Category: ബിരിയാണി

  • ബീഫ് ബിരിയാണി ഉണ്ടാക്കാം

    ബീഫ് ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍

    ബിരിയാണി അരി -1 കിലോ

    ബീഫ് കഷണങ്ങള്‍ ആക്കിയത് -1 കിലോ

    നെയ്യ് -250 ഗ്രാം

    സവാള -250 ഗ്രാം

    പട്ട -4 കഷണം

    അണ്ടിപരിപ്പ് -50 ഗ്രാം

    ഉണക്കമുന്തിരി -50 ഗ്രാം

    ഇഞ്ചി -1 ടേബിള്‍സ്പൂണ്‍

    വെളുത്തുള്ളി -5 അല്ലി

    ഏലക്ക -6 എണ്ണം

    ജാതിക്ക -കാല്‍ കഷണം

    പെരുംജീരകം -1 ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി (നിറത്തിന്) -പാകത്തിന്

    കസ്കസ് -പാകത്തിന്

    ചെറു നാരങ്ങാനീര് -1 ടേബിള്‍സ്പൂണ്‍

    മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍

    ഉപ്പ് -പാകത്തിന്

    പനിനീര്‍ -2 ടീസ്പൂണ്‍

    മൈദ -2 കപ്പ്

    കറിവേപ്പില -ആവശ്യത്തിന്

    മല്ലിയില,പുതിനയില -ആവശ്യത്തിന്

    തൈര് -2 കപ്പ്

    പാകം ചെയ്യുന്ന വിധം

    അരി കഴുകി വൃത്തിയാക്കി കറുവപ്പട്ട കഷണങളും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ അരി വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തണം.അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള
    അരിഞ്ഞതിന്റെ പകുതി എന്നിവ നെയ്യില്‍ വറുത്തു കോരുക.

    ബാക്കി സവാള നെയ്യില്‍ വഴറ്റിയെടുക്കുക.ബീഫ് കഷണങളും സവാള വഴറ്റിയതും ഇഞ്ചിയും
    വെളുത്തുള്ളിയും മല്ലി,കസ്കസ് എന്നിവ അരച്ചെടുത്തതും തൈരും ചെറുനാരങ്ങാനീരും ഏലക്ക,ജാതിക്ക എന്നിവ പൊടിച്ചതും ഉപ്പും ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക.ഇതു പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തണം. ഇതിന് മുകളില്‍ പാതി വെന്ത ചോറിന്റെ പകുതിയും നിരത്തണം. ഇതിന് മുകളില്‍ വറുത്തു വെച്ചിരിയ്ക്കുന്ന അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള എന്നിവ നിരത്തുക.പാത്രം ഒരു അടപ്പ് കൊണ്ട് അടയ്ക്കണം.കനലില്‍
    ഒരു മണിക്കൂര്‍ വേവിച്ചശേഷം ചോറും ഇറച്ചിയും മിക്സ് ചെയ്ത് ഉപയോഗിക്കാം.

  • ചിക്കന്‍ ഫ്രൈഡ് റൈസ്

    ചിക്കന്‍ ഫ്രൈഡ് റൈസ്

    ചിക്കന്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കാം.

    ആവശ്യമുള്ള സാധനങ്ങള്‍:

    1. റൈസ് – രണ്ടു കപ്പ്‌ (ഗീ റൈസ് ആണ് നല്ലത്)

    2. ചിക്കന്‍ – പത്തു കഷണം (ഒരു സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ഒരു ടീസ്പൂണ്‍ മുളക് പൊടിയും പുരട്ടി അര മണിക്കൂര്‍ വെച്ചതിനു ശേഷം ബ്രൌണ്‍ കളര്‍ ആകുന്നത്‌ വരെ എണ്ണയില്‍ വറുത്തെടുക്കുക.

    വെളുത്തുള്ളി – രണ്ടെണ്ണം (ചെറുതായി അരിഞ്ഞത് )

    3. എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍

    4. സവാള – ഒരെണ്ണം (ചെറുത്)

    5. കാരറ്റ്‌ – ഒരെണ്ണം

    6. ബീന്സ് – ഒരു കപ്പ്‌

    7. കാബേജ് – കാല്‍ കപ്പ്‌

    8. ക്യാപ്സിക്കം – ഒരു കപ്പ്‌

    9. കുരുമുളക് പൊടി – അര ടീസ്പൂണ്‍

    10. ചില്ലി സോസ് – ഒരു ടീസ്പൂണ്‍

    11. സോയ സോസ് – രണ്ടു ടീസ്പൂണ്‍

    12. ടോമടോ സോസ് – രണ്ടു ടീസ്പൂണ്‍

    13. മുട്ട – രണ്ടെണ്ണം ( അര ടീസ്പൂണ്‍ എണ്ണയില്‍ ഒരു നുള്ള് ഉപ്പും, ഒരു നുള്ള് കുരുമുളക് പൊടിയും ഇട്ടു നന്നായി വറുത്തെടുക്കുക).

    14. ഉപ്പ് – ആവശ്യത്തിന്

    15. മല്ലിയില – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം :

    ഒരു പാത്രം അടുപ്പില്‍ വെച്ച് , ചൂടായത്തിനു ശേഷം അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിചതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി അതിലിട്ടു നന്നായി വയറ്റി എടുക്കുക. അതിനു ശേഷം കാരറ്റ്‌ , ബീൻസ്, കാബേജ്, സവാള, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് ചെറുതീയില്‍ വേവിച്ചെടുക്കുക. അതിനു ശേഷം കാപ്സികം, ചില്ലി സോസ്, ടോമടോ സോസ്, സോയ സോസ് ഇവ കൂടി ചേർത്ത് നന്നായി ഇളക്കി അഞ്ചു മിനിറ്റ് കൂടി വേവിക്കുക. അതിലേക്കു വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ പീസ്‌ ചെറിയ കഷണങ്ങള്‍ ആക്കി അതിലേക്കിട്ട് നന്നായി ഇളക്കി ഇറക്കി വെക്കുക.

    ഒരു പാത്രം അടുപ്പില്‍ വെച്ചു, ചൂടായതിനുശേഷം അര ടീസ്പൂണ്‍ നെയ്യ്‌ (ആവശ്യമുണ്ടെങ്കില്‍) രണ്ടു ടീസ്പൂണ്‍ എണ്ണയും ഒയിച്ചു കഴുകി വൃത്തിയാക്കിയ അരി നന്നായി വറുക്കുക. അതിലേക്കു മൂന്ന് കപ്പ്‌ വെള്ളവും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്ത്ത് (വേണമെങ്കില്‍ ഒരു ഏലക്കായ,ഒരു കരാമ്പു, ഒരു കഷണം കറുവപ്പട്ട ഇവ കൂടി ഇട്ടു കൊടുക്കാം) ഗി റൈസ് ഉണ്ടാക്കുന്നത് പോലെ വേവിച്ചെടുക്കുക. അതിനു ശേഷം ആദ്യം ഉണ്ടാക്കിയ വെജിറ്റബിൾ ചിക്കന്‍ മിക്സിലേക്ക് റൈസ് കുറച്ച് കുറച്ചു ഇട്ടു ഇളക്കി മിക്സ്‌ ചെയ്യാവുന്നതാണ്. അതിലേക്കു മുട്ട വറുത്തതും മല്ലിയിലയും കൂടി ചേർത്തു വിളമ്പാം.!

    ഈ റെസിപ്പി ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യൂ. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ലൈക്ക് ചെയ്യൂ.

  • ഭക്ഷണപ്രേമികള്‍ക്ക് ഈ പെരുന്നാളിന്  വ്യത്യസ്ത ബിരിയാണികള്‍

    ഭക്ഷണപ്രേമികള്‍ക്ക് ഈ പെരുന്നാളിന് വ്യത്യസ്ത ബിരിയാണികള്‍

    ബിരിയാണിയെന്ന് കേള്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറാത്തവര്‍ വിരളമായിരിക്കും. ഭക്ഷണപ്രേമികളാണെങ്കില്‍ നല്ല ബിരിയാണികള്‍ കിട്ടുന്നതെവിടെയാണോ അവിടെ തേടിപ്പിടിച്ച് എത്തിയിരിക്കും. എന്നാല്‍ പക്ഷെ സ്വാദിഷ്ടവും വൈവിധ്യവുമായ ബിരിയാണികള്‍ സ്വന്തം വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ അറിയുന്നവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ പേരുകേട്ട ഹോട്ടലുകളെ ആശ്രയിക്കാറാണ് മിക്കവരും.

    എന്നാല്‍ ഇനി വിഷമിക്കേണ്ടതില്ല. രുചികരവും വ്യത്യസ്ഥങ്ങളുമായ ഏഴ് ബിരിയാണികളുടെ പാചകരീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതിന് മുമ്പ് ഒരു കാര്യം ശ്രദ്ധിക്കുക. ഇവിടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ ആദ്യം ബിരിയാണിയുണ്ടാക്കി നോക്കുക. അതിനു ശേഷം നിങ്ങളുടെ താലപര്യങ്ങള്‍ക്കനുസരിച്ച് എരിവ്, ഉപ്പ്, തുടങ്ങിയ ചേരുവകളുടെ ഉപയോഗത്തില്‍ മാറ്റങ്ങള്‍ വരുത്താം. രുചിക്കൂട്ടുകളുടെ സ്വഭാവം അറിഞ്ഞ് ആസ്വദിച്ച് പാചകം ചെയ്യുക. ഇനി തുടങ്ങാം

    കോഴിക്കോടന്‍ ബിരിയാണി

    ശരിക്കും പറഞ്ഞാല്‍ ബിരിയാണികളുടെ സുല്‍ത്താനാണ് കോഴിക്കോടന്‍ ബിരിയാണി. ഇതിന്റെ മറ്റൊരു പ്രത്യേകത കോഴിക്കോടന്‍ സ്വദേശികളില്‍ വലിയൊരു വിഭാഗത്തിന് ഇത് ഉണ്ടാക്കാനറിയാം എന്നതാണ്. മറ്റ് നാടുകളില്‍ പോലും ഏറെ ആരാധകരുള്ള ഈ ബിരിയാണി തന്നെയാകട്ടെ ആദ്യം.

    ചേരുവകള്‍

    ചിക്കന്‍ 2 കിലോ

    ബിരിയാണി അരി 2 കിലോ

    ഡാല്‍ഡ 200 ഗ്രാം

    പശുനെയ്യ് 2 ടീസ്പൂണ്‍

    മുളകുപൊടി 2 ടീസ്പൂണ്‍

    ഗരംമസാല 2 ടീസ്പൂണ്‍

    മഞ്ഞള്‍പൊടി 2 ടീസ്പൂണ്‍

    തക്കാളി 250 ഗ്രാം

    ഇഞ്ചി 2 കഷ്ണം പച്ചമുളക് 100 ഗ്രാം വെളുത്തുള്ളി 25 ഗ്രാം

    സവാള (ചെറുതായി അരിഞ്ഞത്)- 1 കിലോ കേരറ്റ് (ചെറുതായി അരിഞ്ഞത്)- 100 ഗ്രാം ഉപ്പ് പാകത്തിന്

    തയ്യാറാക്കുന്ന വിധം

    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പകുതി എടുത്ത് അരച്ചു വെക്കുക.
    അരി വേവിച്ചു ഊറ്റിവെക്കുക. ഒരു പാനില്‍ ആദ്യം ഇറച്ചി ഇടുക. ഇതിലേക്ക് ബാക്കിയുള്ള ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും മഞ്ഞള്‍പൊടി, മുളകുപൊടി, ഗരംമസാല എന്നിവ 1 ടീസ്പൂണ്‍ വീതവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

    കുറച്ചു സമയം പാകത്തിന് ചൂടില്‍ നന്നായി ഇളക്കുക. ഇതിലേക്ക് ഡാല്‍ഡ ചേര്‍ത്ത് അതില്‍ കോഴി പൊരിച്ചു കോരുക. ബാക്കിയുള്ള ഡാല്‍ഡയില്‍ സവാള വഴറ്റി പാകമായിവരുമ്പോള്‍ അരപ്പ്, മഞ്ഞള്‍പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. പാകമായാല്‍ മസാലയിലേക്ക് ചോറ് ചേര്‍ത്ത് കുറച്ചു കാരറ്റും പശുവിന്‍ നെയ്യും മുകളില്‍ ഇട്ട് ചെറുതീയില്‍ പതിനഞ്ചു മിനിട്ട് മൂടിവെക്കുക.

    തലശ്ശേരി മട്ടന്‍ ബിരിയാണി

    മലബാറിലെ ബിരിയാണികളില്‍ കോഴിക്കോടന്‍ ബിരിയാണിക്കൊപ്പം നില്‍ക്കുന്ന മറ്റൊരു ബിരിയാണിയാണ് തലശ്ശേരി ബിരിയാണിയെന്ന് എല്ലാവര്‍ക്കും അറിയാം. തലശ്ശേരി മട്ടന്‍ ബിരിയാണി തന്നെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തലശ്ശേരി ബിരിയാണിക്ക് എപ്പോഴും ഒരു പ്രത്യേകതയുണ്ട്. ഇതിന്റെ ചേരുവകളും അത് തയ്യാറാക്കുന്ന രീതിയും തന്നെയാണ് ഇതിന് കാരണം.
    ചേരുവകള്‍

    ബിരിയാണി അരി 1 1/2 കിലോ

    മട്ടന്‍ 1 കിലോ

    സവാള (നീളത്തില്‍ അരിഞ്ഞത്) 1 1/2 കിലോ എണ്ണ 1 കപ്പ് പച്ചമുളക് (ചതച്ചത്) 10 എണ്ണം

    ഇഞ്ചി (ചതച്ചത്) 3 കഷ്ണം

    ഗരംമസാലപ്പൊടി 1 ടേബിള്‍ സ്പൂണ്‍

    തക്കാളി (നീളത്തില്‍ അരിഞ്ഞത്) 4 എണ്ണം

    മല്ലിയില (അരിഞ്ഞത്) 1/4 കപ്പ്

    പുതിനയില (അരിഞ്ഞത്) 1/4 കപ്പ് ഉപ്പ് പാകത്തിന്

    ഡാല്‍ഡ 100 ഗ്രാം

    നെയ്യ് 25 ഗ്രാം

    എണ്ണ 2 ടേബിള്‍ സ്പൂണ്‍

    തയ്യാറാക്കുന്ന വിധം

    എണ്ണ ചൂടാക്കി അരക്കിലോ സവാള വറുത്ത് കോരുക. ബാക്കിയെണ്ണയില്‍ ഒരു കിലോ സവാള ചേര്‍ത്ത് വഴറ്റുക. ഇത് ബ്രൗണ്‍ നിറമായാല്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഗരംമസാലപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് തക്കാളി അരിഞ്ഞത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ചെറുതായി എണ്ണ തെളിഞ്ഞുവരുമ്പോള്‍ മല്ലിയിലയും പുതിനയിലയും ചേര്‍ത്തിളക്കി മട്ടനും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക.

    മറ്റൊരു പാത്രത്തില്‍ അരിയുടെ ഒന്നര ഇരട്ടി വെള്ളത്തില്‍ ഡാല്‍ഡ, നെയ്യ് എന്നിവ ചേര്‍ത്ത് തിളപ്പിച്ച് അതില്‍ അരിയിട്ട് വേവിച്ച് വറ്റിക്കുക. അരിയും വറുത്ത് മാറ്റിവെച്ചിരിക്കുന്ന സവാളയും മട്ടന് മുകളില്‍ ഇടവിട്ടിടവിട്ട് നിരത്തി പാത്രം നന്നായി അടച്ച് ദം ചെയ്തെടുക്കുക.

    ഹൈദരാബാദ് ചിക്കന്‍ ദം ബിരിയാണി

    ഇനിയൊരു മറുനാടന്‍ ബിരിയാണിയാണ് പരിചയപ്പെടുത്തുന്നത്
    ഒരടിപൊളി ഹൈദരാബാദ് ചിക്കന്‍ ദം ബിരിയാണിയാണ് ഇന്ന് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും.

    ചേരുവകള്‍

    ബിരിയാണി അരി 4 കപ്പ്

    ഗ്രാമ്പൂ 10 എണ്ണം

    ഏലയ്ക്ക 6 എണ്ണം

    കറുവാപ്പട്ട 3 എണ്ണം

    തക്കോലം 1 എണ്ണം

    എണ്ണ ആവശ്യത്തിന്

    ചിക്കന്‍ 1 കിലോ

    സവാള 2 എണ്ണം

    മല്ലിയില ആവശ്യത്തിന്

    കുങ്കുമപൂവ് 1 ടീസ്പൂണ്‍

    ചൂട് പാല്‍ 1/2 കപ്പ്

    നെയ്യ് 2 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന്

    കട്ടതൈര് 3/4 കപ്പ്

    പച്ചമുളക് 10 എണ്ണം

    ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂണ്‍

    മുളകുപൊടി 2 ടീസ്പൂണ്‍

    മഞ്ഞള്‍പൊടി 1/4 ടീസ്പൂണ്‍

    മല്ലിപൊടി 1 ടീസ്പൂണ്‍

    പുതിനയില ആവശ്യത്തിന്

    ചെറുനാരങ്ങ 1 എണ്ണം

    പെരിംജീരകം1/4 ടീസ്പൂണ്‍

    കുരുമുളക് 1 ടീസ്പൂണ്‍

    തയ്യാറാക്കുന്ന വിധം

    കട്ടതൈര്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, മല്ലിയില, പുതിനയില, ഉപ്പ്, പെരിംജീരകം, കുരുമുളക്, എന്നിവ മിക്സ് ചെയ്ത് ചിക്കനില്‍ നന്നായി പുരട്ടിവെയ്ക്കുക. ഇത് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും മാറ്റിവെയ്ക്കുക.

    അരി ആവശ്യത്തിനു വെള്ളം, ഗ്രാമ്പൂ, കറുവാപട്ട, ഏലക്ക, എണ്ണ, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. പകുതിവെന്തു കഴിഞ്ഞാല്‍ വെള്ളം വാര്‍ത്തു കളഞ്ഞു ഒരു വലിയ പാത്രത്തില്‍ കുടഞ്ഞിട്ടു തണുക്കാന്‍ വെയ്ക്കുക. ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ എണ്ണ, ഒരു സ്പൂണ്‍ നെയ്യ് എന്നിവ ഒഴിച്ച് ചൂടാക്കുക. ഇതില്‍ അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ നിറം അയാള്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റി വെയ്ക്കുക

    കുങ്കുമപൂവ് പാലില്‍ നന്നായി മിക്സ് ചെയ്തു വെക്കുക. ബിരിയാണി പാത്രം എടുത്തു അതില്‍ 3 സ്പൂണ്‍ എണ്ണ ഒഴിച്ച് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ല തീയില്‍ വേവിക്കുക. അതിനു ശേഷം ഒരു സ്പൂണ്‍ എണ്ണ ചിക്കന് മുകളില്‍ ഒഴിച്ച ശേഷം തീ കുറയ്ക്കുക. വേവിച്ചു വെച്ചിരിക്കുന്ന അരിയില്‍ പകുതി എടുത്ത് ചിക്കന് മുകളില്‍ നിരത്തുക. അതിന് മുകളില്‍ അര സ്പൂണ്‍ നെയ്യ്, വഴറ്റിവെച്ചിരിക്കുന്ന സവാള, മല്ലിയില, എന്നിവയും നിരത്തുക. മുകളില്‍ കുങ്കുമപ്പൂവ്പാല്‍ മിക്സ് കുറച്ച് തളിക്കുക.

    ശേഷം ബാക്കിയുള്ള ചോറ് കൂടി ഇടുക ഈ ലെയറിനു മുകളില്‍ അര സ്പൂണ്‍ നെയ്യ്, സവാള, മല്ലിയില, കുങ്കുമപൂവ് മിക്സ് എന്നിവയും ചേര്‍ക്കുക. പാത്രം അടച്ച് മുകളില്‍ എന്തെങ്കിലും ഭാരമുള്ള സാധങ്ങള്‍ വെക്കുക. വശങ്ങള്‍ ഗോതമ്പ് മാവുകൊണ്ടു അടക്കുക ഇത് നല്ല തീയില്‍ ഒരു രണ്ടു മിനുട്ട് പാകം ചെയ്യുക . അതിനു ശേഷം അടുപ്പിലും അടപ്പിലും തീ കനലാക്കി ബിരിയാണി വേവിച്ചെടുക്കുക. ശേഷം അടപ്പ് മാറ്റി നന്നായി ഇളക്കി വിളമ്പുക

    സോയാ ബിരിയാണി

    സോയാബോള്‍സ് ഉപയോഗിച്ച് ഒരടിപൊളി ബിരിയാണിയാണ് ഇത്. നോണ്‍ വെജ് ബിരിയാണിയുടെ അനുഭൂതി ഓരു പരിധിവരെ കിട്ടുമെന്നതിനാല്‍ വെജിറ്റേറിയന്‍ ആയവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ്.

    ചേരുവകള്‍

    സോയ ബോള്‍സ് 1/4 കിലോ

    ബിരിയാണി അരി 1/2 കിലോ

    സവാള (നീളത്തിലരിഞ്ഞത്) 1/2 കിലോ

    ഗരം മസാല 2 ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍

    മല്ലിപ്പൊടി 1 ടീസ്പൂണ്‍

    മുളകുപൊടി 1 ടീസ്പൂണ്‍

    തക്കാളി (നീളത്തിലരിഞ്ഞത്) 3 എണ്ണം

    ചെറുനാരങ്ങ 1 എണ്ണം

    മല്ലിയില 6 തണ്ട്

    പൊതിനയില ആവശ്യത്തിന്

    കറിവേപ്പില 3 തണ്ട്

    നെയ്യ് 100 ഗ്രാം

    ഡാല്‍ഡ 100 ഗ്രാം.

    പച്ചമുളക് (ചതച്ചത്) 8 എണ്ണം

    ഇഞ്ചി (ചതച്ചത്) 1 വലിയ കഷണം

    വെളുത്തുള്ളി രണ്ട് എണ്ണം

    പനിനീര്‍ ഒരു സ്പൂണ്‍

    അണ്ടിപ്പരിപ്പ് 50 ഗ്രാം

    മുന്തിരി 50 ഗ്രാം

    ഒന്നാം പാല്‍ 1/2 കപ്പ്

    തയ്യാറാക്കുന്ന വിധം

    സോയ തിളച്ച വെള്ളത്തില്‍ 10 മിനുട്ട് കുതിര്‍ത്തശേഷം പിഴിഞ്ഞ് വെള്ളം കളഞ്ഞു വെക്കുക. അതിനുശേഷം മുളകുപൊടിയും ഉപ്പും പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക. ഈ എണ്ണയില്‍ തന്നെ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക (രണ്ട് സവാള മാറ്റിവെക്കുക). ഇതിലേക്ക് പച്ചമുളക്, തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം പകുതി മസാലപ്പൊടി, ഉപ്പ് തേങ്ങാപാല്‍ എന്നിവ ചേര്‍ത്ത് വേവിക്കുക. മസാല കൂട്ട് നല്ലതുപോലെ വെന്തു വന്നാല്‍ അതിലേക്ക് സോയാ വറുത്തതും ഒരു ചെറുനാരങ്ങയുടെ നീരും ഒഴിച്ച് വറ്റിക്കുക.

    ഒരു ചെമ്പ് അടുപ്പില്‍വെച്ച് നെയ്യും ഡാല്‍ഡയും ഉരുക്കി എടുക്കുക. മാറ്റിവെച്ച സവാള അതിലിട്ട് വറുത്തുകോരുക. ഇതിനോടൊപ്പം അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തുകോരുക. ഇതേ നെയ്യില്‍ കഴുകി വാര്‍ത്തുവെച്ച അരി ഇട്ട് രണ്ടു മൂന്ന് മിനുട്ട് നന്നായി വറുക്കുക. നാല് ഗ്ലാസ് വെള്ളം അതില്‍ ഒഴിക്കുക. ഇതിലേക്ക് മസാലക്കൂട്ടും ചെറുനാരങ്ങനീരും പനിനീരും പാകത്തിനുള്ള ഉപ്പും ചേര്‍ക്കുക. വെള്ളം വറ്റിയാല്‍ ഒന്ന് ഇളക്കണം. മാറ്റിവെച്ച പകുതി ഗരംമസാലപ്പൊടിയും അതിലിട്ട് ഇളക്കുക. ചോറ് പാകമായാല്‍ അടുപ്പില്‍നിന്ന് വാങ്ങുക. വറുത്തുവെച്ച സവാളയില്‍ മല്ലിയിലയും പൊതിനയിലയും ബാക്കി ഗരംമസാലപ്പൊടിയും ചേര്‍ക്കുക.

    ഒരു ബിരിയാണി ചെമ്പില്‍ നെയ്യ് പുരട്ടി താഴെ സോയ മസാല നിരത്തുക. അതിനുമീതെ മല്ലിയില, പൊതിനയില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. ഇതിനു മീതെ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, സവാള എന്നിവ വിതറുക. പിന്നെ ബാക്കിയുള്ള ചോറ് കൂടി നിരത്തുക. പിന്നീട് പാത്രം അടപ്പുകൊണ്ട് മൂടി മാവുകൊണ്ട് ഒട്ടിച്ച് മുകളിലും താഴെയും കനലിട്ട് ഇടത്തരം ദമ്മില്‍ ആവി കയറ്റി വേവിക്കുക.

    അറേബ്യന്‍ സ്റ്റൈല്‍ മട്ടന്‍ ബിരിയാണി

    ബിരിയാണിയുടെയെല്ലാം ഉദ്ഭവം അങ്ങ് അറേബ്യയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഒരു അ്റേബ്യന്‍ സ്റ്റൈല്‍ ബിരിയാണി തന്നെ അങ്ങ് പരീക്ഷിച്ചാലെന്താ? അറേബ്യന്‍ രീതിയിലുള്ള ഒരടിപൊളി മട്ടന്‍ ബിരിയാണിയാണിയാണ് അവസാനമായി പരിചയപ്പെടുത്തുന്നത്.

    ചേരുവകള്‍

    ബിരിയാണി അരി 2 കപ്പ്

    മട്ടന്‍ 1 കിലോ

    വെണ്ണ ഉരുക്കിയത് 2 ടേബിള്‍സ്പൂണ്‍

    സവാള 2 എണ്ണം

    ഇഞ്ചി 1 കഷ്ണം

    വെളുത്തുള്ളി 10 അല്ലി

    കറുവാപട്ട പൊടിച്ചത് 1 സ്പൂണ്‍

    കുങ്കുമപൂവ് 1 നുള്ള്

    മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍

    മുളക്പൊടി 1 ടീസ്പൂണ്‍

    കൊഴുപ്പില്ലാത്ത തൈര് 1/2 കപ്പ്

    ഉപ്പ് പാകത്തിന്

    കുരുമുളകുപൊടി ആവശ്യത്തിന്

    ബദാം 10 എണ്ണം

    ഉണക്ക മുന്തിരി 8 എണ്ണം

    മല്ലിയില 1 പിടി

    തയ്യാറാക്കുന്ന വിധം

    അരി കുങ്കുമപൂവ്, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിച്ചുവെയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ ഒരു പാനില്‍ ചൂടാക്കുക. അതിലേക്ക് സവാള, വെളുത്തുള്ളി, കറുവാപ്പട്ട, മഞ്ഞള്‍പൊടി, മുളക്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് തണുത്തതിന് ശേഷം തൈര് ചേര്‍ത്ത് മിക്സിയില്‍ അടിച്ചുവെയ്ക്കുക.

    മട്ടന്‍ ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് വെണ്ണയില്‍ നന്നായി മൊരിച്ചെടുക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് വേവിച്ചെടുക്കുക. മട്ടന്‍ വേവിച്ചു വെച്ചിരിക്കുന്ന ബിരിയാണി ചോറുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് അലൂമിനിയം ഫോയില്‍ കൊണ്ട് മൂടി ഇരുപത്തി അഞ്ചു മിനുറ്റ് ഓവനില്‍ വേവിച്ചു എടുക്കുക. ബദാം, ഉണക്ക മുന്തിരി, മല്ലിയില എന്നിവ ഇതിന് മുകളില്‍ ചേര്‍ക്കുക.

    തലശ്ശേരി സ്പെഷ്യല്‍ ഫിഷ് ബിരിയാണി

    തലശ്ശേരി വിഭവങ്ങള്‍ എന്നും സ്പെഷ്യല്‍ വിഭവങ്ങള്‍ തന്നെയാണ്. രുചിയുടെ പെരുമ കേട്ട വിഭവങ്ങള്‍. തലശ്ശേരി സ്പെഷ്യല്‍ ഫിഷ് ബിരിയാണിയാണ് ഇന്നത്തെ വിഭവം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും.

    ചേരുവകള്‍

    മീന്‍- 500 ഗ്രാം

    വെള്ളം- ആവശ്യത്തിന്

    കട്ടിതൈര്-3 ടേബിള്‍ സ്പൂണ്‍

    എണ്ണ- ആവശ്യത്തിന്

    ബിരിയാണി അരി- 5 കപ്പ്

    സവാള- 4 എണ്ണം

    തക്കാളി- 3 എണ്ണം

    വെളുത്തുള്ളി- 15 അല്ലി

    പച്ചമുളക്- 8 എണ്ണം

    മുളക്പൊടി- 1 ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

    ഫിഷ് ബിരിയാണി മസാല- 2 ടേബിള്‍സ്പൂണ്‍

    മല്ലിപ്പൊടി- 2 ടേബിള്‍സ്പൂണ്‍

    ഉപ്പ്- പാകത്തിന്

    ചെറുനാരങ്ങാ നീര്- 1 ടീസ്പൂണ്‍

    മല്ലിയില- 5 തണ്ട്

    നെയ്യ്- ആവശ്യത്തിന്

    ഗ്രാമ്പു- 1 ടീസ്പൂണ്‍

    ഏലയ്ക്ക- 3 എണ്ണം

    കറുവാപ്പട്ട- 2 കഷ്ണം

    പെരുംജീരകം- 1/2 ടീസ്പൂണ്‍

    തയ്യാറാക്കുന്ന വിധം

    മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വെള്ളം എന്നിവ യോജിപ്പിച്ച് വെയ്ക്കുക. മീന്‍ വൃത്തിയാക്കി കഷ്ണങ്ങളാക്കി വെയ്ക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം മീനില്‍ നന്നായി യോജിപ്പിച്ചുവെയ്ക്കുക. മീനില്‍ മിശ്രിതം നന്നായി പിടിക്കുന്നതിനായി അരമണിക്കൂര്‍ നേരം മാറ്റിവെയ്ക്കുക.

    ഒരു പാനില്‍ നെയ്യ് ചൂടാക്കിയതിന് ശേഷം അതിലേക്ക് കഴുകിവെച്ചിരിക്കുന്ന അരി ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ആവശ്യത്തിന് വെള്ളം, ഉപ്പ്, കറുവാപ്പട്ട, ഏലയ്ക്ക്, ഗ്രാമ്പു എന്നിവ ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക.

    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക. ഈ പേസ്റ്റില്‍ തക്കാളി, ഉള്ളി, ഉപ്പ്, തൈര്, നാരങ്ങാ നീര്, മഞ്ഞള്‍പ്പൊടി, മുളക്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

    നേരത്തെ മാറ്റിവെച്ചിരിക്കുന്ന മീന്‍ കുറച്ച് എണ്ണയില്‍ നന്നായി ഫ്രൈ ചെയ്തെടുക്കുക. ശേഷം മീന്‍ സവാള വഴറ്റിയതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ചെറിയ ചൂടില്‍ നന്നായി യോജിപ്പിക്കുക.

    ഇതിലേക്ക് ഫിഷ് ബിരിയാണി മസാല, മല്ലിപ്പൊടി, മല്ലിയില, ചെറുനാരങ്ങാ നീര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. സവാള ബ്രൗണ്‍ നിറമാകുന്നതുവരെ നെയ്യില്‍ വറുത്തെടുക്കുക. വേവിച്ചുവെച്ചിരിക്കുന്ന പകുതി ചോറിന്റെ മുകളില്‍ പകുതി മീന്‍ മസാല ചേര്‍ക്കുക ബാക്കിയുള്ള ചോറ് ഇതിന് മുകളില്‍ ചേര്‍ക്കുക. ശേഷം ബാക്കിയുള്ള മീന്‍ മസാല കൂടി ഇതിന് മുകളില്‍ നിരത്തുക. ഇത് ദമ്മില്‍ വേവിച്ചെടുക്കുക.

    മലബാര്‍ ബിരിയാണി

    അടിപൊളിയൊരു മലബാര്‍ ബിരിയാണിയാണ് ഇന്നത്തെ വിഭവം. വളരെ സ്പെഷ്യല്‍ ആയ വിഭവമാണിത്. എല്ലാവര്‍ക്കും ഇഷ്ടമാകും.

    ചേരുവകള്‍

    ചിക്കന്‍- 1 കിലോ

    ബിരിയാണി അരി- 1 കിലോ

    സവാള- 1/2 കിലോനെയ്യ്- 250 ഗ്രാം

    പച്ചമുളക്- 100 ഗ്രാം

    ഇഞ്ചി- 50 ഗ്രാം

    വെളുത്തുള്ളി- 50 ഗ്രാം

    കസ്‌കസ്- 1 ടീസ്പൂണ്‍

    തൈര്- 1 കപ്പ്

    അണ്ടിപ്പരിപ്പ്- 20 ഗ്രാം

    ഉണക്ക മുന്തിരിങ്ങ- 20 ഗ്രാം

    മല്ലിയില- ഒരു പിടി

    പൊതിനയില- 1 കെട്ട്

    ചെറുനാരങ്ങ- 1 എണ്ണം

    പനിനീര്‍- 2 ടേബിള്‍സ്പൂണ്‍

    ഗരം മസാലപ്പൊടി- 3 ടീസ്പൂണ്‍

    തക്കാളി- 100 ഗ്രാം

    ഉപ്പ്- പാകത്തിന്

    തയ്യാറാക്കുന്ന വിധം

    വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചതച്ചെടുക്കുക. കസ്‌കസ് മയത്തില്‍ അരച്ചെടുക്കുക. മല്ലിയില, പൊതിനയില എന്നിവ ചെറുതായി മുറിക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ പകുതി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുറിച്ച ഉള്ളിയില്‍ പകുതിയിട്ട് ഇളക്കുക. ഉള്ളി നിറം മാറിത്തുടങ്ങുമ്പോള്‍ ചതച്ച മസാലകള്‍ ഓരോന്നായി ചേര്‍ത്ത് തുടരെ ഇളക്കുക. നല്ല വാസന വരുമ്പോള്‍ കോഴിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക.

    ഇതിലേക്ക് തൈര്, കസ്‌കസ്, തക്കാളി, ഉപ്പ് എന്നിവയും അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി പാത്രം മൂടി ചെറുതീയില്‍ വേവിക്കണം. കോഴി വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കി വെയ്ക്കുക. അരി കഴുകി വെള്ളം വാരാന്‍ വെയ്ക്കണം. ഒരു പാത്രത്തില്‍ ബാക്കിയുള്ള എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, ബാക്കി പകുതി ഉള്ളി ഇട്ട് ഗോള്‍ഡന്‍ നിറമാകുന്നത് വരെ വഴറ്റുക. അണ്ടിപ്പരിപ്പും, മുന്തിരിങ്ങയും ചേര്‍ത്ത് ചുവപ്പിച്ചെടുക്കുക.

    ഇതേ എണ്ണയില്‍ അരിയിട്ടു തുടരെ ഇളക്കി, അരി അല്‍പ്പം പദം വരുമ്പോള്‍ അരി വേവാനുള്ളത്ര വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് പാത്രം മൂടണം. ചോറ് വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കിവെയ്ക്കുക. വെന്ത കോഴിയില്‍ അല്‍പ്പം ഗരം മസാലപ്പൊടി വിതറി അതിനുമീതെ മൂന്നില്‍ ഒരു ഭാഗം ചോറ് ഇടുക. ചോറിനു മീതെ പനിനീരില്‍ കലക്കി കുടഞ്ഞ്, അതിനും മീതെ കുറച്ച് ഗരം മസാലപ്പൊടി, പൊരിച്ച ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ എന്നിവയും ഇടണം.

    ബാക്കിയുള്ള ചോറും ഇതേപോലെ ഇട്ട് കനമുള്ള മൂടികൊണ്ട് പാത്രം അടച്ച് മീതെ കുറച്ച് തീക്കനലിട്ട് ചെറുതീയില്‍ പത്തു മിനിറ്റ് വെയ്ക്കുക. ചൂടുള്ള ഓവനില്‍ അല്‍പ്പനേരം വെച്ചാലും മതി. ബിരിയാണി പാത്രത്തില്‍ വിളമ്പി കുറച്ച് പൊരിച്ച ഉള്ളി വിതറി ചൂടോടെ ചട്നിയോ തൈര് ചട്നിയോ കൂട്ടി ഉപയോഗിക്കാം

  • ചിക്കന്‍ സോസേജ് ബിരിയാണി

    ചിക്കന്‍ സോസേജ് ബിരിയാണി

    ചേരുവകള്‍

    ചോറുണ്ടാക്കാൻ
    ബസുമതി / ബിരിയാണി അരി : 2 കപ്പ്
    വഴന ഇല: 1
    കറുവ പട്ട: 1 കഷ്ണം
    ഏലയ്ക്ക: 3
    ഗ്രാമ്പു: 3
    ചൂട് വെള്ളം: 4 കപ്പ്
    നെയ്യ് / സൺഫ്ലവർ ഓയിൽ : 2 ടേബിൾ സ്പൂൺ

    സോസേജ് മസാല ഉണ്ടാക്കാൻ
    ചിക്കൻ സോസേജ് : 1 പാക്കറ്റ്
    സവാള: 3 വലുത്
    തക്കാളി: 1 വലുത്
    പച്ചമുളക് ചതച്ചത് : 3 എണ്ണം
    ഇഞ്ചി ചതച്ചത് : 2 ടേബിൾ സ്പൂൺ
    വെളുത്തുള്ളി ചതച്ചത് : 2 ടേബിൾ സ്പൂൺ
    മുളക് പൊടി : 1/2 ടി സ്പൂൺ
    മഞ്ഞൾ പൊടി: 1/4 ടി സ്പൂൺ
    പെരുംജീരക പൊടി: 1/4 ടി സ്പൂൺ
    ഗരം മസാല പൊടി : 1/4 ടി സ്പൂൺ
    ചെറുനാരങ്ങ : 1
    മല്ലിയില അരിഞ്ഞത് : 2 ടേബിൾ സ്പൂൺ
    പുതിന ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂൺ
    സൺഫ്ലവർ ഓയിൽ : 2 ടേബിൾ സ്പൂൺ

    ഉപ്പ്

    ഉണ്ടാക്കേണ്ട വിധം
    സോസേജ് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ശേഷം വെള്ളത്തിൽ നിന്നും മാറ്റി അരിഞ്ഞു വെക്കുക
    കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വഴറ്റി മാറ്റി വെക്കുക
    അതേ നെയ്യിൽ വഴന ഇല, കറുവ പട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ഇട്ട് വഴറ്റി കഴുകി ഊറ്റി എടുത്ത അരി ഇട്ട് നന്നായി വഴറ്റുക
    ഇതിലേക്കു ചൂടുവെള്ളം ചേർത്ത് ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക.
    ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച് ചൂടാകുമ്പോൾ സവാള ഇട്ട് നന്നായി വഴറ്റുക.
    ഇതിലേക്കു ചതച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക
    ശേഷം മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി ചേർത്ത് നന്നായി മൂപ്പിക്കുക
    തക്കാളി അരിഞ്ഞതും, സോസേജ് അരിഞ്ഞതും, മല്ലിയില,പുതിന ഇല (കുറച്ചു മല്ലി ഇല, പുതിന ഇല എന്നിവ അവസാനം ഇടാൻ ആയി മാറ്റിവെക്കണം ) എന്നിവ ചേർത്ത് ചെറുതീയിൽ കുറച്ചു നേരം അടച്ചു വെക്കുക…
    ഉപ്പ്‌ നോക്കി വേണമെങ്കിൽ ചേർക്കണം
    വേവിച്ച ചോറിൽ പകുതി എടുത്തു മാറ്റി വെക്കുക. ബാക്കി ചോറിന്റെ മുകളിൽ സോസേജ് മസാല, കുറച്ചു വറുത്തു വെച്ച സവാള, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, മല്ലി ഇല, പുതിന ഇല എന്നിവ ഇടുക. ഇതിന്റെ മുകളിൽ മാറ്റി വെച്ച ചോറ് ഇട്ട് ബാക്കി ഉള്ള വറുത്ത സവാള , അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ചേർത്ത് മൂടി വെച്ച് കുറച്ചു സമയം ചെറിയ തീയിൽ ദം ചെയ്യുക

  • ചിക്കന്‍ ലോലിപോപ്പ് ബിരിയാണി

    ചിക്കന്‍ ലോലിപോപ്പ് ബിരിയാണി

    ചേരുവകൾ

    ചിക്കന്‍ (ലോലിപോപ്പ് പീസ്)- 1 കിലോ

    ബസ്മതി അരി -1 കിലോ

    പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് – 1 കപ്പ്

    സവാള അരിഞ്ഞത്- 1 കപ്പ്

    തക്കാളി അരിഞ്ഞത് -1 കപ്പ്

    കുരുമുളക് പൊടി -1 ടീസ്പൂണ്‍

    മഞ്ഞപ്പൊടി -1 ടീസ്പൂണ്‍

    മല്ലിപ്പൊടി -1 ടീസ്പൂണ്‍

    ഗരം മസാല- 3 ടീസ്പൂണ്‍

    മുളക് പൊടി -4 ടീസ്പൂണ്‍

    പുതിനയില,മല്ലിയില -1 പിടി

    നാരങ്ങയുടെ നീര് -1

    പുളിയില്ലാത്ത കട്ട തൈര്-3 സ്പൂണ്‍

    ആവശ്യത്തിന് പട്ട, ഗ്രാമ്പു, ഏലക്ക, ജീരകം, ജാതി നെയ്യ്, എണ്ണ, ഉപ്പ്

    തയ്യാറാക്കുന്ന വിധം

    മഞ്ഞള്‍പൊടി ,മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ഇറച്ചിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരപ്പ് ഇറച്ചിയില്‍ പിടിക്കാനായി അര മണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം എണ്ണയില്‍ മുക്കി പൊരിച്ച് എടുക്കുക. ഇറച്ചി മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അല്‍പ്പം പട്ടയും ഗ്രാമ്പൂവും മൂപ്പിക്കുക. ഇതിലേക്ക് അരി വേകാന്‍ വേണ്ട വെള്ളമൊഴിക്കുക. ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ്വെള്ളം എന്ന അളവില്‍ വേണം വെള്ളം ചേര്‍ക്കാന്‍. ഏകദേശം അരമണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ശേഷം വേണം അരി വേവിക്കാന്‍ എടുക്കാന്‍. ശേഷം രണ്ടു പച്ചമുളക് കീറിയതും ചെറുതായി അരിഞ്ഞെടുത്ത ഒരു പിടി സവാളയും ആവശ്യത്തിന് ഉപ്പും ഒരു സ്പൂണ്‍ ഗരം മസാലപ്പൊടിയും ചേര്‍ക്കുക. വെള്ളം നന്നായി വെട്ടി തിളക്കുമ്പോള്‍ വാര്‍ത്തു വച്ചിരിക്കുന്ന അരി ഇടാം. തീ കൂട്ടി വയ്ക്കുക. വെള്ളം വീണ്ടും വെട്ടിത്തിളയ്ക്കുമ്പോള്‍ തീ കുറച്ചു വയ്ക്കുക. 10, 15 മിനിട്ടുകള്‍ക്കു ശേഷം അരി വെന്തോ എന്ന് നോക്കുക. അരിയും ഏകദേശം മുക്കാല്‍ ഭാഗം വെന്താല്‍ മതിയാവും.
    മസാല തയാറാക്കാം
    ഒരു പാനില്‍ എണ്ണയും അല്‍പ്പം നെയ്യും ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം, ജാതി തുടങ്ങിയവ ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്ക് സവാളയിട്ട് നന്നായി വഴറ്റുക. ഉള്ളി വഴന്നു വരുമ്പോള്‍ മഞ്ഞളും ഉപ്പും ചേര്‍ത്തിളക്കിക്കുക. സവാള സ്വര്‍ണ നിറമാകുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതും ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ തക്കാളി ചേര്‍ക്കാം. തക്കാളി കൂടി നന്നായി വഴന്നു കഴിഞ്ഞാല്‍ ചേരുവകള്‍ എല്ലാം കൂടി ഉടച്ച് ഇളക്കിയെടുക്കുക. ഇതിലേക്ക് മുളകുപൊടി,മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി തൈര് ചേര്‍ക്കാം.അരപ്പിന്‍റെ പച്ചമണം മാറിയ ശേഷം അല്‍പ്പം വെള്ളം ചേര്‍ക്കാം. ഇനി ഇറച്ചി കഷണങ്ങള്‍ ഇതിലേക്കിട്ട് ഇറച്ചി ഉടയാതെ ഇളക്കി കറിയുമായി ചേര്‍ക്കുക. കഷണങ്ങളില്‍ നന്നായി അരപ്പു പിടിച്ചു എന്ന് ഉറപ്പു വരുത്തണം. മൂന്നു മിനിറ്റ് അടച്ചു വച്ചു വേവിച്ചാല്‍ മസാല തയ്യാര്‍. ഇനി മസാലയിലേക്ക് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന അരി ചേര്‍ക്കാം. ചിക്കന്‍ മസാല തവി കൊണ്ട് ഒന്നിളക്കി പരത്തിയ ശേഷം രണ്ടാമത്തെ ലെയര്‍ പോലെ വേണം ചോറ് നിരത്താന്‍. ചോറ് ഒരു ലെയര്‍ നിരത്തിയ ശേഷം ഇതിനു മുകളിലായി അല്‍പം മല്ലിയിലയും പുതിനയിലയും തൂവാം. ബാക്കിയുള്ള ചോറു കൂടി ഇതിനു മുകളിലായി ഇടുക. ചോറ് നന്നായി അമര്‍ത്തി നിരപ്പാക്കി വച്ച ശേഷം മുകളില്‍ അണ്ടിപ്പരിപ്പോ മുന്തിരിയോ സവാള വറത്തതോ വിതറാം. ഇനി അടപ്പ് കൊണ്ട് മൂടി മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച ശേഷം തീ തീരെ കുറച്ചു വയ്ക്കുക..15 മിനിട്ട് കഴിഞ്ഞാല്‍ മൂടി തുറക്കാം. രുചികരമായ ചിക്കന്‍ ലോലിപോപ്പ് ബിരിയാണി തയ്യാര്‍.

  • നെയ്ച്ചോര്‍ ഉണ്ടാക്കാം

    നെയ്ച്ചോര്‍ ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    ബസ്മതി അരി- 2 കപ്പ്‌

    നെയ്‌ – 6 സ്പൂണ്‍

    അണ്ടിപ്പരിപ്പ്‌ – 12 എണ്ണം

    ഉണക്ക മുന്തിരി- ഒരു പിടി

    നീളത്തില്‍ അരിഞ്ഞ സവാള- 3 കപ്പ്‌

    ഗ്രാമ്പു-2 എണ്ണം

    കറുവ പട്ട- ഒരു ചെറിയ കഷ്ണം

    ഏലയ്ക്ക- 2 എണ്ണം

    ഉപ്പ്‌- ആവശ്യത്തിനു

    വെള്ളം – 4 കപ്പ്‌

    പാചകം ചെയുന്ന വിധം
    അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പത്രത്തില്‍ നെയ്‌ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ സവാള ഇട്ടു വഴറ്റുക. വഴന്നു വരുമ്പോള്‍ വെള്ളം വാലാന്‍ വെച്ചിരിക്കുന്ന അരിയും കൂടെ ഇട്ടു തുടരെ ഇളക്കുക. അരി നല്ലപോലെ മൂത്ത് കഴിയുമ്പോള്‍ വെള്ളവും ഉപ്പും ചേര്‍ത്ത അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം വറ്റി തോര്‍ന്നു വരുമ്പോള്‍ ചോറ് ഇളക്കി കുടഞ്ഞു എടുക്കുക. നല്ല നെയ്ച്ചോര്‍ തയ്യാര്‍.

  • എഗ്ഗ് ബിരിയാണി ഉണ്ടാക്കാം

    എഗ്ഗ് ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍

    ബിരിയാണി അരി – 4 കപ്പ്‌

    മുട്ട – 4 എണ്ണം

    നെയ്യ് – 3 ടേബിള്‍സ്പൂണ്‍

    സവാള – 5 എണ്ണം

    കാരറ്റ് – 1 എണ്ണം (ചെറുത്‌)

    ഇഞ്ചി – 1 ഇഞ്ച്‌ കഷണം

    വെളുത്തുള്ളി – 8 അല്ലി

    തക്കാളി – 2 എണ്ണം

    കാപ്സികം – ½ എണ്ണം

    കറിവേപ്പില – 1 ഇതള്‍

    പാല്‍ – ¾ കപ്പ്‌

    കശുവണ്ടി – 15 എണ്ണം

    ഉണക്ക മുന്തിരി – 15 എണ്ണം

    കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍

    മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍

    മഞ്ഞള്‍പൊടി – 1 നുള്ള്

    ഗരംമസാല – 1 ടീസ്പൂണ്‍

    കറുവാപട്ട – 3 കഷ്ണം

    ഗ്രാമ്പു – 10 എണ്ണം

    ഏലയ്‌ക്ക – 4 എണ്ണം

    കുരുമുളക് – 10 എണ്ണം

    മല്ലിയില – 3 ഇതള്‍

    പുതിനയില – 5 ഇല

    വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍

    ചൂടുവെള്ളം – 7 കപ്പ്‌

    ഉപ്പ് – ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
    മുട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.
    സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്സിക്കം, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക.
    പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)

    പാനില്‍ 1½ ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് 2 സവാള (അരിഞ്ഞത്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
    മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള, കാരറ്റ് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, കാപ്സിക്കം, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.

    ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ ½ ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.

    കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
    മുട്ട ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും നാരങ്ങ അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.

    കുറിപ്പ്

    1) മുന്‍കൂട്ടി ചൂടാക്കിയ ഓവനില്‍ വച്ചും ബിരിയാണി ദം ചെയ്യാവുന്നതാണ്.
    2) മുട്ടയുടെ എണ്ണം ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.