മീന്‍ ബിരിയാണി ഉണ്ടാക്കാം

Advertisement

ചേരുവകള്‍:

ദശക്കട്ടിയുള്ള മീന്‍ കഷണങ്ങള്‍ ആക്കിയത്- അര കിലോ

ബസുമതി അരി-രണ്ടു കപ്പു

ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ഒരു സ്പൂണ്‍

ഇഞ്ചി ചതച്ചത്- ഒരു വലിയ കഷണം

വെളുത്തുള്ളി ചതച്ചത്- അഞ്ചെണ്ണം

പച്ചമുളക് ചതച്ചത്- നാലെണ്ണം

തക്കാളി- ഒന്ന്

സവാള അരിഞ്ഞത് -രണ്ടെണ്ണം

മുളക് പൊടി -രണ്ടു സ്പൂണ്‍

മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍

മല്ലി പൊടി -രണ്ടു സ്പൂണ്‍

കുരുമുളക് പൊടി -ഒരു സ്പൂണ്‍

ബിരിയാണി മസാല -രണ്ടു സ്പൂണ്‍

പെരും ജീരക പൊടി -കാല്‍ ടീസ്പൂണ്‍

ഗ്രാമ്പൂ,കറുവപ്പട്ട,ഏലക്ക -എല്ലാം നാലെണ്ണം വീതം

തൈര്-ഒരു സ്പൂണ്‍

മല്ലിയില-ഒരു പിടി

പുതിനയില ഒരു പിടി

ഉപ്പു- പാകത്തിന്

നാരങ്ങ നീര് -ഒരു വലിയ സ്പൂണ്‍

നെയ്യ് -നാലു സ്പൂണ്‍

കശുവണ്ടി, കിസ്മിസ് -അഞ്ചെണ്ണം വീതം

തയ്യാറാക്കുന്ന വിധം:

ബസുമതി അരി നന്നായി കഴുകുക. ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യ ചൂടാക്കി അതിലേക്കു പകുതി ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, എന്നിവ ചേര്‍ത്ത് ചെറുതായി വഴറ്റിയ ശേഷം കാല്‍ സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. ഇതില്‍ നാലു കപ്പു വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ കഴുകി വെച്ച അരി ഇടുക. അല്‍പ്പം ഉപ്പു ചേര്‍ക്കുക. പാകത്തിന് വേവിച്ചെടുക്കുക അധികം വെന്തു പോകരുത്.

മീന്‍ കഷണങ്ങളില്‍ മുളക്, മഞ്ഞള്‍, കുരുമുളക്, മല്ലിപൊടി , ഇഞ്ചി -വെളുത്തുള്ളി അരച്ചത്‌, തൈര്,ഉപ്പു എന്നിവ പുരട്ടുക.അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം വറുത്തെടുക്കുക . പാനില്‍ നെയ്യ് ചൂടാക്കുക. അതിലേക്കു ബാക്കി പകുതി ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ബേ ലീവ്സ്‌ ,എന്നിവ വഴറ്റുക ഇതിലേക്ക് ചതച്ച ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റി പച്ച മണം മാറുമ്പോള്‍ സവാള, തക്കാളി വഴറ്റുക .ഇതിലേക്ക് മല്ലിയില, പുതിനയില ഇടുക .രണ്ടു മിനിറ്റ് നന്നായി വഴറ്റിയ ശേഷം മഞ്ഞള്‍ പൊടി ,മുളക് പൊടി , മല്ലി പൊടി , ബിരിയാണി മസാല, ഗരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. അല്‍പ്പം തൈര് ചേര്‍ക്കുക .മസാല നന്നായി വഴന്നു കഴിയുമ്പോള്‍ നാരങ്ങ നീര് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ക്കുക. വറുത്തു വെച്ച മീന്‍ കഷണങ്ങള്‍ കൂടി ഇട്ടു ചെറുതായി ഒന്ന് ഇളക്കുക. മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കി ഒരു സവാള അരിഞ്ഞതും കിസ്മിസ്,അണ്ടിപ്പരിപ്പ് എന്നിവ വറുത്തെടുക്കുക.

ഒരു വലിയ ബിരിയാണി ചെമ്പ് ചെറിയ തീയില്‍ വെക്കുക ആദ്യം കുറച്ചു ചോറ് ഇടുക. അതിനു മുകളില്‍ വറുത്ത സവാള, കിസ്മിസ് അണ്ടിപരിപ്പ് എന്നിവ കുറച്ചു വിതറുക അതിനു മുകളില്‍ തയ്യാറാക്കി വെച്ച മീന്‍ മസാല ഇടുക. വീണ്ടും ഇതേ പോലെ മൂന്നു ലെയര്‍ ആക്കുക ഏറ്റവും മുകളില്‍ ആയി ബാക്കി വറുത്ത സവാളയും മറ്റും വിതറി അല്‍പ്പം മല്ലിയിലയും വിതറി അടച്ചു വെച്ച ശേഷം ഒരു രണ്ടു മിനിറ്റ് കൂടി തീയില്‍ വെച്ച ശേഷം തീ ഓഫ്‌ ചെയ്യുക .ചൂടോടെ സലാഡ്, പപ്പടം എന്നിവയ്ക്കൊപ്പം കഴിക്കാം