Advertisement

ഏതുകാലത്തും കിട്ടുന്നതാണ് വാഴപ്പഴം വാഴ നട്ടുവളർത്തിയാൽ ഗുണം തന്നെ വാഴയുടെ പഴം മാത്രമല്ല ഉപയോഗപ്രദം വാഴയില ഏറ്റവും ഉപയോഗമുള്ള ഒന്നു തന്നെ. പിന്നെയാണ് കാമ്പും കൂമ്പും ഒക്കെ വരുന്നത്.

പലരും വാഴയിലയും പഴവും അല്ലെങ്കിൽ കായയും മാത്രമെടുത്ത് കൂമ്പും കാമ്പും ഉപേക്ഷിക്കും. വാഴക്കുലയുടെ അടിയിൽ ഉള്ള/ അറ്റത്തുള്ള പൂവ് അല്ലെങ്കിൽ കൂമ്പ് കൊണ്ട് ഉപ്പേരി/തോരൻ വച്ച് അതും കൂട്ടി നല്ല സ്വാദോടെ ഊണുകഴിക്കാം. ആരോഗ്യത്തിനും നല്ലതുതന്നെ.


150px-Colbanana06

വാഴക്കൂമ്പ് – ഒന്ന്. ചിത്രത്തിൽ ഉള്ളപോലെ. 
ഉഴുന്നുപരിപ്പ് – രണ്ട് ടീസ്പൂൺ
കടുക് – കുറച്ച്
ചുവന്ന മുളക് – ഒന്നോ രണ്ടോ. കഷണങ്ങളാക്കി മുറിയ്ക്കുക
ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന്. 
തേങ്ങ ചിരവിയത് – രണ്ട് ടേബിൾസ്പൂൺ. 

വാഴക്കൂമ്പ് ഉപ്പേരി ഉണ്ടാക്കാൻ ആദ്യം തന്നെ വാഴക്കൂമ്പ്/പൂവ് എടുക്കുക.

പുറമെ നിന്ന് കുറച്ച് പാളികൾ എല്ലാം നീക്കുക. എന്നിട്ട് കഴുകിയെടുത്ത് കൊത്തിയരിയുക.

കൊത്തിയരിഞ്ഞുകഴിഞ്ഞാൽ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ (ഒരു ടീസ്പൂൺ മതി) ഒഴിക്കുക. എന്നിട്ട് കുറച്ചുനേരം കൈകൊണ്ട് വട്ടത്തിൽ വട്ടത്തിൽ ഇളക്കിയാൽ അത് നാരോടെ കൂടിച്ചേർന്നു നിൽക്കുന്ന ഭാഗമൊക്കെ വേറെ വേറെ ആവും. കറയും ഉണ്ടാവില്ല. കാബേജ് മുറിച്ചെടുത്ത പോലെ ആവും. പിന്നെ അതിന്റെ ചെറിയ, കഷണങ്ങൾ/കോലുകൾ ഉണ്ടെങ്കിൽ എടുത്തുകളയാം. 

ഒരു പാത്രം അടുപ്പത്തു തീയ്ക്കു മുകളിൽ വയ്ക്കുക. കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക.

വെളിച്ചെണ്ണ ചൂടായാൽ ഉഴുന്നുപരിപ്പ് ഇടുക. 

ഉഴുന്നുപരിപ്പ് ചുവന്നുവരുമ്പോഴേക്കും ചുവന്ന മുളക് പൊട്ടിച്ചത് ഇടുക.

അപ്പോൾത്തന്നെ കടുക് ഇടുക. 

വറവ് ആയാൽ അതിലേക്ക് വാഴക്കൂമ്പ് മുറിച്ചുവച്ചത് ഇടുക.

ഉപ്പും മഞ്ഞൾപ്പൊടിയും ഇടാം. മുളകുപൊടി നിങ്ങൾക്കുവേണമെങ്കിൽ ഇടാം. ഇവിടെ ഇടാറില്ല.

അല്പം വെള്ളമൊഴിക്കാം. 

ഒക്കെയിളക്കി അടച്ചുവയ്ക്കുക. തീ കുറച്ചേ വയ്ക്കാൻ പാടുള്ളൂ. 

വെന്ത് വാങ്ങിയാൽ തേങ്ങ ചിരവിയത് ഇടണം.

vaazhakoompu3



ചില വാഴക്കൂമ്പിന്റെ ഉള്ളിലുള്ള ഭാഗം കയ്ക്കുമെന്ന് തോന്നുന്നു. വീട്ടിലുള്ളത്,

നാടൻ വാഴകളുടേത്, അങ്ങനെ കയ്പ് തോന്നിയിട്ടില്ല.

അതുകൊണ്ട് ഒട്ടും കളയാതെ മുഴുവൻ കൊത്തിയരിഞ്ഞെടുക്കാറുണ്ട്