബീട്രൂറ്റ് 1 കിലോ

    പഞ്ചസാര അര കിലോ

    ഉപ്പു പാകത്തിന്

    വിനാഗിരി 4 ടേബിള്‍സ്പൂണ്‍

    പെരുംജീരകം പൊടിച്ചത് 3 ടീസ്പൂണ്‍

    ഗരം മസാല ഒന്നര ടീസ്പൂണ്‍

    ഇഞ്ചി 1 കഷണം പൊടിയായി അരിഞ്ഞത്

    കുരുമുളക് 20 എണ്ണം പൊടിച്ചത്

    ഗ്രാമ്പൂ 6-7 പൊടിച്ചത്

    കറുവാപട്ട 2 പൊടിച്ചത്

    സവാള 3 – 4 പൊടിയായി അരിഞ്ഞത്

    വെളുത്തുള്ളി അല്ലി 10-12 പൊടിയായി അരിഞ്ഞത്

    ഒലിവ്ഓയില്‍ – ആവശ്യത്തിനു

    ആദ്യം തന്നെ ബീട്രൂറ്റ് ചെറിയ കഷണങ്ങളാക്കി നുറുക്കി നന്നായി വേവിച്ചു എടുക്കുക

    ഇനി ഒരു പാനില്‍ കുറച്ചു ഒലിവ് ഓയില്‍ ഒഴിച്ച് സവാള , വെളുത്തുള്ളി,ഇഞ്ചി ,എന്നിവ ഒന്ന് വഴറ്റുക ശേഷം കറുവാപട്ട,ഗ്രാമ്പൂ,കുരുമുളക്,ഗരം മസാല,പേരും ജീരകം ,ഉപ്പു പാകത്തിന് എന്നിവ ക്രമമായി ചേര്‍ക്കാം ( പൊടികള്‍ എല്ലാം ഇപ്പോള്‍ ചേര്‍ക്കുക ) ഇതെല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ബീട്രൂറ്റ് ചേര്‍ത്ത് നന്നായി ഇളക്കുക ശേഷം പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇത് ഇറക്കി വയ്ക്കാം .അടുത്തതായി ഈ കൂട്ടു ഒന്ന് മിക്സിയില്‍ നന്നായി അരച്ച് എടുക്കാം . അതിനു ശേഷം ഒന്ന് കൂടി ഒരു പാന്‍ അടുപ്പത് വച്ച് ചൂടാകുമ്പോള്‍ ഈ കൂട്ടു അതിലേയ്ക്ക് ഒഴിക്കാം ഒന്ന് നന്നായി ഇളക്കാം (അടിയില്‍ പിടിക്കാതെ ) ഇത് നന്നായി കുറുകി കഴിയുമ്പോള്‍ വിനാഗിരി ചേര്‍ക്കാം ഒന്ന് ഇളക്കാം അപ്പോതന്നെ ഇറക്കാം
    ഇനി ഇത് ചൂട് ആറുമ്പോള്‍ കുപ്പിയില്‍ ആക്കി വച്ച് ആവശ്യത്തിനു ഉപയോഗിക്കാം

    വളരെ രുചികരമായ ബീട്രൂറ്റ് കെച്ചപ്പ് റെഡിയായി

    ഇതെല്ലാവരും ഉണ്ടാക്കി നോക്കണം …കുട്ടികള്‍ക്കൊക്കെ ഇത് വളരെ നല്ലതാണ് ബീട്രൂറ്റ് ..ഇത് കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്കും ഇതുപോലെ കെച്ചപ്പ് ഉണ്ടാക്കി കൊടുക്കാം ഒരു സൈഡ് ഡിഷ്‌ ആയിട്ട് നമുക്ക് ഇത് എന്തിന്‍റെ കൂടെ വേണമെങ്കിലും ഉപയോഗിക്കാം …തക്കാളി ഉപയോഗിച്ചും നമുക്ക് ഇതുപോലെ ഉണ്ടാക്കാം …

    ഈ പോസ്റ്റ്‌ ഇങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക .പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

  • കൊതിയൂറും ഇലയട ഉണ്ടാക്കാം

    കൊതിയൂറും ഇലയട ഉണ്ടാക്കാം

    ഹായ് കൂട്ടുകാരെ എല്ലാവരും പലഹാരങ്ങള്‍ ഒക്കെ ഉണ്ടാക്കി നോക്കുന്നുണ്ടല്ലോ അല്ലെ..ഈ പ്രാവശ്യം നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടമാകുന്ന ഒരു പലഹാരം ഉണ്ടാക്കാം ഇലയട …ഇലയട ഇഷ്ട്ടമല്ലേ…ഇലയട പലവിധത്തില്‍ ഉണ്ടാക്കാം …ചക്ക ഉപയോഗിച്ചും ,പഴം ഉപയോഗിച്ചും , ഒക്കെ നമുക്ക് ഇത് പല രീതിയില്‍ ഉണ്ടാക്കാം എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ അമ്മ വളരെ ഈസിയായി ഇലയട ഉണ്ടാക്കുന്ന രീതിയുണ്ട് അതാണ്‌ ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാന്‍ പോകുന്നത് കുട്ടികള്‍ക്കൊക്കെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കാവുന്നതാണ് .ഇത് വളരെ ഈസിയാണ് എന്നാല്‍ വളരെ രുചികരവും …ഇതെങ്ങിനെ തയ്യാറാക്കാ എന്ന് നോക്കാം …

    ആവശ്യമുള്ള സാധനങ്ങള്‍

    അരിപ്പൊടി- അരക്കിലോ

    പഞ്ചസാര -100 ഗ്രാം ( മധുരം കുറവ് വേണ്ടവര്‍ കുറച്ചും കൂടുതല്‍ വേണ്ടവര്‍ക്ക് കൂട്ടിയും എടുക്കാം ഇനി പഞ്ചസാര വേണ്ടത്തവര്‍ക്ക് പകരം ശര്ക്കയും എടുക്കാം )

    തേങ്ങ ചിരകിയത്- അരമുറി

    ഉപ്പു – ആവശ്യത്തിനു

    ഏലയ്ക്കപ്പൊടി- അര ടിസ്പൂണ്‍

    ചുക്കു പൊടി- ഒരു ടീസ്പൂണ്‍

    ജീരകം പൊടി – അര ടിസ്പൂണ്‍

    വാഴയില- അട പരത്താന്‍ ആവശ്യത്തിനു

    ഇനി ഇത് തയ്യാറാക്കേണ്ട വിധം പറയാം

    ആദ്യം കുറച്ചു ഉപ്പിട്ട് വെള്ളം തിളപ്പിച്ച്‌ എടുക്കുക ( ഉപ്പു കൂടരുത് ആവശ്യത്തിനു മാത്രം ഇടുക
    ഈ വെള്ളം ചൂടോടെ അരിപ്പൊടിയില്‍ ഒഴിച്ച് കുഴക്കുക
    ചപ്പാത്തി മാവിന്‍റെ പരുവത്തില്‍ നന്നായി കുഴച്ചു എടുക്കുക

    അടുത്തതായി തേങ്ങയും ,പഞ്ചസാരയും ,ചുക്കുപൊടി,ജീരകപൊടി,ഏലയ്ക്ക ,ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക

    അതിനു ശേഷം വാഴയില കീറി നന്നായി തുടച്ചു എടുക്കുക അടുത്തതായി ഈ വാഴയിലയില്‍, കുഴച്ചു വച്ചിരിക്കുന്ന അരിപ്പൊടി ഒരു ചെറുനാരങ്ങയുടെ വലിപ്പതോളം ഉള്ള ഉരുള എടുത്തു കൈകൊണ്ടു കനം കുറച്ചു പരത്തുക …ഇനി ഇതിന്റെ പകുതി വശത്ത് മിക്സ് ചെയ്തു വച്ചിരിക്കുന്ന തെങ്ങാക്കൂട്ട്‌ നിരത്തുക .അതിനുശേഷം ബാക്കി പകുതി ഇതിനു മുകളിലേയ്ക്ക് ഇലയോടുകൂടി മടക്കുക …എല്ലാം ഇതുപോലെ പരത്തി എടുക്കുക

    തീര്‍ന്നില്ല ഇനി ഇത് വേവിക്കണം
    ഒരു ഇഡിലി ചെമ്പ് അടുപ്പത് വച്ച് വെള്ളം ഒഴിച്ച് മീതെ തട്ട് വച്ച് ഈ അടകളെ തട്ടില്‍ നിരത്തുക തിക്കിത്തിരക്കി വയ്ക്കാതെ അല്പം ഇടവിട്ട്‌ വേണം വയ്ക്കാന്‍ ഇന്നലെ എല്ലായിടത്തും ആവി കയറി വെന്തു കിട്ടൂ …ഇനി ഇത് നമുക്ക് ആവിയില്‍ വേവിച്ചെടുക്കാം …കുറച്ചു സമയം കഴിഞ്ഞു ചെമ്പ് തുറന്നു നോക്കുക വെന്തിട്ടുണ്ടോ എന്ന് ( അടുപ്പില്‍ തീ കത്തിച്ചിട്ടുണ്ടോന്നും കൂടി നോക്കുക തീ കത്തിചാലെ ആവി വരൂ അട വേവൂ )

    കൊതിയൂറും ഇലയട തയ്യാര്‍

    ഇത് വളരെ എളുപ്പമാണ് വളരെ രുചികരമാണ്..ആവിയില്‍ വേവിക്കുന്നത്‌ കൊണ്ട് വളരെ ഹെല്‍ത്തിയാണ്.എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക .പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

  • ഈസി കുക്കര്‍ ബിരിയാണി

    ഈസി കുക്കര്‍ ബിരിയാണി

    ബിരിയാണി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് പക്ഷെ അതുണ്ടാക്കാന്‍ ഉള്ള പാടാണ് ആര്‍ക്കും ഇഷ്ട്ടമല്ലാത്തത് ..ഈ പാട് കാരണം ബിരിയാണി തിന്നണമെന്ന് തോന്നുമ്പോള്‍ ഹോട്ടല്‍ തന്നെ ശരണം …എന്നാല്‍ വിഷമിക്കണ്ട ഒരു പാടുമില്ലാതെ വളരെ ഈസിയായി ബിരിയാണി ഉണ്ടാക്കാന്‍ പഠിപ്പിക്കാം …പ്രഷര്‍ കുക്കര്‍ ആണ് ഇതിനു നമ്മളെ സഹായിക്കുന്നത് കുക്കറില്‍ നമുക്ക് ഈസിയായി ബിരിയാണി ഉണ്ടാക്കാം …നിക്കാം നമുക്ക് ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബിരിയാണി അരി : 2 ഗ്ലാസ്‌ (ജീരകശാലയാണ് ബെസ്റ്റ്‌)

    ചിക്കന്‍ : അര കിലോ

    ഗരം മസാല : ഒരു ടീസ്പൂണ്‍

    മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍.

    മുളക്പൊടി : ഒരു ടേബിള്‍സ്പൂണ്‍

    കുരുമുളക് പൊടി : അര ടീസ്പൂണ്‍

    സവാള : 2 എണ്ണം (വലുത്)

    തക്കാളി : വലുത് ഒരെണ്ണം

    പച്ചമുളക് : 2 എണ്ണം നെടുകെ പിളര്‍ന്ന്

    ഇഞ്ചി : ചെറിയ കഷ്ണം.

    വെളുത്തുള്ളി : 4 അല്ലി.

    മല്ലിയില : ചെറുതായി അരിഞ്ഞത് അര കപ്പ്.

    ഏലയ്ക്ക:നാല്

    ഗ്രാമ്പൂ ;നാല്

    കറുവാപട്ട.: ചെറിയ കഷ്ണം

    നെയ്യ്‌ : 2 ടേബിള്‍സ്പൂണ്‍

    എണ്ണ : 2 ടേബിള്‍സ്പൂണ്‍

    അണ്ടിപ്പരിപ്പ് : 5-6 എണ്ണം

    ഉപ്പ് :പാകത്തിന്

    വെള്ളം :3 ഗ്ലാസ്‌ തിളപ്പിച്ചത്

    ഇത് തയ്യാറാക്കുന്ന വിധം എങ്ങിനെയാണെന്ന് പറയാം

    ആദ്യം തന്നെ അരി കഴുകി വാലാന്‍ വയ്ക്കുക.അതിനു ശേഷം ചിക്കന്‍ വൃത്തിയാക്കി മഞ്ഞള്‍ പൊടി, മുളക്പൊടി, കുരുമുളക് പൊടി എന്നിവ അര ടീസ്പൂണ്‍ വീതവും, മുളക് പൊടി ഒരു ടേബിള്‍സ്പൂണും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു വെയ്ക്കുക. ഇത് ഏകദേശം ഒരു മണിക്കൂര്‍ ഇരിക്കട്ടെ.

    ഇനി അടുത്തതായി നമുക്ക് സവാള, തക്കാളി എന്നിവ നേര്‍മ്മയായി അരിഞ്ഞു എടുക്കാം . ഇഞ്ചി വെളുത്തുള്ളി ചതച്ചു എടുക്കാം .

    അതിനു ശേഷം കുറഞ്ഞത് 3.5 ലിറ്റര്‍ ഉള്ള പ്രഷര്‍ കുക്കര്‍ ഗ്യാസില്‍ വച്ച് ചൂടാക്കുക. ഇതിലേക്ക് എണ്ണയും നെയ്യും ഒഴിക്കുക. ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, എന്നിവ പൊട്ടിക്കുക. ഇതിലേക്ക് സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. അല്‍പ്പം ബ്രൌണ്‍ നിറം ആകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ തക്കാളി ചേര്‍ത്ത് ഉടയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 5-6 മിനുറ്റ് നന്നായി ഇളക്കി കൊണ്ടിരിക്കുക. ചിക്കന്‍ ഉടയരുത്. ചെറുതായി ഒന്ന് ഫ്രൈ ആയി കിട്ടിയാല്‍ മതി. അടിയില്‍ പിടിക്കാതെ സൂക്ഷിക്കുക. വെള്ളം ഒഴിക്കാന്‍ പാടില്ല ഇപ്പോള്‍

    അതിനു ശേഷം കഴുകി വാരി വച്ചിരിക്കുന്ന അരി ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് യോജിപ്പിക്കുക. 3 ഗ്ലാസ്‌ വെള്ളം തിളപ്പിച്ച്‌ നല്ല ചൂടോടു കൂടി ഇതിലേക്ക് ചേര്‍ക്കുക.
    ശേഷം കുക്കര്‍ അടയ്ക്കുക.ഇത് ആവി വരുമ്പോള്‍ വിസില്‍ ഇടുക. വെയിറ്റ് ഇട്ടതിനു ശേഷം കൃത്യം 5 മിനുറ്റ് ഇടത്തരം തീയില്‍ പാകം ചെയ്യുക. വിസില്‍ അടിക്കുന്നത് ഒന്നും നോക്കി നില്‍ക്കണ്ട . 5 മിനുറ്റ് കഴിയുമ്പോള്‍ തീ ഓഫാക്കുക. ആവി പോകുന്നത് വരെ വെയിറ്റ് ചെയ്യുക. അതിനു ശേഷം മാത്രം കുക്കര്‍ തുറക്കുക. അപ്പോള്‍ തന്നെ ഒരു പരന്ന പാത്രത്തിലേക്ക് ഇത് പകര്‍ത്തുക . ഒരു ഫോര്‍ക്ക് കൊണ്ട് ഇളക്കുക.
    ഇനി ഇതിലേയ്ക്ക് സവാള , അണ്ടിപ്പരിപ്പ്,കിസ്മിസ് എല്ലാം നെയ്യില്‍ വറുത്തു ഇടുക …ഇതൊക്കെ നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ച് ചേര്‍ക്കാം …

    പ്രഷര്‍ കുക്കര്‍ ബിരിയാണി റെഡി

    വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ഇതിലും എളുപ്പത്തില്‍ ബിരിയാണി ഉണ്ടാക്കുന്നത് സ്വപനത്തില്‍ മാത്രം 🙂 എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക