Category: ബിരിയാണി

  • ചിക്കൻ വാഴയിലക്കിഴി ബിരിയാണി

    ചിക്കൻ വാഴയിലക്കിഴി ബിരിയാണി

    ചിക്കൻ വാഴയിലക്കിഴി ബിരിയാണി
    ————————————–
    കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും രുചിയിലും കൂട്ടിലും വൈവിധ്യമാർന്ന കിഴി ബിരിയാണി എന്റെ പരീക്ഷണശാലയിൽ ഉടലെടുത്തതും കഴിച്ചവരെല്ലാം വളരെ നല്ല അഭിപ്രായം പറയുകയും ചെയ്തതിനാൽ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്… അതിഥികളെ സന്തോഷിപ്പിക്കാനും വിശേഷ ദിവസങ്ങളെ മനോഹരമാക്കാനും ഇത് നല്ലൊരു വിഭവം ആയിരിക്കും തീർച്ച…

    ആവശ്യമുള്ള ചേരുവകകൾ: (നാലു പേർക്ക്)
    ——————————
    1 ) മീഡിയം വലുപ്പത്തിൽ നുറുക്കിയ ചിക്കൻ – ഒരെണ്ണം

    2 ) നല്ലയിനം ബസ്മതി റൈസ് – നാലു കപ്പ് (അരമണിക്കൂർ ഉപ്പുവെള്ളത്തിൽ കുതിർത്തത്; അരി അല്പം നീളം വയ്ക്കുന്നതിനും നുറുങ്ങി പോകാതിരിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്)

    3 ) സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – 8 എണ്ണം മീഡിയം വലുപ്പമുള്ളതു

    4 ) ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് – 2 ടേബിൾ സ്പൂൺ

    5 ) അണ്ടിപ്പരിപ്പ് നെടുകെ പിളർന്നത് – 20 എണ്ണം

    6 ) ഉണക്കമുന്തിരി (കിസ്മിസ്) – ഒരു പിടി

    7 ) മല്ലിയില ചെറുതായി അരിഞ്ഞത് – രണ്ടു കപ്പ്

    8 ) കറി വേപ്പില – മൂന്നു പിടി

    9 ) തക്കാളി ചെറുതായി അരിഞ്ഞത് – 3 എണ്ണം (മീഡിയം വലുപ്പമുള്ളതു)

    10 ) പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, ജാതിപത്രി, എന്നിവ പൊടിച്ചത് – മുക്കാൽ റ്റീസ്പൂൺ

    11 ) പെരുംജീരകപൊടി – ഒന്നര റ്റീസ്പൂൺ

    12 ) കുരുമുളക് തരുതരുപ്പായി പൊടിച്ചത് – ഒരു റ്റീസ്പൂൺ (എരിവ് വേണമെങ്കിൽ മാത്രം… എനിക്ക് ചേർക്കേണ്ടി വന്നില്ല)

    13 ) കട്ടിയുള്ള തൈര് – ഒന്നര ടേബിൾ സ്പൂൺ

    14 ) കശുവണ്ടി വെള്ളത്തിൽ കുതിർത്തു അരച്ചത് – ഒന്നര ടേബിൾ സ്പൂൺ

    15 ) ഉപ്പു – ആവശ്യത്തിന്

    16 ) നെയ്യ് – രണ്ടര ടേബിൾ സ്പൂൺ

    17 ) വെളിച്ചെണ്ണ – രണ്ടര ടേബിൾ സ്പൂൺ

    18 ) മഞ്ഞൾ പൊടി – അര റ്റീസ്പൂൺ

    19 ) പട്ട – ഒരിഞ്ചു നീളത്തിൽ

    20 ) ഗ്രാമ്പു – 5 എണ്ണം

    21 ) ഏലയ്ക്ക – 7 എണ്ണം

    22 ) തക്കോലം – ഒരെണ്ണം

    23 ) ഇഞ്ചി അര ഇഞ്ചു നീളത്തിൽ കനം കുറച്ചു നാരുകൾ പോലെ അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂൺ

    24 ) കാരറ്റ് മുക്കാൽ ഇഞ്ചു നീളത്തിൽ തീപെട്ടിക്കോലു പോലെ കനം കുറച്ചു അരിഞ്ഞത് – ഒന്നര കപ്പ്

    25 ) ഗ്രീൻ പീസ് – ഒരു കപ്പ് (പച്ചയാണ് ഞാൻ ഉപയോഗിച്ചത്; ഉണക്കയാണെങ്കിൽ വെള്ളത്തിൽ കുതിർത്തു വേവിച്ചു വയ്ക്കുക)

    26 ) അര റ്റീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീരിൽ ചേർത്തത്

    27 ) റോസ് വാട്ടർ – ഒരു ടേബിൾ സ്പൂൺ (ഇത് നിര്ബന്ധമില്ല)

    28 ) പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

    29 ) വാഴയില പൊതിയാൻ പോകാതിന് വലുപ്പത്തിൽ മുറിച്ചു ഇലയും കെട്ടാനുള്ള വാഴ നാരും തീയിൽ വെട്ടിയെടുത്തു വയ്ക്കുക

    30 ) തിളച്ച വെള്ളം – 6 കപ്പ്

    തയ്യാറാകുന്ന വിധം:
    ——————–
    1 ) ആദ്യം ചിക്കനിലേക്കുള്ള മസാല റെഡിയാക്കാം; അതിനായി ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാക്കി എടുത്തു വച്ചിരിക്കുന്ന മുഴുവൻ വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് അതിലേക്കു സവാള അരിഞ്ഞത് ചേർത്ത് മീഡിയം തീയിൽ നല്ല ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരി വയ്ക്കുക

    2 ) ഇനി ആ എണ്ണയിൽ നിന്ന് പകുതി മാറ്റി വയ്ക്കുയ; ബാക്കിയുള്ള എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് മൂപ്പിക്കുക; അതിലേക്കു ഒരുപിടി മല്ലിയിലയും ഒന്നര പിടി കറിവേപ്പിലയും ചേർത്ത് വഴറ്റുക; ഇതിലേക്ക് തക്കാളി ചേർത്ത് അൽപ നേരം മൂടി വച്ച് വഴറ്റുക; തക്കാളി ഉടഞ്ഞു തുടങ്ങുമ്പോൾ അതിലേക്കു പെരുംജീരകപൊടിയും പട്ട ഗ്രാമ്പു ഏലയ്ക്ക പൊടിയും അര റ്റീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റി പച്ചമണം പോയി മൂത്തു വരുമ്പോൾ അതിലേക്കു തൈരും അണ്ടിപ്പരിപ്പ് അരച്ചതും ചേർത്ത് ഒന്ന് വഴറ്റി അതിലേക്കു സവാള വറുത്തു വെച്ചതിൽ മുക്കാൽ ഭാഗം ചേർത്ത് ഇളക്കി അതിലേക്കു പൈനാപ്പിൾ പൊടിയായി അരിഞ്ഞത് ഒരു കപ്പ് ചേർത്ത് ഇളക്കി അതിലേക്കു ചിക്കൻ ചേർത്ത് ചെറിയ തീയിൽ മൂടി വച്ച് വേവിക്കുക; ഈ സമയത്തു നമുക്ക് ചോറ് റെഡിയാക്കാം (ചെറിയ തീയിൽ സമയമെടുത്ത് ചിക്കൻ വേവുമ്പോൾ നല്ല രുചിയാണ്)

    3 ) ഒരു ചുവടു കട്ടിയുള്ള ചെമ്പു അടുപ്പത്തു വച്ച് ചൂടാകുമ്പോൾ (ബിരിയാണി ചെമ്പു) മാറ്റി വച്ച പകുതി നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് അതിലേക്കു പട്ടയും ഗ്രാമ്പും ഏലയ്ക്കയും ഇട്ടു പൊട്ടിച്ചു അണ്ടിപരിപ്പും മുന്തിരിയും ഇട്ടു മൂപ്പിച്ചു അതിലേക്കു ഇഞ്ചി നീളത്തിൽ അരിഞ്ഞു വച്ചതു ചേർത്ത് നന്നായി ഒന്ന് മൂപ്പിക്കുക; (ഇഞ്ചി നെയ്യിൽ മൂപ്പിക്കുമ്പോൾ നല്ല സ്വാദും മണവും ആണ് ചോറിനു) കുറച്ചു വറുത്ത സവാള ചേർക്കുക കറിവേപ്പില ചേർത്ത് മൂപ്പിക്കുക ഇതിലേക്ക് ഒരു അര റ്റീസ്പൂൺ പട്ട ഗ്രാമ്പു പൊടിച്ചത് ചെത്ത് ഇളക്കി അതിലേക്കു ; അരിഞ്ഞു വച്ച കാരറ്റ്, ഗ്രീൻ പീസ്, പൈനാപ്പിൾ ഇട്ടു നല്ലവണ്ണം ഇളക്കി പത്തു മിനിറ്റ് മൂടി വച്ച് വേവിക്കുക

    4 ) ഇതിലേക്ക് തിളച്ച വെള്ളവും ഉപ്പും ചേർത്ത് ഒന്ന് ഇളക്കി വെള്ളം തിളച്ചു വരുമ്പോൾ അതിലേക്കു കുതിർത്തു വച്ച അരി കഴുകി ഊറ്റി തിളച്ച വെള്ളത്തിലേക്ക് ചേർക്കുക; ഇളക്കി മൂടിവച്ച ചെറിയ തീയിൽ വേവിക്കുക; അരിയുടെ അളവും വെള്ളത്തിന്റെ ലെവലും തുല്യമാകുമ്പോൾ അതിലേക്കു വെന്തു കൊണ്ടിരിക്കുന്ന ചിക്കൻറെ മസാല 4 ടേബിൾ സ്പൂൺ എടുത്തു ചോറിലേക്കു മിക്സ് ചെയ്യുക; (ഇത് ചോറിന്റെ മണവും രുചിയും കൂടാൻ കാരണമാകും) നന്നായി യോജിപ്പിച്ചു റോസ് വാട്ടറും ചേർത്ത് ഇളക്കി വളരെ ചെറിയ തീയിൽ ധം ഇട്ടു വേവിക്കുക 90 % വേവ് ആയാൽ വെള്ളം വറ്റി വന്നാൽ തീ ഓഫ് ചെയ്യുക

    തീ ഓഫ് ചെയ്യുന്നതിന് അഞ്ചു മിനിറ്റ് മുൻപ് നാരങ്ങാ നീരിൽ ചാലിച്ച മഞ്ഞൾ പൊടി ചോറിനു മുകളിൽ ഒന്ന് വിതറി ഒഴിക്കുക എന്നേറ്റു മൂടി വച്ച് അഞ്ചു മിനിറ്റ് കൂടി വേവിക്കുക ഇത് ബിരിയാണി വളരെ ബംഗിയും രുചിയും ഉള്ളതാകാൻ സഹായിക്കും; കാരറ്റ് ന്റെ ഓറഞ്ചും ഗ്രീൻ പിസി ന്റെ പച്ച നിറവും ഈ മഞ്ഞൾ നേരിന്റെ അവിടെ ഇവിടെയുള്ള മഞ്ഞ നിറവും ചേരുമ്പോ കാണാനും ബാംഗിയാണ്… നല്ല രുചിയുമാണ്…

    5 ) ഇപ്പോൾ നമ്മുടെ ചിക്കൻ വെന്തു മസാലയെല്ലാം പിടിച്ചു വന്നീട്ടുണ്ടാകും; ഉപ്പും എരിവും നോക്കി ക്രമീകരിച്ചു നല്ല കട്ടിയുള്ള മസാലയാക്കി ഓഫ് ചെയ്യാം; മുളക് കുറവായി തോന്നിയാൽ കുരുമുളക് ചേർക്കുക
    6 ) ഇനി ഒരു ഇഡലി പാത്രമോ സ്റ്റീമറോ അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് തിളച്ചു ആവി വരുമ്പോൾ നേരത്തെ വാട്ടി വച്ച വാഴയില എടുത്തു അതിലേക്കു ഒരാൾക്ക് ആവശ്യമുള്ള ബിരിയാണി ചോറ് ചേർത്ത് അതിനു മുകളിൽ വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ കഷ്ണവും കുറച്ചു മസാലയും ചേർത്ത് ഇല ഞൊറിഞ്ഞു കിഴി കെട്ടുന്നത് പോലെ കൂട്ടി പിടിച്ചു വാഴനാരുകൊണ്ടു കെട്ടുക; ഇതുപോലെ 4 പേർക്കുള്ളതും കിഴികളായി കെട്ടി വയ്ക്കുക; ഈ കിഴികൾ ആവി വരുന്ന ഇഡലി പാത്രത്തിൽ തട്ട് വച്ച് അതിനു മുകളിൽ വച്ച് മൂടി വച്ച് പത്തു മിനിറ്റ് എങ്കിലും ചെറിയ തീയിൽ ആവിയിൽ വെന്തു ധം ആകട്ടെ …

    7 ) ഇപ്പോൾ ഇലയിൽ ഇരുന്നു പുഴുകി ആവിയിൽ വെന്തു നല്ല മണവും രുചിയും ഉള്ള ആവി പറക്കുന്ന ചിക്കൻ കിഴി ബിരിയാണി റെഡി… വിളമ്പുന്ന നേരത്തു കിഴി തുറന്നു റായ്‌തായും ഒരു തേങ്ങാ ചെമ്മന്തിയും അച്ചാറും കൂട്ടി കഴിക്കാം; കിഴി തുറക്കുമ്പോൾ കുറച്ചു സവാള വറുത്തതും മല്ലിയില അരിഞ്ഞതും മുകളിൽ വിതറാം….

    ഈ ബിരിയാണി വളരെ സ്വാദാണ് കേട്ടോ… ശ്രമിച്ചു നോക്കി അഭിപ്രയം പറയണം… ഇഫ്താർ പാർട്ടികളിലും ഈദ് ആഘോഷവേളയിലും ചെയ്തു നോക്കാൻ പറ്റിയ വിഭവമാണ്..

  • കപ്പ ബിരിയാണി  ഉണ്ടാക്കാം

    കപ്പ ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍

    കപ്പ- ഒരു കിലോ
    ചിരവിയ തേങ്ങ- അര മുറി
    പച്ചമുളക്- 6 എണ്ണം
    ഇഞ്ചി- 1 കഷണം
    ബീഫ് എല്ലോടു കൂടിയത്- ഒരു കിലോ
    മല്ലിപ്പൊടി- 4 ടീസ്പൂണ്‍
    മുളകുപൊടി- 4 ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
    മീറ്റ് മസാലപ്പൊടി- 2 ടീസ്പൂണ്‍
    സവാള വലുത്- 4 എണ്ണം
    വെളുത്തുള്ളി- 16 അല്ലി
    ചുവന്നുള്ളി- 8 എണ്ണം
    കുരുമുളക്- 1 ടീസ്പൂണ്‍
    ഗരം മസാല പൊടിച്ചത്- 1 ടീസ്പൂണ്‍
    ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക്- പാകത്തിന്

    ഉണ്ടാക്കുന്ന വിധം

    ബീഫ് കഴുകി പാകത്തിന് ഉപ്പ് രണ്ട് ടീസ്പൂണ്‍ മുളക് പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക.സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. ഇനി കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. എന്നിട്ട് കുറച്ചു കടുകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കുക. നന്നായി ഇളക്കണം.അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. കപ്പ ബിരിയാണി റെഡി.

  • മീന്‍ ബിരിയാണി ഉണ്ടാക്കാം

    മീന്‍ ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍:

    ദശക്കട്ടിയുള്ള മീന്‍ കഷണങ്ങള്‍ ആക്കിയത്- അര കിലോ

    ബസുമതി അരി-രണ്ടു കപ്പു

    ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ഒരു സ്പൂണ്‍

    ഇഞ്ചി ചതച്ചത്- ഒരു വലിയ കഷണം

    വെളുത്തുള്ളി ചതച്ചത്- അഞ്ചെണ്ണം

    പച്ചമുളക് ചതച്ചത്- നാലെണ്ണം

    തക്കാളി- ഒന്ന്

    സവാള അരിഞ്ഞത് -രണ്ടെണ്ണം

    മുളക് പൊടി -രണ്ടു സ്പൂണ്‍

    മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍

    മല്ലി പൊടി -രണ്ടു സ്പൂണ്‍

    കുരുമുളക് പൊടി -ഒരു സ്പൂണ്‍

    ബിരിയാണി മസാല -രണ്ടു സ്പൂണ്‍

    പെരും ജീരക പൊടി -കാല്‍ ടീസ്പൂണ്‍

    ഗ്രാമ്പൂ,കറുവപ്പട്ട,ഏലക്ക -എല്ലാം നാലെണ്ണം വീതം

    തൈര്-ഒരു സ്പൂണ്‍

    മല്ലിയില-ഒരു പിടി

    പുതിനയില ഒരു പിടി

    ഉപ്പു- പാകത്തിന്

    നാരങ്ങ നീര് -ഒരു വലിയ സ്പൂണ്‍

    നെയ്യ് -നാലു സ്പൂണ്‍

    കശുവണ്ടി, കിസ്മിസ് -അഞ്ചെണ്ണം വീതം

    തയ്യാറാക്കുന്ന വിധം:

    ബസുമതി അരി നന്നായി കഴുകുക. ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യ ചൂടാക്കി അതിലേക്കു പകുതി ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, എന്നിവ ചേര്‍ത്ത് ചെറുതായി വഴറ്റിയ ശേഷം കാല്‍ സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. ഇതില്‍ നാലു കപ്പു വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ കഴുകി വെച്ച അരി ഇടുക. അല്‍പ്പം ഉപ്പു ചേര്‍ക്കുക. പാകത്തിന് വേവിച്ചെടുക്കുക അധികം വെന്തു പോകരുത്.

    മീന്‍ കഷണങ്ങളില്‍ മുളക്, മഞ്ഞള്‍, കുരുമുളക്, മല്ലിപൊടി , ഇഞ്ചി -വെളുത്തുള്ളി അരച്ചത്‌, തൈര്,ഉപ്പു എന്നിവ പുരട്ടുക.അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം വറുത്തെടുക്കുക . പാനില്‍ നെയ്യ് ചൂടാക്കുക. അതിലേക്കു ബാക്കി പകുതി ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ബേ ലീവ്സ്‌ ,എന്നിവ വഴറ്റുക ഇതിലേക്ക് ചതച്ച ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റി പച്ച മണം മാറുമ്പോള്‍ സവാള, തക്കാളി വഴറ്റുക .ഇതിലേക്ക് മല്ലിയില, പുതിനയില ഇടുക .രണ്ടു മിനിറ്റ് നന്നായി വഴറ്റിയ ശേഷം മഞ്ഞള്‍ പൊടി ,മുളക് പൊടി , മല്ലി പൊടി , ബിരിയാണി മസാല, ഗരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. അല്‍പ്പം തൈര് ചേര്‍ക്കുക .മസാല നന്നായി വഴന്നു കഴിയുമ്പോള്‍ നാരങ്ങ നീര് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ക്കുക. വറുത്തു വെച്ച മീന്‍ കഷണങ്ങള്‍ കൂടി ഇട്ടു ചെറുതായി ഒന്ന് ഇളക്കുക. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കി ഒരു സവാള അരിഞ്ഞതും കിസ്മിസ്,അണ്ടിപ്പരിപ്പ് എന്നിവ വറുത്തെടുക്കുക.

    ഒരു വലിയ ബിരിയാണി ചെമ്പ് ചെറിയ തീയില്‍ വെക്കുക ആദ്യം കുറച്ചു ചോറ് ഇടുക. അതിനു മുകളില്‍ വറുത്ത സവാള, കിസ്മിസ് അണ്ടിപരിപ്പ് എന്നിവ കുറച്ചു വിതറുക അതിനു മുകളില്‍ തയ്യാറാക്കി വെച്ച മീന്‍ മസാല ഇടുക. വീണ്ടും ഇതേ പോലെ മൂന്നു ലെയര്‍ ആക്കുക ഏറ്റവും മുകളില്‍ ആയി ബാക്കി വറുത്ത സവാളയും മറ്റും വിതറി അല്‍പ്പം മല്ലിയിലയും വിതറി അടച്ചു വെച്ച ശേഷം ഒരു രണ്ടു മിനിറ്റ് കൂടി തീയില്‍ വെച്ച ശേഷം തീ ഓഫ്‌ ചെയ്യുക .ചൂടോടെ സലാഡ്, പപ്പടം എന്നിവയ്ക്കൊപ്പം കഴിക്കാം

  • ഫിഷ് ബിരിയാണി

    ഫിഷ് ബിരിയാണി

    ഫിഷ് ബിരിയാണി ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍:

    1.നല്ലയിനം ദശയുള്ള മത്സ്യം കഷ്ണങ്ങളാക്കിയത്-1 കി.ഗ്രാം

    2.സവാള(അരിഞ്ഞത്) – 4 എണ്ണം

    3.ഇഞ്ചി(ചതച്ചത്) – 2 കഷ്ണം

    4.ഉള്ളി – 3 കപ്പ്

    5.പച്ചമുളക് – 100 ഗ്രാം

    6.മസാലക്കൂട്ട്(പൊടിച്ചത്) – 2 സ്പൂണ്‍

    7.പെരുംജീരകം – 2 സ്പൂണ്‍

    8.ഉപ്പ് – പാകത്തിന്

    9.മുളക് പൊടി – 1 സ്പൂണ്‍

    10.മഞ്ഞള്‍പ്പൊടി – 1 സ്പൂണ്‍

    11.ബിരിയാണി അരി – 4 കി.ഗ്രാം

    12.നെയ്യ് – ആവശ്യത്തിന്

    13.തേങ്ങ – 1 എണ്ണം

    14.നാരങ്ങ – 1 എണ്ണം

    15.തൈര് – 1 കപ്പ്

    16.മല്ലിയില – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം:

    കഴുകി വെള്ളം നിശ്ശേഷം കളഞ്ഞ മീന്‍ കഷ്ണങ്ങളില്‍ 8,9,10 ചേരുവകള്‍ പുരട്ടി വയ്ക്കുക. അതിനുശേഷം അധികം മൂക്കാതെ മീന്‍ വറുത്തു കോരുക. 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചതച്ച് മല്ലിയില ചേര്‍ത്ത് തൈരില്‍ കലര്‍ത്തുക. സവാള അരിഞ്ഞത് ഉപ്പു ചേര്‍ത്ത ശേഷം വറുത്ത് തൈര് മിശ്രിതത്തില്‍ ചേര്‍ക്കുക. ഇതിനു മീതെ മീന്‍ കഷ്ണങ്ങള്‍ നിരത്തി അല്‍പ്പം വെള്ളം ഒഴിച്ച് 10 മിനിട്ട് വേവിക്കുക. ഒരു പാത്രത്തില്‍ അരി പകുതി വേവാകുമ്പോള്‍ വാലാന്‍ വയ്ക്കുക. വെള്ളം വാര്‍ന്നു കഴിയുമ്പോള്‍ തേങ്ങാപ്പാലും മസാലപ്പൊടിയും പെരുംജീരകം പൊടിച്ചതും നാരങ്ങാനീരും ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക.

    ആദ്യം ചോറ് മീതെ മീന്‍ മസാല വീണ്ടും ചോറ് എന്ന ക്രമത്തില്‍ വിളമ്പി ഉപയോഗിക്കാം.

    #fish #biriyani

  • മലബാർ ബീഫ് ബിരിയാണി

    ചേരുവകൾ
    ———-
    മസാല:
    ബീഫ് – 1 കിലോ

    ഓയിൽ – 3 ടേബിൾസ്പൂൺ

    ഉള്ളി – 5

    തക്കാളി – 3

    ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 4 ടേബിൾസ്പൂൺ

    ചില്ലി പേസ്റ്റ് – 1 ടേബിൾടസ്പൂൺ

    നാരങ്ങാനീര് – 1 ടിസ്പൂൺ

    മഞ്ഞൾപൊടി – അര ടിസ്പൂൺ

    കുരുമുളക്പൊടി – ഒന്നര ടിസ്പൂൺ

    ഗരം മസാല – 1 ടിസ്പൂൺ

    കറിവേപ്പില

    മല്ലി-പൊതിന ഇല

    ഉപ്പ്

    ചോറിനു:

    ജീരകശാല റൈസ് – 4ഗ്ലാസ്‌

    വെള്ളം – 6 ഗ്ലാസ്‌

    നെയ്യ് – 6 ടേബിൾസ്പൂൺ

    ലൈംജ്യൂസ്‌ – 1 ടിസ്പൂൺ

    കാരറ്റ് – 1 ചെറുത്

    ഏലക്ക – 2

    പട്ട -1

    ഗ്രാമ്പു – 6-7

    ബേലീഫ് – 1

    ഉപ്പ്

    ദം ഇടാൻ:

    ഉള്ളി – 1

    അണ്ടിപ്പരിപ്പ്, മുന്ദിരി

    നാരങ്ങാനീര് – 2 ടേബിൾസ്പൂൺ

    മഞ്ഞൾപൊടി – അര ടീസ്പൂൺ

    മല്ലി – പോതിനാ ഇല

    തയാറാക്കുന്ന വിധം
    ——————————–
    ബീഫ് 1 ടിസ്പൂൺ കുരുമുളക് പൊടി, കാൽ ടിസ്പൂൺ മഞ്ഞൾ പൊടി എന്നിവയും, ഉപ്പും ചേർത്ത് വേവിച്ചു വെക്കുക.

    എണ്ണ ചുടാക്കി ഉള്ളി വഴറ്റുക.നന്നായി വഴന്നു വന്നാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചില്ലി പേസ്റ്റ് ,തക്കാളി എന്നിവ ചേർത്ത് വഴറ്റുക. നന്നായി വഴന്നു വന്നാൽ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേര്ക്കുക. പിന്നെ ഗരം മസാല , കാൽ ടിസ്പൂൺ മഞ്ഞൾപൊടി, അര ടിസ്പൂൺ കുരുമുളക് പൊടി, ലൈം ജ്യൂസ്‌, വേപ്പില, മല്ലി – പോതിനാഇല എന്നിവ ചേർത്ത് വഴറ്റി , 5 മിന്ട്ട് അടച്ച് വച്ച് തേ ഓഫ്‌ ചെയ്യുക.

    ചോറിനു വേണ്ട വെള്ളം തിളപ്പിക്കുക. നെയ്യ് ചുടാക്കി ദം ഇടാൻ ആവശ്യമായ അണ്ടിപ്പരിപ്പ്, മുന്ദിരി എന്നിവ വറുത്തെടുക്കുക. ശേഷം ഉള്ളി നേര്മയായി അരിഞ്ഞു ഗോൾഡൻബ്രൗൺ ആകുന്നതുവരെ ഫ്രൈ ചെയ്തു മാറ്റി വെക്കുക. അതേ എണ്ണയിൽ ഏലക്ക, പട്ട, ഗ്രാമ്പു, ബേലീഫ് എന്നിവ ചേർത്ത് ഇളക്കി കഴുകി വച്ച അരി ചേർത്ത്2-3 മിനിറ്റ് വരുക്കുക.പിന്നെ തിളയ്ക്കുന്ന വെള്ളം, ഉപ്പ് ലൈംജ്യൂസ്‌ , കാരറ്റ് അരിഞ്ഞത്‌ എന്നിവ ചേർത്ത് ഇളക്കി അടച്ചു വെക്കുക. നന്നായി തിളക്കുമ്പോൾ തീ കുറച്ചു വെക്കണം. 2 മിന്ട്ട് കഴിഞ്ഞ് ഇളക്കികൊടുത്തു ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക.

    ദം ഇടാനായി പാത്രം ചുടാക്കുക. അടിഭാഗത്ത്‌ മസാല നിരത്തുക. അതിനു മുകളിൽപകുതി ചോറു ചേര്ക്കുക. ശേഷം മല്ലി – പോതിനാ ഇല , അണ്ടി- മുന്ദിരി, ഉള്ളി എന്നിവ നിരത്തുക. പിന്നെ നാരങ്ങാനീരിൽ മഞ്ഞൾപൊടി കലക്കിയത് പകുതി ചേർക്കുക. ബാക്കി ചോറ് കു‌ടെ ചേർത്ത് നേരത്തെ ചെയ്തപോലെ ബാക്കിയുള്ളവ ചേർക്കുക. അടച്ചു വച്ച് 6-7 മിനിറ്റ് വളരെ ചെറിയ തീയിൽ വെക്കുക.

  • കോഴിക്കോടന്‍ ചിക്കൻ ബിരിയാണി kozhikodan chicken biriyani

    ആവശ്യമുള്ള സാധനങ്ങള്‍:

    1.ബസ്മതി അരി – ഒരു കിലോ

    2.നെയ്യ് – 250 ഗ്രാം

    3.ഗ്രാമ്പൂ – നാല്

    4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍

    5.ഏലക്ക – 3 എണ്ണം

    6.അണ്ടിപ്പരിപ്പ് -10 എണ്ണം

    7.കിസ്മിസ്‌ – ഒരു വലിയ സ്പൂണ്‍

    8.സവാള – അര കപ്പ്‌ കനം കുറഞ്ഞു അരിഞ്ഞത്‌

    9.വെള്ളം -ആവശ്യത്തിന്

    10.ഉപ്പ് – പാകത്തിന്

    11.കോഴി ഇറച്ചി – ഒരു കിലോ

    12.പച്ചമുളക് – 100ഗ്രാം

    13.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍

    14.മല്ലിയില ,പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – മൂന്ന് ടേബിള്‍സ്പൂണ്‍

    15.നാരങ്ങ നീര് – രണ്ടു വലിയ സ്പൂണ്‍

    16.കസ് കസ്(പോപ്പി സീഡ്‌ ) – രണ്ടു ടേബിള്‍സ്പൂണ്‍(വെള്ളത്തില്‍ പത്ത്‌ മിനുട്ട് കുതുര്‍ത്ത് വെക്കുക ,പിന്നീട് പേസ്റ്റ് ആക്കുക )

    17.തൈര് – ഒരു കപ്പ്‌

    18. ഏലക്ക -6

    ജാതിക്ക -കാല്‍ കഷണം

    ജാതിപത്രി -ഒരു വലിയ സ്പൂണ്‍

    ഗ്രാമ്പൂ -4

    പട്ട -1

    പെരുംജീരകം-ഒരു വലിയ സ്പൂണ്‍
    ( ഇവ നന്നായി പൊടിച്ചെടുക്കുക .ഇതാണ് ബിരിയാണി മസാല കൂട്ട്)

    19.മുട്ട പുഴുങ്ങിയത് – രണ്ട്

    20.ഉപ്പ് – പാകത്തിന്

    21.കോഴി കഷണങ്ങള്‍ മാരിനറ്റ്‌ ചെയ്യുവാന്‍

    മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍

    മുളക് പൊടി – ഒരു ടി സ്പൂണ്‍

    ഉപ്പ് – പാകത്തിന്

    22.കറി വേപ്പില – ഒരു തണ്ട്

    23.മല്ലിയില അരിഞ്ഞത് – കുറച്ചു

    തയ്യാറാക്കുന്ന വിധം:

    *ചിക്കന്‍ മഞ്ഞള്‍ ,മുളക് പൊടി, ഉപ്പ് ഇവ തേച്ച് പിടുപ്പിച്ചു അര മണിക്കൂര്‍ മാറ്റി വെക്കുക .(ഫ്രിഡ്ജില്‍ വെക്കുന്നതാണ് നല്ലത് )

    *ബിരിയാണി അരി നെയില്‍ വറുത്തു ശേഷം ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും ചേര്‍ത്ത് തിളപ്പിക്കുക .(ഒരു കപ്പ്‌ അരിക്ക് രണ്ടു കപ്പ്‌ വെള്ളം എന്ന കണക്കില്‍ ).

    *അരി പകുതി വേവാകുമ്പോള്‍ വാര്‍ത്തെടുതത് ഒരു പരന്ന പത്രത്തില്‍ നിരത്തി തണുക്കാന്‍ വെക്കുക .

    *ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ അണ്ടിപ്പരിപ്പ്,കിസ്മിസ്‌ ഇവ വറുത്തു കോരുക .

    *അതെ നെയ്യില്‍ തന്നെ പകുതി സവാള നല്ല കരുകരുപ്പായി വറക്കുക. മാറ്റി വെച്ച ശേഷം ആവശ്യമെങ്കില്‍ കുറച്ചു നെയ്യ് കൂടി ചേര്‍ത്ത് മരിനറ്റ്‌ ചെയ്ത ചിക്കന്‍ വറുത്തു മാറ്റുക .(മൊരിയേണ്ട ആവശ്യമില്ല )

    *അതെ നെയ്യില്‍ ബാകി സവാള വഴറ്റുക .ഈ നെയ്യ്‌ പിന്നിട് ആവശ്യമായി വരും .

    *ഒരു ബിരിയാണി ചെമ്പില്‍ അല്പം നെയ്യ് ഒഴിച്ച് അതില്‍ സവാള വഴട്ടിയത് ,കോഴിയിറച്ചി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മല്ലി -പുതിനയില പേസ്റ്റ് ,നാരങ്ങ നീര് ,കറി വേപ്പില ,മല്ലി അരച്ചത്‌ ,പോപ്പി സീഡ്‌ അരച്ചത്‌ ,തൈര് ,ബിരിയാണി മസാല പൊടിച്ചതില്‍ പകുതി ,പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം .ഇതു ചെറിയ തീയില്‍ വേവാന്‍ അനുവദിക്കുക .ചിക്കന്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ തീ അണക്കുക.

    *ഇതിനു മുകളില്‍ വെന്ത ചോറില്‍ പകുതി നിരത്തുക .

    *ഇതിനു മീതെ വറുത്തു കോരിയ സവാള ,അണ്ടിപ്പരിപ്പ്,എന്നിവയും ബാക്കി ബിരിയാണി മസാല പൊടിയും വിതറുക .ഇതിനു മീതെ ബാകി ചോറ് നിരത്തുക . സവാള വഴറ്റിയ നെയ്യ് ഇതിനു മുകളില്‍ ഒഴിക്കുക .

    *ചെമ്പ് ,അടപ്പ് കൊണ്ട് അടക്കുക .ആവി പുറത്തു പോകാതിരിക്കാന്‍ വേണ്ടി അടപ്പിന് ചുറ്റും മൈദാ മാവ് കുഴച്ചു ഒട്ടിക്കുക .15 മിനുട് വേവിക്കുക (150 ഡിഗ്രി സെല്‍ഷ്യസ്).(അടുപ്പിലാണ്നെങ്കില്‍ പത്തോ പന്ത്രണ്ടോ ചിരട്ട കത്തിച്ചു ആ തീയില്‍ 15 മിനുട് വേവിച്ചു പിന്നീട് തീ അണച്ച് ആ കനലില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കണം )

    *ഇതിനുശേഷം അടപ്പ് തുറന്നു എല്ലാം കൂടി ഇളക്കി മുകളില്‍ മുട്ട പുഴുങ്ങി യതും മല്ലിയിലയും തൂവി ചൂടോടു കൂടി ഉപയോഗിക്കാം .

    *തൈര് -ഉള്ളി സലാട് ,നാരങ്ങ അച്ചാര്‍,പപ്പടം എന്നിവ ഈ ബിരിയാണിയുടെ സൈഡ് ഡിഷ്‌ ആയി കഴിക്കാവുന്നതാണ്

  • തലശ്ശേരി ബിരിയാണി

    ചേരുവകള്‍
    >>>>>>>>>>>>>>>>>>>>>

    1. കോഴി ഇറച്ചി- ഒരു കിലോ
    2. ബിരിയാണി അരി- 3 കപ്പ്‌
    3. നെയ്യ്- 3 ടേബിള്‍ സ്പൂണ്‍
    4. വെജിറ്റബിള്‍ ഓയില്‍ – 5 ടേബിള്‍ സ്പൂണ്‍
    5. വെളുത്തുള്ളി- 8 വലിയ അല്ലി
    6. പച്ചമുളക്- 12 എണ്ണം ( എരിവ് അനുസരിച്ച്)
    7. ഇഞ്ചി- 2 ഇഞ്ച് കഷ്ണം
    8. തക്കാളി- 3 വലുത്
    9. സവാള- 5 വലുത്
    10. പുതിനയില- 3 തണ്ട്
    11. മല്ലിയില – ഒരു കപ്പ്‌
    12. ഗരം മസാല- ഒന്നര ടേബിള്‍ സ്പൂണ്‍
    13. കറുവപ്പട്ട- 6
    14. ഏലയ്ക്ക- 10
    15. തക്കോലം – 3
    16. ഗ്രാമ്പൂ- 10 ഗ്രാം
    17. കുരുമുളക് – ഒരു ടീസ്പൂണ്‍
    18. ചെറുനാരങ്ങ- ഒരെണ്ണം
    19. ഉപ്പ്- പാകത്തിന്
    20. ഉണക്കമുന്തിരി- 20 ഗ്രാം
    21. അണ്ടിപ്പരിപ്പ്- 25 ഗ്രാം

    പാകം ചെയ്യുന്ന വിതം
    മസാല തയ്യാറാക്കാന്‍: ഒരു നോണ്‍ സ്റ്റിക് പാത്രത്തില്‍ എണ്ണ ഒഴിച്ച് ചുടാക്കിയതിലേക്ക് ചെറുതായി അരിഞ്ഞ 4 സവാള ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ കഷ്ണങ്ങളാക്കിയ തക്കാളിയും ചേര്‍ത്തിളക്കുക. തക്കാളി നന്നായി വെന്തുടയുമ്പോള്‍ അതിലേക്ക് മല്ലിയിലയും പുതിനയും ചേര്‍ത്ത് ഇളക്കി കഷ്ണങ്ങളാക്കിയ കോഴിയിറച്ചി, ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് വേവിക്കുക. കോഴിയിറച്ചി മുക്കാലും വെന്തതിനുശേഷം അര ടേബിള്‍സ്പൂണ്‍ ഗരംമസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കി മാറ്റിവെക്കുക.

    റൈസ് തയ്യാറാക്കുന്ന വിധം: പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് ഒരു സവാള അരിഞ്ഞതു ചേര്‍ത്ത് വഴറ്റുക. കഴുകി വെള്ളം വാര്‍ന്ന അരി ഇതിലേക്ക് ഇട്ടു ഒന്ന് വറക്കുക. 6 കപ്പ്‌ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റി തീരുന്നത് വരെ വേവിക്കുക. അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയും റൈസും 2-3 ലയെര്‍ ആയി സെറ്റ്‌ ചെയ്തു അര മണിക്കൂര്‍ ദം ചെയ്‌തെടുക്കുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള എന്നിവ മുകളില്‍ വിതറി അലങ്കരിക്കുക