Blog

  • നാടന്‍ താറാവുകറി

    നാടന്‍ താറാവുകറി

    ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ടതാണ് താറാവ് ഇറച്ചിയും. താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്.

    നാടന്‍ താറാവുകറി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍:

    താറാവ് ഇറച്ചി 1 കിലോ

    ചെറിയ ഉള്ളി 10 എണ്ണം

    ഇഞ്ചി 1 വലിയ കഷ്ണം

    വെളൂത്തുള്ളി 10 എണ്ണം

    കുരുമുളക് 1 ടീ സ്പൂണ്

    പെരുജീരകം പൊടിച്ചത് 1 ടീ സ്പൂണ്

    സവാള 1 എണ്ണം

    തക്കാളി 2 എണ്ണം

    മഞ്ഞള്‍ പൊടി 1/4 ടീ സ്പൂണ്‍

    മുളക് പൊടി 1ടീസ്പൂണ്

    തേങ്ങാപാല്‍(ഒന്നാം പാല്‍) 1 കപ്പ്

    തേങ്ങാപാല്‍(രണ്ടാം പാല്‍) 2 കപ്പ്

    കറിവേപ്പില 2 തണ്ട്

    തയാറാക്കുന്ന വിധം:

    ഒരു പാത്രം അടുപ്പില്‍ വെച്ച് തേങ്ങാപാലില്‍ (രണ്ടാം പാല്‍) ഇറച്ചി, മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.

    ശേഷം ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക.

    പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള, തക്കാളി ,  എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെക്കാം.

    രുചികരമായ  നാടന്‍ താറാവുകറി റെഡി. ഇത് ചോറിനൊപ്പമോ അപ്പത്തിനൊപ്പമോ ചപ്പാത്തിക്ക് ഒപ്പമോ ഒക്കെ കഴിക്കാം.

    ഈ റെസിപ്പി ഇഷ്ടമായെങ്കില്‍ ഷെയര്‍ എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ കൂട്ടുകാര്‍ക്കും അയക്കൂ..

  • ചിക്കന്‍ റോള്‍

    ചിക്കന്‍ റോള്‍

    ചിക്കന്‍ റോള്‍ ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍:

    • എല്ലില്ലാത്ത ചിക്കന്‍ – 250 ഗ്രാം
    • സവാള – 1 എണ്ണം
    • പച്ചമുളക് – 1-2 എണ്ണം
    • വെളുത്തുള്ളി – 3-4 അല്ലി (ചെറുതായി അരിയണം)
    • ഇഞ്ചി – ചെറിയ ഒരു കഷ്ണം
    • മഞ്ഞള്‍ പൊടി – 1 നുള്ള്
    • കുരുമുളക് പൊടി – ½ ടീസ്പൂണ്‍
    • ഗരം മസാല – ½ ടീസ്പൂണ്‍
    • ചിക്കന്‍ മസാല – 1 ടീസ്പൂണ്‍
    • കറിവേപ്പില – 1 തണ്ട്
    • വെളിച്ചെണ്ണ
    • മല്ലിയില – കുറച്ച്
    • ഉപ്പ്

    റോള്‍ ഉണ്ടാക്കാന്‍:

    • മൈദ -1/2 കപ്പ്
    • ഉപ്പ്
    • വെള്ളം ആവശ്യത്തിന്
    • ബ്രഡ് പൊടി(bread crumbs)
    • വെളിച്ചെണ്ണ ആവശ്യത്തിന്
    • മുട്ട – 2 എണ്ണം

    ഉണ്ടാക്കുന്ന വിധം :

    ചിക്കന്‍ മഞ്ഞള്‍പൊടിയും, ഉപ്പും കുറച്ചു വെള്ളം ചേര്‍ത്തു വേവിക്കുക.

    ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണയൊഴിച്ചു സവാള, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക.

    ഇതിലേക്ക് ചിക്കന്‍ മസാല, ഗരം മസാല, കുരുമുളക് പൊടി എന്നിവ കൂടി ചേര്‍ത്തു നന്നായി വഴറ്റുക.

    ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കന്‍, ചെറിയ കഷണങ്ങള്‍ ആക്കി ഇട്ടു നന്നായി ഇളക്കുക. മസാലകള്‍ എല്ലാം ചിക്കനില്‍ നന്നായി ചേര്‍ന്നാല്‍, മല്ലിയില ചേര്‍ത്തു അടുപ്പില്‍ നിന്നും വാങ്ങി ചൂടാറാന്‍ വെക്കുക.

    വേറൊരു പാത്രത്തില്‍ മൈദയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു കലക്കുക.

    ഒരു പാന്‍ അടുപ്പില്‍ വെച്ച് ഓരോ തവി വീതം ഒഴിച്ച് ദോശ പോലെ ചുട്ടെടുക്കുക.ഓരോ ദോശയുടെ ഉള്ളിലും അല്പം മസാലക്കൂട്ട് വെച്ച് റോള്‍ ചെയ്തു എടുക്കുക.

    ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കി, ഒരോ റോളും എടുത്ത് മുട്ടയില്‍ മുക്കി, അതിനു ശേഷം ബ്രഡ്ക്രംസിലും ഒന്ന് തട്ടിപ്പൊത്തി ബ്രൌണ്‍ നിറമാകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്തെടുക്കുക. ഇതു റ്റൊമാറ്റൊ സോസിനൊപ്പം കഴിക്കാം.

  • മിച്ചർ

    മിച്ചർ

    മിക്ക മലയാളികള്‍ക്കും ഇഷ്ടമുള്ള ഒരു നാലുമണി സ്നാക്സ് ആണ് മിച്ചര്‍. അവ ഉണ്ടാക്കാന്‍ ആരും അങ്ങനെ മെനക്കെടാറില്ല. ബേക്കറികളില്‍ നിന്നും വാങ്ങുകയാണ് ചെയ്യാറ്. എന്നാല്‍ രുചികരമായ മിച്ചര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.

    മിച്ചര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:

    • കടലമാവ് – 1 കപ്പ്‌
    • അരിപ്പൊടി – 1/4 കപ്പ്‌
    • മുളകുപൊടി – 1 ടീസ്പൂണ്‍
    • കായപ്പൊടി – 1/2 ടീസ്പൂണ്‍
    • കളർ – 1 നുള്ള്
    • ഉപ്പ്

    ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.

    • കടലമാവ് – 2 ടീസ്പൂണ്‍
    • കായപ്പൊടി – 1 നുള്ള്
    • ഉപ്പ്
    • കളർ – 1 നുള്ള്
    • വെള്ളം

    ഇവ എല്ലാം കൂടി ഇഡഡലി മാവിന്റെ അയവിൽ യോജിപ്പിച്ച് അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്ത് കോരുക.

    • വെള്ളുള്ളി – 4 അല്ലി
    • കറിവേപ്പില – 1 പിടി
    • ഗ്രീൻബീസ് – 4 ടീസ്പൂണ്‍
    • പൊട്ടുകടല – 4 ടീസ്പൂണ്‍
    • കപ്പലണ്ടി – 4 ടീസ്പൂണ്‍

    ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കുക.ഒരു വലിയ പാത്രത്തിൽ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ്‍ മുളക്പൊടിയും 1/4 ടീസ്പൂണ്‍ കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചർ റെഡി.

  • ഫിഷ് ബിരിയാണി

    ഫിഷ് ബിരിയാണി

    ഫിഷ് ബിരിയാണി ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍:

    1.നല്ലയിനം ദശയുള്ള മത്സ്യം കഷ്ണങ്ങളാക്കിയത്-1 കി.ഗ്രാം

    2.സവാള(അരിഞ്ഞത്) – 4 എണ്ണം

    3.ഇഞ്ചി(ചതച്ചത്) – 2 കഷ്ണം

    4.ഉള്ളി – 3 കപ്പ്

    5.പച്ചമുളക് – 100 ഗ്രാം

    6.മസാലക്കൂട്ട്(പൊടിച്ചത്) – 2 സ്പൂണ്‍

    7.പെരുംജീരകം – 2 സ്പൂണ്‍

    8.ഉപ്പ് – പാകത്തിന്

    9.മുളക് പൊടി – 1 സ്പൂണ്‍

    10.മഞ്ഞള്‍പ്പൊടി – 1 സ്പൂണ്‍

    11.ബിരിയാണി അരി – 4 കി.ഗ്രാം

    12.നെയ്യ് – ആവശ്യത്തിന്

    13.തേങ്ങ – 1 എണ്ണം

    14.നാരങ്ങ – 1 എണ്ണം

    15.തൈര് – 1 കപ്പ്

    16.മല്ലിയില – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം:

    കഴുകി വെള്ളം നിശ്ശേഷം കളഞ്ഞ മീന്‍ കഷ്ണങ്ങളില്‍ 8,9,10 ചേരുവകള്‍ പുരട്ടി വയ്ക്കുക. അതിനുശേഷം അധികം മൂക്കാതെ മീന്‍ വറുത്തു കോരുക. 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചതച്ച് മല്ലിയില ചേര്‍ത്ത് തൈരില്‍ കലര്‍ത്തുക. സവാള അരിഞ്ഞത് ഉപ്പു ചേര്‍ത്ത ശേഷം വറുത്ത് തൈര് മിശ്രിതത്തില്‍ ചേര്‍ക്കുക. ഇതിനു മീതെ മീന്‍ കഷ്ണങ്ങള്‍ നിരത്തി അല്‍പ്പം വെള്ളം ഒഴിച്ച് 10 മിനിട്ട് വേവിക്കുക. ഒരു പാത്രത്തില്‍ അരി പകുതി വേവാകുമ്പോള്‍ വാലാന്‍ വയ്ക്കുക. വെള്ളം വാര്‍ന്നു കഴിയുമ്പോള്‍ തേങ്ങാപ്പാലും മസാലപ്പൊടിയും പെരുംജീരകം പൊടിച്ചതും നാരങ്ങാനീരും ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക.

    ആദ്യം ചോറ് മീതെ മീന്‍ മസാല വീണ്ടും ചോറ് എന്ന ക്രമത്തില്‍ വിളമ്പി ഉപയോഗിക്കാം.

    #fish #biriyani

  • ചെമ്മീന്‍ പുട്ട്

    ചെമ്മീന്‍ പുട്ട്

    ചെമ്മീന്‍ പുട്ട് ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:

    • വറുത്ത അരിപ്പൊടി – ഒരു കപ്പ്‌
    • തേങ്ങപ്പീര – ഒരു കപ്പ്‌
    • ഉപ്പ് – പാകത്തിന്
    • വെള്ളം – പൊടി നനക്കാന്‍ ആവശ്യത്തിന്
    • വൃത്തിയാക്കിയ ചെമ്മീന്‍ – അര കപ്പ്‌
    • സവാള – ഒരെണ്ണം
    • തക്കാളി – ഒരെണ്ണം
    • വെളുത്തുള്ളി – മൂന്നോ നാലോ അല്ലി
    • ഇഞ്ചി – ഒരിഞ്ചു നീളത്തില്‍
    • പച്ചമുളക് – ഒന്ന്
    • മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍
    • മുളകുപൊടി – അര ടീസ്പൂണ്‍
    • ഗരം മസാല – അര ടീ സ്പൂണ്‍
    • ഉപ്പ് – പാകത്തിന്
    • മല്ലിയില
    • കറിവേപ്പില – കുറച്ച്
    • എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍

    പാകം ചെയ്യുന്ന വിധം :

    • അരിപ്പൊടി തേങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനു നനക്കുന്നത് പോലെ നനച്ചു വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു ഒന്നുകൂടി നന്നായി തിരുമ്മി യോജിപ്പിച്ചാല്‍ നല്ല മയവും സ്വാദും ഉണ്ടാവും. അതുകൊണ്ട് പൊടി നനച്ചു വെച്ചിട്ട് ചെമ്മീന്‍ തയ്യാറാക്കിയാല്‍ മതി.
    • സവാള, പച്ചമുളക്, വെളുത്തുള്ളി , ഇഞ്ചി, തക്കാളി എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക . ചൂടായ എണ്ണയില്‍ അരിഞ്ഞു വച്ചിരിക്കുന്നവ ചേര്‍ത്ത് വഴന്നു വരുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ശേഷം ചെമ്മീനും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് , മൂടി വെച്ച് വേവിക്കുക. ചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുക . മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് അല്‍പ്പസമയം അടച്ചു വെക്കുക.
    • ഇനി പുട്ടുകുറ്റിയില്‍ നനച്ചു വെച്ചിരിക്കുന്ന അരിപ്പൊടി ഇടുക. പുട്ടിനു പീര പോലെ എന്ന പ്രയോഗം മാറ്റി , പുട്ടിനു ചെമ്മീന്‍ പോലെ എന്നാക്കിക്കോളൂ… എന്നിട്ട് ആവി കേറ്റി എടുത്തോളൂ, വേറെ കറിയൊന്നും വേണ്ട ഈ പുട്ടിന്…!

    #chemmeen #puttu

  • ചട്ടിപ്പത്തിരി

    ചട്ടിപ്പത്തിരി

    ചേരുവകൾ

    ••••••••••••

    ചിക്കെൻ 1/2 kg

    ഉള്ളി വലുത് 2 എണ്ണം

    മൈതാ 250 ഗ്രാം

    ഓയിൽ 2 ടീസ്പൂൺ

    പച്ചമുളക് 6 എണ്ണം

    ഇഞ്ചി 1 കഷ്ണം

    വെളുത്തുള്ളി 5 അല്ലി

    കരിവേപ്പില

    മല്ലിയില

    നെയ്യ് 2 ടേബിൾ സ്പൂൺ

    മുളക് പൊടി 1/2 ടീസ്‌പൂൺ

    മഞ്ഞൾ പൊടി കാൽ ടീസ്‌പൂൺ

    മല്ലിപൊടി 1/2 ടീസ്‌പൂൺ

    ഗരംമസാല പൊടി 1/2 ടീസ്‌പൂൺ

    എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം

    ആദ്യത്തെ പാർട്ട്….. മൈദ ഉപ്പും ഒരു മുട്ടയും ചേർത്ത് കലക്കി ലൂസ് മാവാക്കി പാനിൽ ഓരോന്നായി ചുട്ടെടുക്കക ഒട്ടാകെ 10 എണ്ണം….

    ചിക്കെൻ മഞ്ഞൾ മുളക് മല്ലി ഗരംമസാല പൊടി ചേർത്ത് അര ടീസ്പൂൺ വീതം ചേർത്ത് പാകത്തിനു വെള്ളം ഒഴിച്ച് വേവിച് മിക്സിയിൽ ഒതുക്കി മാറ്റി വെക്കുക…..

    ഒരു ചീന ചട്ടിയിൽ 2 ടീസ്പൂൺ ഓയിൽ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്ത് പച്ചമണം മാറുന്നവരെ വഴറ്റുക അതിലേക് സവാള ചേർക്കുക ശേഷം ഇലകളും മഞ്ഞളും ഗരം മസാലയും ചേർത്ത് അടച്ച് വെക്കുക… അതിലേക് ചിക്കെൻ ഇട്ട് ഇളക്കി എടുത്താൽ മസാല റെഡി..

    4 മുട്ട 2 പച്ചമുളക് ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി പ്ലേറ്റിൽ ഒഴിച്ച് വെക്കുക..

    ചുവടുകട്ടിയുള്ള പാത്രത്തിൽ 1 ടേബിൾ നെയ്യ് ഒഴിച്ച് ചുറ്റിച്ച് ഒരു ദോശയെടുത്ത് മുട്ട കൂട്ടിൽ മുക്കി പാത്രത്തിൽ വെച്ച് മസാല കുറച്ച് മുകളിൽ ഇട്ടു കൊടുക്കുക… വീണ്ടും മുട്ടയിൽ മുക്കി ദോശ വെച്ച് കൊടുക്കുക. അങ്ങനെ എല്ലാം വെച്ച് മുകളിൽ ദോശ വന്നാൽ ബാക്കി മുട്ട കൂട്ട് സൈഡിൽ ഒഴിച്ച് കൊടുത്ത് 15 മിനിട്ട് നേരിയ തീയിൽ അടച്ച് വെക്കുക. തുറന്ന് ഒരു പ്ലേറ്റിൽ കുറച്ച് നെയ്യ് തടവി മറിച്ചിടുക.. വീണ്ടും 1 ടേബിൾ നെയ്യ് പാത്രത്തിൽ ഒഴിച്ച് പ്ലേറ്റിൽ ഒരു ഭാഗം ആയത് തിരിച്ചിട്ട് 5 മിനിട്ട് വേവിച്ചെടുക്കുക. .. ചട്ടിപതിരി റെഡി….

  • വാഴക്കുടപ്പന്‍

    വാഴക്കുടപ്പന്‍

    ഏതുകാലത്തും കിട്ടുന്നതാണ് വാഴപ്പഴം വാഴ നട്ടുവളർത്തിയാൽ ഗുണം തന്നെ വാഴയുടെ പഴം മാത്രമല്ല ഉപയോഗപ്രദം വാഴയില ഏറ്റവും ഉപയോഗമുള്ള ഒന്നു തന്നെ. പിന്നെയാണ് കാമ്പും കൂമ്പും ഒക്കെ വരുന്നത്.

    പലരും വാഴയിലയും പഴവും അല്ലെങ്കിൽ കായയും മാത്രമെടുത്ത് കൂമ്പും കാമ്പും ഉപേക്ഷിക്കും. വാഴക്കുലയുടെ അടിയിൽ ഉള്ള/ അറ്റത്തുള്ള പൂവ് അല്ലെങ്കിൽ കൂമ്പ് കൊണ്ട് ഉപ്പേരി/തോരൻ വച്ച് അതും കൂട്ടി നല്ല സ്വാദോടെ ഊണുകഴിക്കാം. ആരോഗ്യത്തിനും നല്ലതുതന്നെ.


    150px-Colbanana06

    വാഴക്കൂമ്പ് – ഒന്ന്. ചിത്രത്തിൽ ഉള്ളപോലെ. 
    ഉഴുന്നുപരിപ്പ് – രണ്ട് ടീസ്പൂൺ
    കടുക് – കുറച്ച്
    ചുവന്ന മുളക് – ഒന്നോ രണ്ടോ. കഷണങ്ങളാക്കി മുറിയ്ക്കുക
    ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന്. 
    തേങ്ങ ചിരവിയത് – രണ്ട് ടേബിൾസ്പൂൺ. 

    വാഴക്കൂമ്പ് ഉപ്പേരി ഉണ്ടാക്കാൻ ആദ്യം തന്നെ വാഴക്കൂമ്പ്/പൂവ് എടുക്കുക.

    പുറമെ നിന്ന് കുറച്ച് പാളികൾ എല്ലാം നീക്കുക. എന്നിട്ട് കഴുകിയെടുത്ത് കൊത്തിയരിയുക.

    കൊത്തിയരിഞ്ഞുകഴിഞ്ഞാൽ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ (ഒരു ടീസ്പൂൺ മതി) ഒഴിക്കുക. എന്നിട്ട് കുറച്ചുനേരം കൈകൊണ്ട് വട്ടത്തിൽ വട്ടത്തിൽ ഇളക്കിയാൽ അത് നാരോടെ കൂടിച്ചേർന്നു നിൽക്കുന്ന ഭാഗമൊക്കെ വേറെ വേറെ ആവും. കറയും ഉണ്ടാവില്ല. കാബേജ് മുറിച്ചെടുത്ത പോലെ ആവും. പിന്നെ അതിന്റെ ചെറിയ, കഷണങ്ങൾ/കോലുകൾ ഉണ്ടെങ്കിൽ എടുത്തുകളയാം. 

    ഒരു പാത്രം അടുപ്പത്തു തീയ്ക്കു മുകളിൽ വയ്ക്കുക. കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക.

    വെളിച്ചെണ്ണ ചൂടായാൽ ഉഴുന്നുപരിപ്പ് ഇടുക. 

    ഉഴുന്നുപരിപ്പ് ചുവന്നുവരുമ്പോഴേക്കും ചുവന്ന മുളക് പൊട്ടിച്ചത് ഇടുക.

    അപ്പോൾത്തന്നെ കടുക് ഇടുക. 

    വറവ് ആയാൽ അതിലേക്ക് വാഴക്കൂമ്പ് മുറിച്ചുവച്ചത് ഇടുക.

    ഉപ്പും മഞ്ഞൾപ്പൊടിയും ഇടാം. മുളകുപൊടി നിങ്ങൾക്കുവേണമെങ്കിൽ ഇടാം. ഇവിടെ ഇടാറില്ല.

    അല്പം വെള്ളമൊഴിക്കാം. 

    ഒക്കെയിളക്കി അടച്ചുവയ്ക്കുക. തീ കുറച്ചേ വയ്ക്കാൻ പാടുള്ളൂ. 

    വെന്ത് വാങ്ങിയാൽ തേങ്ങ ചിരവിയത് ഇടണം.

    vaazhakoompu3



    ചില വാഴക്കൂമ്പിന്റെ ഉള്ളിലുള്ള ഭാഗം കയ്ക്കുമെന്ന് തോന്നുന്നു. വീട്ടിലുള്ളത്,

    നാടൻ വാഴകളുടേത്, അങ്ങനെ കയ്പ് തോന്നിയിട്ടില്ല.

    അതുകൊണ്ട് ഒട്ടും കളയാതെ മുഴുവൻ കൊത്തിയരിഞ്ഞെടുക്കാറുണ്ട്