വാഴയ്ക്ക തൊലി തോരന്‍

thoran
Advertisement

നിങ്ങള്‍ വീടുകളില്‍ വാഴയ്ക്ക ചിപ്പ്‌സ് അല്ലെങ്കില്‍ വറുത്തുപ്പേരിയും ഉണ്ടാക്കാറുണ്ടോ? ഇതിനായി നമ്മള്‍ക്ക് വാഴയ്ക്കയുടെ തൊലി ഉരിഞ്ഞുമാറ്റേണ്ടിവരും. ഇങ്ങനെ ഒഴിവാക്കുന്ന തൊലി നിങ്ങള്‍ എന്താണ് ചെയ്യാറ്? കളയാറുണ്ടോ? ഉണ്ടെങ്കില്‍ ഇനി അങ്ങിനെ ചെയ്യേണ്ട. വാഴയ്ക്കകൊണ്ട് രുചികരമായ ഒരു തോരന്‍ ഉണ്ടാക്കാം. ഗ്രാമങ്ങളില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് ഈ വാഴയ്ക്കതൊലി തോരന്‍ അത്ര അപരിചിതമാകണമെന്നില്ല.

വാഴക്കൊത്തൊലി തോരന്‍ വ്യത്യസ്തമായ രീതിയില്‍ എങ്ങിനെ ഉണ്ടാക്കാമെന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി വാഴയ്ക്ക ചിപ്പ്‌സ് ഉണ്ടാക്കുന്ന കടകളില്‍ നിന്നും വാഴയ്ക്ക തോല്‍വാങ്ങാം. ഇനി എങ്ങിനെയാണ് തോരന്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം.

നാല് ഇടത്തരം വലിപ്പമുള്ള വാഴയ്ക്കത്തൊലികള്‍

ഒരു ചെറിയ സവോള അല്ലെങ്കില്‍ രണ്ടോ മൂന്നോ ചെറിയുള്ളി- അരിഞ്ഞത്

ഒരു ടീസ്പൂണ്‍ കടുക്

കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

പച്ചമുളക് – ഒന്ന്

വറ്റല്‍മുളക്- ഒന്ന്

അര ടീസ്പൂണ്‍ – ജീരകപ്പൊടി

3 ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത്

ഒരു വലിയ തണ്ട് കറിവേപ്പില

1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ

ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം:

പഴത്തൊലി ഉരിഞ്ഞ് വൃത്തിയാക്കി വെള്ളത്തിലിട്ട് വെക്കുക, ഇതിലേക്ക് അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം
പഴത്തൊലി തോരനുവേണ്ട പാകത്തില്‍ ചെറുതായി അരിയുക ഒരു പാത്രമെടുത്ത് അതില്‍ എണ്ണ ചൂടാക്കി, അതിലേക്ക് കടുകും വറ്റല്‍ മുളകും ചേര്‍ക്കുക ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന് ഉള്ളി, പച്ചമുളക്, ജീരകപ്പൊടി, കറിവേപ്പില എന്നിവചേര്‍ക്കുക. ഇത് അല്‍പ്പനേരം നന്നായി ഇളക്കി അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് ഇളക്കുക ഇതിലേക്ക് വാഴയ്ക്കത്തൊലിയും തേങ്ങയും ചേര്‍ക്കുക

ആവശ്യത്തിന് ഉപ്പ് ചേര്‍ത്തതിന് ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇടക്ക് തുറന്ന് നോക്കി വെള്ളം വറ്റാതിരിക്കാനും ഉടയാതിരിക്കാനും ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ വെള്ളം ഇനിയും ചേര്‍ക്കാം. ആവശ്യത്തിന് വേവായാല്‍ വാങ്ങിവെക്കാം.