Blog

  • വാഴയ്ക്ക തൊലി തോരന്‍

    വാഴയ്ക്ക തൊലി തോരന്‍

    നിങ്ങള്‍ വീടുകളില്‍ വാഴയ്ക്ക ചിപ്പ്‌സ് അല്ലെങ്കില്‍ വറുത്തുപ്പേരിയും ഉണ്ടാക്കാറുണ്ടോ? ഇതിനായി നമ്മള്‍ക്ക് വാഴയ്ക്കയുടെ തൊലി ഉരിഞ്ഞുമാറ്റേണ്ടിവരും. ഇങ്ങനെ ഒഴിവാക്കുന്ന തൊലി നിങ്ങള്‍ എന്താണ് ചെയ്യാറ്? കളയാറുണ്ടോ? ഉണ്ടെങ്കില്‍ ഇനി അങ്ങിനെ ചെയ്യേണ്ട. വാഴയ്ക്കകൊണ്ട് രുചികരമായ ഒരു തോരന്‍ ഉണ്ടാക്കാം. ഗ്രാമങ്ങളില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് ഈ വാഴയ്ക്കതൊലി തോരന്‍ അത്ര അപരിചിതമാകണമെന്നില്ല.

    വാഴക്കൊത്തൊലി തോരന്‍ വ്യത്യസ്തമായ രീതിയില്‍ എങ്ങിനെ ഉണ്ടാക്കാമെന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി വാഴയ്ക്ക ചിപ്പ്‌സ് ഉണ്ടാക്കുന്ന കടകളില്‍ നിന്നും വാഴയ്ക്ക തോല്‍വാങ്ങാം. ഇനി എങ്ങിനെയാണ് തോരന്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം.

    നാല് ഇടത്തരം വലിപ്പമുള്ള വാഴയ്ക്കത്തൊലികള്‍

    ഒരു ചെറിയ സവോള അല്ലെങ്കില്‍ രണ്ടോ മൂന്നോ ചെറിയുള്ളി- അരിഞ്ഞത്

    ഒരു ടീസ്പൂണ്‍ കടുക്

    കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

    പച്ചമുളക് – ഒന്ന്

    വറ്റല്‍മുളക്- ഒന്ന്

    അര ടീസ്പൂണ്‍ – ജീരകപ്പൊടി

    3 ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത്

    ഒരു വലിയ തണ്ട് കറിവേപ്പില

    1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ

    ഉപ്പ് ആവശ്യത്തിന്

    ഉണ്ടാക്കുന്നവിധം:

    പഴത്തൊലി ഉരിഞ്ഞ് വൃത്തിയാക്കി വെള്ളത്തിലിട്ട് വെക്കുക, ഇതിലേക്ക് അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം
    പഴത്തൊലി തോരനുവേണ്ട പാകത്തില്‍ ചെറുതായി അരിയുക ഒരു പാത്രമെടുത്ത് അതില്‍ എണ്ണ ചൂടാക്കി, അതിലേക്ക് കടുകും വറ്റല്‍ മുളകും ചേര്‍ക്കുക ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന് ഉള്ളി, പച്ചമുളക്, ജീരകപ്പൊടി, കറിവേപ്പില എന്നിവചേര്‍ക്കുക. ഇത് അല്‍പ്പനേരം നന്നായി ഇളക്കി അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് ഇളക്കുക ഇതിലേക്ക് വാഴയ്ക്കത്തൊലിയും തേങ്ങയും ചേര്‍ക്കുക

    ആവശ്യത്തിന് ഉപ്പ് ചേര്‍ത്തതിന് ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇടക്ക് തുറന്ന് നോക്കി വെള്ളം വറ്റാതിരിക്കാനും ഉടയാതിരിക്കാനും ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ വെള്ളം ഇനിയും ചേര്‍ക്കാം. ആവശ്യത്തിന് വേവായാല്‍ വാങ്ങിവെക്കാം.

  • മീന്‍ അച്ചാര്‍ – Fish Pickle

    മീന്‍ അച്ചാര്‍ – Fish Pickle

    സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര, പാര, വറ്റ, നെയ്‌ മീന്‍, മത്തി തുടങ്ങിയവയാണ്. ഇവിടെ നെയ്‌ മീന്‍ ആണ് ഉപയോഗിച്ചത്.

    ആവശ്യമായവ:

    നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് )- 1 കിലോ

    കാശ്മീരി മുളക് പൊടി – 3 ടേബിള്‍സ്പൂണ്‍

    മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

    കുരുമുളക് പൊടി – 1/2 ടേബിള്‍സ്പൂണ്‍

    ഇഞ്ചി – രണ്ട്‌ കഷണം (നീളത്തില്‍ അരിഞ്ഞത്)

    വെളുത്തുള്ളി – അര കപ്പ്‌

    പച്ചമുളക് – 6 എണ്ണം

    ഉലുവ – 1 ടീസ്പൂണ്‍

    വിനാഗിരി – ആവശ്യത്തിന്

    കറിവേപ്പില – ആവശ്യത്തിന്

    കടുക് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്

    വെള്ളം – ആവശ്യത്തിന്

    ഉപ്പു – പാകത്തിന്

    തയ്യാറാക്കുന്ന വിധം:

    നെയ്മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും ചേര്ത്ത് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് പൊടിഞ്ഞു പോകാതെ നല്ല പോലെ മൊരിഞ്ഞു വറുത്തെടുക്കണം(.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.

    ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വയട്ടുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അല്‍പം വിനാഗിരി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ഏറ്റവും ഒടുവില്‍ ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണംആയിരിക്കും.മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് വേണമെങ്കില്‍ മാത്രം നോക്കിയിട്ട് ചേര്‍ക്കുക.

    മീന്‍ അച്ചാര്‍ തയ്യാര്‍. തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.

    ടിപ്സ്:

    മീൻ വറക്കുമ്പോൾ നന്നായി മൂപ്പിക്കാൻ ശ്രദ്ധിക്കുക, എന്നാൽ കരിയുകയും അരുത്. അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്. അച്ചാര്‍ കുപ്പിയില്‍ ആക്കിയതിന് ശേഷം ഇടയ്ക്കിടെ ഒന്ന് കുലുക്കി യോജിപ്പിക്കുന്നത് നല്ലതാണ്.

    അച്ചാര്‍ കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

    ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം, എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപഗോഗിക്കുന്നതാകും നല്ലത്, ഡ്രൈ ആയ മീന്‍ വിനാഗിരിയില്‍ കിടന്നു ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ.

    പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.

    സ്പൂണ്‍ കുപ്പിയിൽ തന്നെ ഇട്ടു വയ്ക്കാതിരിക്കുക അല്ലെങ്കില്‍ അച്ചാർ വേഗം പൂപ്പൽ പിടിച്ചു കേടായി പോകും.

    അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്. സാധാരണ മീന്‍ അച്ചാറിനു അല്പം എരിവു വേണം.

  • എഗ്ഗ് ബിരിയാണി ഉണ്ടാക്കാം

    എഗ്ഗ് ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍

    ബിരിയാണി അരി – 4 കപ്പ്‌

    മുട്ട – 4 എണ്ണം

    നെയ്യ് – 3 ടേബിള്‍സ്പൂണ്‍

    സവാള – 5 എണ്ണം

    കാരറ്റ് – 1 എണ്ണം (ചെറുത്‌)

    ഇഞ്ചി – 1 ഇഞ്ച്‌ കഷണം

    വെളുത്തുള്ളി – 8 അല്ലി

    തക്കാളി – 2 എണ്ണം

    കാപ്സികം – ½ എണ്ണം

    കറിവേപ്പില – 1 ഇതള്‍

    പാല്‍ – ¾ കപ്പ്‌

    കശുവണ്ടി – 15 എണ്ണം

    ഉണക്ക മുന്തിരി – 15 എണ്ണം

    കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍

    മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍

    മഞ്ഞള്‍പൊടി – 1 നുള്ള്

    ഗരംമസാല – 1 ടീസ്പൂണ്‍

    കറുവാപട്ട – 3 കഷ്ണം

    ഗ്രാമ്പു – 10 എണ്ണം

    ഏലയ്‌ക്ക – 4 എണ്ണം

    കുരുമുളക് – 10 എണ്ണം

    മല്ലിയില – 3 ഇതള്‍

    പുതിനയില – 5 ഇല

    വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍

    ചൂടുവെള്ളം – 7 കപ്പ്‌

    ഉപ്പ് – ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
    മുട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.
    സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്സിക്കം, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക.
    പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)

    പാനില്‍ 1½ ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് 2 സവാള (അരിഞ്ഞത്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
    മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള, കാരറ്റ് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, കാപ്സിക്കം, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.

    ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ ½ ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.

    കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
    മുട്ട ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും നാരങ്ങ അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.

    കുറിപ്പ്

    1) മുന്‍കൂട്ടി ചൂടാക്കിയ ഓവനില്‍ വച്ചും ബിരിയാണി ദം ചെയ്യാവുന്നതാണ്.
    2) മുട്ടയുടെ എണ്ണം ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.

  • കിണ്ണത്തപ്പം ഉണ്ടാക്കാം

    കിണ്ണത്തപ്പം ഉണ്ടാക്കാം

    ചേരുവകൾ

    1 കപ്പ് അരിപ്പൊടി വരുത്തത്

    3 കപ്പ് തേങ്ങ ചുരണ്ടിയത്

    1 കപ്പ് പഞ്ചസാര

    1 ടീസ്പൂണ്‍ നെയ്യ്

    1 ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി

    ആവശ്യത്തിന് ഉപ്പ്

    തയാറാക്കുന്ന വിധം

    ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചുരണ്ടി വച്ചിരിക്കുന്ന തേങ്ങ നല്ലവണ്ണം അടിച്ചെടുക്കുക. ഇതില്‍ നിന്നും ഏകദേശം ഒന്നര കപ്പോളം കട്ടിയുള്ള തേങ്ങാപ്പാല്‍ അരിച്ചെടുത്ത് മാറ്റിവയ്ക്കണം. അരിപ്പൊടി വറുത്തത് ഒട്ടും തരിയില്ലാത്തവിധം വേണം അരിച്ചെടുക്കാന്‍. ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് തീരെ കട്ടയില്ലാത്തവിധം നന്നായി ഉടച്ച് കലക്കി വയ്ക്കുക. ഇനി ഇതിലേക്ക് പഞ്ചസാര, ഉപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ കൂടി ചേര്‍ത്തിളക്കുക. ഈ കൂട്ട് ഏകദേശം അര മണിക്കൂറോളം അനക്കാതെ മാറ്റി വയ്ക്കണം. ഇനി ഒരു കിണ്ണത്തില്‍ അല്ലെങ്കില്‍ ഇത്തിരി കുഴിയുള്ള ഒരു പ്ലേറ്റില്‍ കുറച്ച് നെയ്യ് പുരട്ടി എടുക്കുക. ഈ പാത്രത്തിലേക്ക് നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ഒഴിക്കുക. ഇത് ഒരു പ്രഷര്‍ കുക്കറിലോ അപ്പച്ചെമ്പിലോ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. സ്വാദിഷ്ടമായ കിണ്ണത്തപ്പം തയ്യാര്‍. പാത്രം അടുപ്പില്‍ നിന്നും വാങ്ങിവച്ച് .അപ്പത്തിന്‍റെ ചൂട് ശരിക്കും പോയ ശേഷം മാത്രമേ കഷണങ്ങള്‍ ആക്കാവൂ അല്ലെങ്കില്‍ പൊടിഞ്ഞു പോകും

  • ഷാപ്പ് സ്റ്റൈല്‍ മീന്‍ തലക്കറി

    ഷാപ്പ് സ്റ്റൈല്‍ മീന്‍ തലക്കറി

    ആവശ്യമുള്ള സാധനങ്ങള്‍

    മീനിന്റെ തല: അരക്കിലോ

    കുടംപുളി: അല്പം

    മുളകുപൊടി: ഒരു ടീസ്പൂണ്‍

    മല്ലിപ്പൊടി: രണ്ടു ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍

    ഉണക്കമുളക്: അഞ്ചെണ്ണം

    കറിവേപ്പില: ആവശ്യത്തിന്

    ഇഞ്ചി: അല്പം

    വെളുത്തുള്ളി: അഞ്ച് അല്ലി

    ചെറിയുള്ളി: 200 ഗ്രാം

    കടുക്: വറവിന്
    വെളിച്ചെണ്ണ: ഒരു ടീസ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം:
    മീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും പുരട്ടി അല്പസമയവും വയ്ക്കുക. കുടംപുളിയും ഉണക്കമുളകയും ചൂടുവെള്ളത്തിലിട്ടു വയ്ക്കുക ഉണക്കമുളകയും, മഞ്ഞള്‍പ്പൊടിയും, മല്ലിപ്പൊടിയും ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. ചെറിയുള്ളി ചതച്ചെടുക്കുക. മണ്‍ചട്ടിയിലാണ് കറി തയ്യാറാക്കേണ്ടത്. ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേയ്ക്കു കറിവേപ്പിലയിട്ടു വഴറ്റുക. പിന്നീട് ഇഞ്ചി-വെളുത്തുള്ളി എന്നിവയും ചേര്‍ത്തു വഴറ്റുക. ഇതിലേക്കു ചെറിയുള്ള ചതച്ചതു ചേര്‍ത്തു മൂപ്പിയ്ക്കുക. ഇതിലേക്ക് അരച്ചുവെച്ച മസാല ചേര്‍ത്തു നല്ലപോലെ ഇളക്കുക. കുടംപുളി വെള്ളത്തോടെ ചേര്‍ത്തിളക്കുക. ഇത് അല്പം തിളച്ചുവരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കണം. ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം. ചെറിയ ചൂടില്‍ വേവിക്കുക. കറി കുറുകി വരുമ്പോള്‍ വാങ്ങുക. വെളിച്ചെണ്ണയില്‍ കറിവേപ്പില, കടുക് എന്നിവ താളിച്ചു ചേര്‍ക്കാം.

  • മുട്ട ഓംലറ്റ് കറി ഉണ്ടാക്കിയാലോ

    മുട്ട ഓംലറ്റ് കറി ഉണ്ടാക്കിയാലോ

    ചേരുവകള്‍

    മുട്ട – ആറെണ്ണം

    ഉപ്പ് – പാകത്തിന്,

    മല്ലിയില – കുറച്ച്

    പച്ചമുളക് – രണ്ടെണ്ണം

    തയാറാക്കുന്ന വിധം

    മുട്ട, ഉപ്പ്, പൊടിയായി അരിഞ്ഞ പച്ചമുളക്, മല്ലിയില എന്നിവ നന്നായി അടിച്ച് ഓംലറ്റ് തയാറാക്കുക.

    ചാറിന്
    സവാള – നാലെണ്ണം
    വെളുത്തുള്ളി – ആറ് അല്ലി
    ഇഞ്ചി – ഒരു ചെറിയ കഷണം
    മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
    തക്കാളി – ഇരുനൂറ് ഗ്രാം
    മല്ലിയില – കുറച്ച
    മുളകുപൊടി – ഒരു ടീ സ്പൂണ്‍
    മസാല അരച്ചത് – രണ്ട് ടീ സ്പൂണ്‍
    ഉപ്പ് – പാകത്തിന്
    നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
    ജീരകം – ഒരു ടീ സ്പൂണ്‍

    തയാറാക്കുന്ന വിധം
    പൊടിയായി അരിഞ്ഞ സവാള, നെയ്യില്‍ ബ്രൗണ്‍ നിറമാകും വരെ വറുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേര്‍ക്കുക. പൊടിയായി അരിഞ്ഞ തക്കാളി, ഉപ്പ്, മഞ്ഞള്‍, മുളകുപൊടി, അരച്ച മസാല എന്നിവ ചേര്‍ത്ത് ഇളക്കി ഇത് ഒരു കപ്പ് ആകും വരെ അടുപ്പത്തു വയ്ക്കുക. ഓം ലറ്റ് ഉണ്ടാക്കിയത് ചെറു കഷണങ്ങള്‍ ആക്കി ഈ ചാറിലേക്കു ചേര്‍ക്കുക ശേഷം മല്ലിയില ചേര്‍ക്കുക

  • പനീര്‍ സമോസ ഉണ്ടാക്കാം

    പനീര്‍ സമോസ ഉണ്ടാക്കാം

    ചേരുവകള്‍

    പനീര്‍ 200 ഗ്രാം

    മൈദ – 250 ഗ്രാം

    മീറ്റ് മസാല – 3 ടേബിള്‍ സ്പൂണ്‍

    കുരുമുളകുപൊടി – 2 ടീസ്പൂണ്‍

    ഇഞ്ചി -1 കഷണം

    പച്ചമുളക് – 5 എണ്ണം

    കാരറ്റ് – 100 ഗ്രാം

    കാബേജ് – 100 ഗ്രാം

    കറിവേപ്പില – 2 തണ്ട്

    സവാള – 100 ഗ്രാം

    ഉപ്പ് – പാകത്തിന്

    തയ്യാറാക്കുന്ന വിധം
    പനീര്‍ ചെറിയ കഷണങ്ങളാക്കി മുറിക്കുക. മുറിച്ച കഷണങ്ങള്‍ ചെറുതീയില്‍ വറത്തുകോരുക. 5 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞ് ചെറുതീയില്‍ വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുക. വഴറ്റിയ ചേരുവകളോടൂടി പനീര്‍ കഷണങ്ങളും ഇറച്ചിമസാല, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പാകത്തിനു വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക.
    മൈദ പാകത്തിനുപ്പും ചേര്‍ത്തു കുഴച്ചു, ചപ്പാത്തിപോലെ പരത്തിയശേഷം വഴറ്റി തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ചപ്പാത്തിയില്‍ വെച്ചു മടക്കി എണ്ണയിലിട്ടു വറുത്തെടുക്കുക