Blog

  • ചോക്ലേറ്റ് ഫഡ്‌ജ്‌ കേക്ക്  ഉണ്ടാക്കിയാലോ

    ചോക്ലേറ്റ് ഫഡ്‌ജ്‌ കേക്ക് ഉണ്ടാക്കിയാലോ

    ഞാന്‍ പിന്നേം വന്നൂട്ടോ എനിക്ക് വരാതിരിക്കാന്‍ കഴിയില്ലല്ലോ തട്ടുകട കൂട്ടുകാര്‍ കാത്തിരിക്കുന്നുണ്ടാകില്ലേ പുതിയ റസിപ്പീ അറിയാന്‍ അല്ലെ ?

    ഇന്ന് നമുക്ക് കേക്ക് ഉണ്ടാക്കിയാലോ കേട്ടപ്പോതന്നെ കൊതിയാകുന്നൂല്ലേ …കേക്ക് ഇഷ്ട്ടമാണെങ്കിലും സാധാരണയായി വീട്ടില്‍ ഉണ്ടാക്കാതെ കൊതിമൂത്താല്‍ ബേക്കറിയിലേക്ക് ഓടുകയാണ് മിക്കവരും ചെയ്യുക ..എന്നാല്‍ വീട്ടില്‍ ഒരു ഓവന്‍ ഉണ്ടെങ്കില്‍ ഈ കേക്ക് എന്ന് പറയുന്ന പലഹാരം നമുക്ക് ഉണ്ടാക്കാം ഈസിയായി … ഇന്ന് നമുക്ക് ചോക്ലേറ്റ് ഫഡ്‌ജ്‌ കേക്ക്
    ഉണ്ടാക്കാം …. അപ്പോള്‍ നമുക്ക് നോക്കാം കേക്ക് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് ഇതിനാവശ്യമുള്ള

    ചേരുവകള്‍:

    ബട്ടർ ഉരുക്കിയത് കേക്ക് ടിന്നിൽ പുരട്ടാൻ

    പ്‌ളെയിൻ ചോക്‌ളേറ്റ് 55 ഗ്രാം ചെറുതായി മുറിച്ചത്

    പഞ്ചസാര, 175 ഗ്രാം

    ബട്ടർ, 175 ഗ്രാം

    മൈദ 175 ഗ്രാം

    പാൽ 2 ടേബിള്‍ ടിസ്പൂണ്‍

    ബേക്കിംഗ് പൗഡർ 1 ടേബിള്‍ ടിസ്പൂണ്‍

    മുട്ട 3 എണ്ണം അടിച്ചത്

    വാനില എസ്സൻസ് 1 ടീസ്പൂൺ

    ചോക്‌ളേറ്റ് ഗ്രേറ്റ് ചെയ്തത് (കുറച്ച് അലങ്കരിക്കാൻ)

    ഫില്ലിംഗിനും ഫ്രോസ്റ്റിംഗും
    ചോക്‌ളേറ്റ് ചെറുകഷ്ണങ്ങൾ ആക്കിയത് 100 ഗ്രാം

    ബട്ടർ 55 ഗ്രാം

    ഐസിംഗ് ഷുഗർ 175 ഗ്രാം

    പാൽ 1 ടേ.സ്പൂൺ

    വാനിലാ എസ്സൻസ് 1 ടീസ്പൂൺ

    ഇത്രയും സാധനങ്ങള്‍ അടുപ്പിച്ചു വയ്ക്കുക ഇനി എങ്ങിനെ തയ്യാറാക്കാം എന്നു നോക്കാം

    ആദ്യമായി ഓവന്റെ താപനില 180 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുക.

    9 ഇഞ്ച് വൃത്താകൃതിയിലുള്ള ഒരു കേക്ക് ടിന്നിൽ നെയ്യ് പുരട്ടി ബേക്കിംഗ് പേപ്പറിട്ട് തയ്യാറാക്കുക.

    ഇനി ഒരു ചെറിയ പാനിൽ ചോക്‌ളേറ്റും പാലും എടുത്ത് ഉരുക്കി വാങ്ങിവയ്ക്കുക

    മൈദയും ബേക്കിംഗ് പൗഡറും തമ്മിൽ യോജിപ്പിച്ച് അരിച്ചു ഒരു വലിയ ബൗളിലേക്കിടുക.
    ഇതിൽ ബട്ടർ മയപ്പെടുത്തിയത്, പഞ്ചസാര, മുട്ട, വാനില എസൻസ് എന്നിവ ചേർത്ത് നല്ല മയമാകും വരെ അടിക്കുക ( ഇതിനായി egg ബീറ്റര്‍ ഉപയോഗിക്കാം നല്ല മയം വരണം എന്നാലെ കേക്ക് സോഫ്റ്റ്‌ ആകൂ ) ഇനി ഇത് തയ്യാറാക്കിയ ബേക്കിംഗ് ട്രേയിലേക്ക് പകരുക.
    മുകൾവശം നിരപ്പാക്കുക. പ്രീഹീറ്റ് ചെയ്ത ഓവനിലേക്ക് ഇത് വച്ച് 50 അല്ലങ്കില്‍ 60 മിനിട്ട് ബേക്ക് ചെയ്ത് വാങ്ങുക.
    10 മിനിറ്റിനുശേഷം ഈ കേക്കിനെ രണ്ടു വൃത്തങ്ങളായി മുറിക്കുക. രണ്ടു ലെയറാക്കാനായാണിത്.

    ഇനി അടുത്ത പണി

    ഫില്ലിംഗും ഫ്രോസ്റ്റിംഗും തയ്യാറാക്കൽ
    ഇതിനായി ഒരു ചെറിയ പാനിൽ ചോക്‌ളേറ്റും ബട്ടറുമെടുത്ത് ചൂടാക്കുക. ചെറുതീയിൽ വച്ചാൽ മതിയാകും.
    വാങ്ങിവച്ച് ഐസിംഗ് ഷുഗറും പാലും വാനിലാ എസൻസും ചേർത്ത് നന്നായി ഇളക്കുക.

    ഇനി അടുത്തതായി ചെയ്യേണ്ടത്
    ചോക്‌ളേറ്റ് മിശ്രിതത്തിൽ പകുതിയെടുത്ത് ഒരു വൃത്തത്തിൽ ( നമ്മള്‍ ലെയര്‍ ആക്കി വച്ച കേക്കില്ലേ അതില്‍ ) തേച്ച് മറ്റേ പകുതി കേക്ക് കൊണ്ട് ഇത് മൂടുക. സാന്റ് വിച്ച് ചെയ്യുക എന്നർത്ഥം.

    മിച്ചമുള്ള ചോക്‌ളേറ്റ് കൂട്ട് കേക്കിന് മീതെയായി തേക്കുക ( നല്ല ഭംഗിയില്‍ തേച്ചു പിടിപ്പിക്കാം )
    ഒരു പ്ലാസ്റ്റിക് കത്തി ഉപയോഗിച്ച് മുകൾഭാഗം മിനുസപ്പെടുത്തുക.
    ചോക്‌ളേറ്റ് ചുരുളുകളാക്കിയോ ഗ്രേറ്റ് ചെയ്‌തോ എടുത്തത് കൊണ്ട് കേക്ക് അലങ്കരിക്കാം ( ഒരുപാട് അലങ്കരിച്ചു കുളമാക്കണ്ട )

    കഴിഞ്ഞു നമ്മുടെ കേക്ക് റെഡിയായി ….അപ്പോള്‍ ഓവന്‍ ഉള്ള എല്ലാവരും കേക്ക് ഉണ്ടാക്കി നോക്കണം
    വീട്ടില്‍ കുട്ടികളുടെ ഒക്കെ പിറന്നാളിന് ഇതുണ്ടാക്കി കൊടുത്തു നോക്കിക്കേ അവര്‍ക്കത്‌ ഏറെ സന്തോഷമാകും …ഓവന്‍ ഇല്ലാത്തവര്‍ ചേട്ടനെ സോപ്പിട്ടു ഒരെണ്ണം വാങ്ങാന്‍ നോക്കിക്കോ ഓവന്‍ വിഭവങ്ങള്‍ പുറകെ വരുന്നുണ്ട് .. ഇനി ഓവന്‍ കിട്ടിയെല്ലെങ്കില്‍ നമ്മള്‍ ഓവന്‍ ഇല്ലാതെ കേക്കുണ്ടാക്കും അല്ലപിന്നെ …അഭിപ്രായങ്ങള്‍ അറിയിക്കണം കേട്ടോ ..വീണ്ടും വരാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    വാനില ഐസ്ക്രീം ഉണ്ടാക്കാം

  • പനീര്‍ പാലക്ക് ഉണ്ടാക്കാം

    പനീര്‍ പാലക്ക് ഉണ്ടാക്കാം

    ഹായ് കൂട്ടരേ പനീര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ ? ഉണ്ടാക്കി നോക്കിയെന്നു കരുതുന്നു … ഇനി ഉണ്ടാക്കി നോക്കിയിട്ടില്ലാത്തവര്‍ വേഗം പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ഈ ലിങ്കില്‍ പോയി പനീര്‍ ഉണ്ടാക്കുന്നത് ഒന്ന് പഠിച്ചിട്ടു ഓടിവാ ….. ഇനി നമുക്ക് ആ പനീര്‍ കൊണ്ട് ഒരു ഉത്തരേന്ത്യന്‍ ഡിഷ്‌ ഉണ്ടാക്കാം …പനീറും പാലക്കും ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത് അതിന്റെ പേരാണ് പനീര്‍ പാലക്ക് ..പാലക്ക് എന്താണെന്ന് അറിയാലോ അല്ലെ പാലക്ക് നല്ല പോഷകം ഉള്ള ഇലക്കറിയാണ് …അപ്പോള്‍ ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം

    ചേരുവകള്‍

    പനീര്‍ – അരക്കപ്പ്

    പാലക്ക് – രണ്ടു കെട്ടു

    സവാള രണ്ട്

    ഇഞ്ചി വലുതൊന്ന് പേസ്റ്റാക്കിയത്

    വെളുത്തുള്ളി വലുത് പകുതി പേസ്റ്റാക്കിയത്

    പച്ചമുളക് 10 എണ്ണം

    തക്കാളി വലുത് ഒന്ന്

    മുളക് പൊട് ഒരു ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍ ½ ടീ സ്പൂണ്‍

    ഗരം മസാല പൊടി ഒരു നുള്ള്

    ഉപ്പ് പാകത്തിന്

    ഉലുവ ½ ടീ സ്പൂണ്‍

    എണ്ണ ആവശ്യത്തിന്

    ഇനി ഇതുണ്ടാക്കേണ്ട വിധം

    ആദ്യം പനീര്‍ ഉണ്ടാക്കി ചെറിയ ചതുര കഷണങ്ങള്‍ ആക്കി എടുത്തു വയ്ക്കുക ..ഇനി ഈ പനീര്‍ ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നല്ല ഡീപ്പ് ഫ്രൈ ആയിട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ നിറത്തില്‍ പൊരിച്ചെടുത് മാറ്റിവയ്ക്കുക ..ചീസ് അഥവാ പനീര്‍ തയ്യാറായി
    ഇനി നമുക്ക് പാലക്ക് രണ്ട് കെട്ട് തണ്ട് കളഞ്ഞത് നന്നായി കഴുകണം ( ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് പാലക്ക് അതിലിട്ട് നന്നായി ഇളക്കിയാല്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മണ്ണും പോകും)
    നന്നായി കഴുകിയില്ലങ്കില്‍ മണ്ണ് കടിക്കും കേട്ടോ …
    ഇനി ഈ പാലക്ക് അല്പം വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം അത് മിക്സിയില്‍ ഇട്ടു നന്നായി അരച്ചെടുക്കുക ( ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യാം പ്രത്യേകം ഈ കുഴമ്പ് രൂപത്തിലുള്ള പാലക്ക് ഫ്രീസറിലാണ് വെയ്കേണ്ടത് തണുത്ത കട്ടിയായി അതവിടെ ഇരിന്നോളും)
    ഇനി നമുക്ക് ഇതെങ്ങിനെ പാചകം ചെയ്യാമെന്ന് നോക്കാം

    ഫ്രൈ പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് (തീ എപ്പോഴും ചെറിയ രീതിയിലായിരിക്കണം) എണ്ണ ചൂടായാല്‍ ഉലുവ ഇടുക ഒന്നിളക്കി അതിലേക്കാദ്യം ഇഞ്ചി പേസ്റ്റ് ഇട്ട് ഒന്നിളക്കിയതിന് ശേഷം വെളുത്തുള്ളി പേസ്റ്റുമിട്ട് ഇവ ഒന്നിളക്കിയതിന് ശേഷം പച്ചമുളകും സവാളയും ഇടുക .. നല്ല ബ്രൌണ്‍ നിറമായാല്‍ ആദ്യം മഞ്ഞള്‍ പൊടി (ഒന്നിളക്കിയതിന് ശേഷം) മുളക് പൊടി(ഒന്നിളക്കിയതിന് ശേഷം) തക്കാളി ചെറുതാക്കി അരിഞ്ഞത് പാനിന്‍റെ ഒരു ഭാഗത്തിട്ട് ചൂടായതിന് ശേഷം സവാള മസാലയുമായി മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലായാല്‍ മാറ്റി വെച്ച പനീര്‍ ഇടുക പനീറും മസാലയും ഒന്ന് യോജിക്കും വിധം നന്നായി ഇളക്കുക അതിലേക്ക് അരഗ്ലാസ്സ് വെള്ളമൊഴിക്കുക ഉപ്പും പാകത്തിന് ഇടുക അതിനോടൊപ്പം തന്നെ പാലക്ക് പേസ്റ്റും ഇടുക (പാലക്കില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ അര ഗ്ലാസ്സ് വെള്ളം ഒഴിക്കരുത്) ഇവ നന്നായി കുറുകുന്നവരെ ചെറിയ തീയ്യില്‍ വേവിച്ച് ഇറക്കാന്‍ നേരം ഒരു നുള്ള് ഗരം മസാല മുകളില്‍ വിതറുക ( ഇതൊരു കുറുകിയ രൂപത്തിലുള്ള ഡിഷാണ് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒരല്‍‍പ്പം വെള്ളം ചേര്‍ത്ത് കുറുകലിന്‍റെ കട്ടി കുറക്കാം)
    കഴിഞ്ഞു പനീര്‍ പാലക്ക് റെഡി

    എളുപ്പമല്ലേ ഇതുണ്ടാക്കാന്‍ നല്ല കളര്‍ഫുള്‍ കറി അല്ലെ ..നല്ല പോഷകം ഉള്ളതാണ് എല്ലാവരും ഉണ്ടാക്കി കഴിക്കണം കേട്ടോ ചപ്പാത്തിയുടെ കൂടെ ഒക്കെ കഴിക്കാന്‍ ബെസ്റ്റ് ആണിത് ..ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ .അപ്പോള്‍ മറ്റൊരു വിഭവവുമായി വീണ്ടും കാണാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • പരിപ്പുവട ഉണ്ടാക്കിയാലോ ?

    പരിപ്പുവട ഉണ്ടാക്കിയാലോ ?

    ഇന്ന് നമുക്ക് ഒരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ..പരുപ്പുവട ഇഷ്ട്ടമല്ലേ എല്ലാവര്‍ക്കും…ഇന്ന് പരിപ്പുവടയാണ് ഉണ്ടാക്കാന്‍ പോകുന്നത് ..കടകളില്‍ നിന്നും പരിപ്പുവട കഴിച്ചിട്ടുള്ളവര്‍ ധാരാളം ഉണ്ടാകും എന്നാല്‍ ഇത് വീട്ടില്‍ ഉണ്ടാക്കി കഴിച്ചിട്ടുള്ളവര്‍ ചുരുക്കമാണ് അല്ലെ ?പരുപ്പുവടയും കട്ടന്‍ ചായയും ബെസ്റ്റ് കോമ്പിനേഷന്‍ ആണ് …നമ്മുടെ സഖാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണീ കോമ്പിനേഷന്‍ …അപ്പോള്‍ നമുക്കിന്നു വീട്ടില്‍ എങ്ങിനെ പരിപ്പുവട ഉണ്ടാക്കാമെന്നു നോക്കാം ..

    ആവശ്യമുള്ള സാധനങ്ങള്‍

    1.കടലപ്പരിപ്പ് – ഒരു കപ്പ്

    2.സാമ്പാര്‍പരിപ്പ്(ചുവന്ന പരിപ്പ്) – അര‍ക്കപ്പ്

    3.ഉണക്കമുളക് – 3 എണ്ണം

    4.ചുവന്നുള്ളി – 15 എണ്ണം നന്നായി ചതച്ചത്

    5.പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)

    6.വേപ്പില – ഒരു കതിര്‍പ്പ്

    7.കായപ്പൊടി – ഒരു നുള്ള്

    8.ഇഞ്ചി – പൊടിയായി അരിഞ്ഞത് ( 1 ടീസ്പൂണ്‍ )

    9.കടലപ്പൊടി – ഒരു ടീസ്പൂണ്‍

    10.ഉപ്പ് – ആവശ്യത്തിനു

    11.വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിനു

    12.മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍.

    ഇനി ഇത് ഉണ്ടാക്കെണ്ടത്എങ്ങിനെയാണെന്ന് നോക്കാം
    ഇതുണ്ടാക്കാന്‍ കുറച്ചു ക്ഷമകൂടി വേണം കേട്ടോ ( അത് കടയില്‍ നിന്നും വാങ്ങാന്‍ കിട്ടൂല്ല കേട്ടോ )
    പരിപ്പുവട ഉണ്ടാക്കുന്നതിനു നാലുമണിക്കൂര്‍ മുന്‍പെങ്കിലും പരിപ്പ് കുതിര്‍ത്തനായി വെള്ളത്തിലിടുക

    ഇനിയുള്ള നമ്മുടെ ചിന്ത പരിപ്പുവടയെ കുറിച്ച് മാത്രം ആയിരിക്കണം …ഉള്ളി തൊലി കളഞ്ഞു എടുക്കുക….പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു വയ്ക്കുക

    ഇനിയുള്ള സമയം പരിപ്പുവടെയെക്കുറിച്ച് മാത്രം ചിന്തിക്കുക. ഈ സമയം വെറുതെ ഇരിക്കണ്ട. ചുവന്നുള്ളി തൊലി കളയുകയും പച്ചമുളകും ഇഞ്ചിയും അരിയുകയും ചെയ്യാം.

    ഇനി കുതിര്‍ത്തിയ
    പരിപ്പ് എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകുക. അല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കുക്കറിലിട്ട് നന്നായി വേവിക്കുക. കുക്കര്‍ തുറന്ന് ( വെയിറ്റ് മാറ്റി ആവികളഞ്ഞു തുറക്കുക കൈ ഒന്നും പൊള്ളിക്കരുത് പരിപ്പുവട ഉണ്ടാക്കാന്‍ ഉള്ളതാ പറഞ്ഞേക്കാം ) പരിപ്പിലെ വെള്ളം മുഴുവന്‍ ഊറ്റിക്കളയുക. മിക്സി തുറന്ന് അതിലേക്ക് ഈ പരിപ്പും കായപ്പൊടിയും ഉണക്കമുളകും കടലപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.

    ഇനി വെള്ളത്തിലിട്ട കടലപ്പരിപ്പെടുത്ത് കഴുകി ഒരു തുണിയിലിട്ട് പിഴിഞ്ഞ് വെള്ളം മുഴുവന്‍ കളയുക ഇത് ഗ്രൈന്‍ഡറിലിട്ട് ചെറുതായി അരയ്ക്കുക. ഒരുപാട് അരയ്ക്കണ്ട . അല്പമൊന്ന് പൊടിഞ്ഞാല്‍ മതി.

    ഇനി ഇത് പരിപ്പ് അടിച്ചതിന്റെ കുഴമ്പിലേക്ക് ചേര്‍ക്കുക. പച്ചമുളകും വേപ്പിലയും ഇഞ്ചിയും ചേര്‍ത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. നനവ് അധികം വേണ്ട.

    ഇനി ഈ കൂട്ടു കൈയില്‍ വെച്ച് പരിപ്പുവടയുടെ പാകത്തില്‍ പരത്തുക.

    വെളിച്ചെണ്ണ ചൂടാക്കി ഓരോന്നായി ഇട്ട് വറുത്തു കോരുക. വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം ഒരു മീഡിയം ചൂടിലാക്കിയേ വറുക്കാവൂ. അല്ലെങ്കില്‍ വടയുടെ ഉള്‍ഭാഗം വേവില്ല. ഡീപ്പ് ഫ്രൈ ആയതുകൊണ്ട് എണ്ണ നന്നായി ഒഴിക്കണം. അല്ലെങ്കില്‍ വട എണ്ണ ഒരുപാട് കുടിക്കും ..ഇനി ഇത് കൈ ഒന്നും പൊള്ളിക്കാതെ പാത്രത്തിലേയ്ക്ക് മാറ്റാം പരിപ്പുവട റെഡി.

    ഇനി കുറച്ചു കട്ടന്‍ ചായ ഉണ്ടാക്കാം അതിനായി വേണ്ടത് പറഞ്ഞു തരില്ല തന്നെയങ്ങ് ചെയ്‌താല്‍ മതി അല്ലപിന്നെ

    എന്നിട്ട് ചുറ്റുവട്ടത്തുള്ള പിള്ളേരെയും കാര്‍ന്നോമാരെയും ഒക്കെ വിളിച്ചു അവര്‍ക്കൂടെ കൊടുത്തിട്ട് കഴിക്കുക..ഇല്ലെങ്കില്‍ കൊതി കിട്ടും
    അപ്പൊ എല്ലാവരും ഉണ്ടാക്കുക കഴിക്കുക…അഭിപ്രായങ്ങള്‍ അറിയിക്കുക

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    കൂട്ടരേ ഇന്ന് നമുക്ക് നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ ചിക്കന്‍ ഫ്രൈ ….ചേരുവകള്‍ കൃത്യമായി ചേര്‍ത്തും ശ്രദ്ധയോടെ തയ്യാറാക്കിയാല്‍ ചിക്കന്‍ ഫ്രൈയുടെ രുചി ഗംഭീരമാകും …ഇത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് …
    സ്വാദിഷ്ഠമായ ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം…ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചേരുവകള്‍

    ചിക്കന്‍- ഒരു കിലോ

    വെളുത്തുള്ളി- 5-6 എണ്ണം അല്ലികളാക്കിയത്

    പച്ചമുളക് – ആറ് എണ്ണം

    ഇഞ്ചി- ഒരു കഷ്ണം

    മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍

    മുളകുപൊടി- മൂന്നു ടീസ്‌പൂണ്‍

    പട്ട- നാലു ഗ്രാം

    ഗ്രാമ്പൂ- നാലു ഗ്രാം

    കുരുമുളക്- നാലു ഗ്രാം

    വിനാഗിരി ഒരു ടീസ്‌പൂണ്‍

    സോയാസ് സോസ്- ഒരു ടീസ്‌പൂണ്‍

    നാരങ്ങാനീര്- ആവശ്യത്തിന്

    സവാള – നാലെണ്ണം

    വേപ്പില – രണ്ടു തണ്ട്

    വെളിച്ചെണ്ണ- ആവശ്യത്തിന്

    ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം എങ്ങിനെയാണെന്ന് നോക്കാം

    കോഴി കഷണങ്ങളാക്കി നല്ലവണ്ണം കഴുകി വെക്കുക. അതിനു ശേഷം പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒരു ചട്ടിയില്‍ ചൂടാക്കി എടുക്കുക. അതിനുശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്ന് മിക്‌സിയില്‍ അടിച്ച് കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ മിക്‌സിയില്‍ അടിച്ചു കുഴമ്പുരൂപത്തിലാക്കുക. ഈ മിക്‌സും സോയാസ് സോസ്, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വെക്കുക. ഇനി ഇതില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചശേഷം അരമണിക്കൂര്‍ ഫ്രീസറില്‍വെക്കുക. മസാല നന്നായി ചിക്കനില്‍ പിടിക്കാന്‍വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
    സവാള .നല്ല ഗോള്‍ഡന്‍ കളര്‍ ആകുന്നതുവരെ വറുത്തു മാറ്റിവയ്ക്കുക

    അതിനുശേഷം ചിക്കന്‍ ഒരു ചട്ടിയില്‍ അഞ്ചു മിനിട്ടു വേവിച്ചെടുക്കുക. ഇനി എണ്ണ ചൂടാക്കി, അതിലിട്ടു
    വേവിച്ച ചിക്കന്‍ വറുത്തെടുക്കുക. നല്ല ഫ്രൈ ആക്കി എടുക്കണം … ഇതിന്റെ മുകളില്‍ സവാള, വെള്ളരിക്ക, കാരറ്റ്, തക്കാളി ( ഇപ്പോള്‍ ഇതില്‍ വെജിറ്റബിള്‍ ഇട്ടിട്ടില്ല അതൊക്കെ വേണ്ടവര്‍ക്ക്ചേര്‍ക്കാം ) എന്നിവ അരിഞ്ഞിടാം.ഒപ്പം പുതിനയിലയും ചേര്‍ക്കാം. കഴിക്കുന്നതിനുമുമ്പ് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ സ്വാദിഷ്ഠമായ ചിക്കന്‍ഫ്രൈ തയ്യാറായിരിക്കുന്നു.

    എല്ലാവരും ഇനി വീട്ടില്‍ ചിക്കന്‍ മേടിക്കുമ്പോള്‍ ഇതുണ്ടാക്കി നോക്കുമല്ലോ അല്ലെ വളരെ രുചികരമാണ് ഇത് …എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും …അഭിപ്രായങ്ങള്‍ അറിയിക്കണേ

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • വെറൈറ്റി പുട്ടും കടലക്കറിയും.

    വെറൈറ്റി പുട്ടും കടലക്കറിയും.

    പുട്ട് മലയാളികളുടെ ഇഷ്ട്ട ഭക്ഷണമാണ് അല്ലെ ..പുട്ടും കടലയും കഴിക്കാത്തവര്‍ കുറവായിരിക്കും …പുട്ടിന്‍റെ ബെസ്റ്റ് കോമ്പിനേഷന്‍ കടലക്കറി ആണ് …ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ സുഖങ്ങള്‍ കൊണ്ടോ ഇന്ന് പുട്ടിനു താല്പര്യം കുറഞ്ഞിട്ടുണ്ട്
    അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് ഇത് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് എന്നത് തന്നെയാണ് പ്രത്യേകത ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    1.ഗോതമ്പ് പൊടി – ഒരു കപ്പ് .( തവിടുള്ള(Extra Bran) ഗോതമ്പാണെങ്കില്‍ വളരെ നന്നായിരിക്കും)
    2.ഉപ്പ് – ആവശ്യത്തിനു
    3.കടല – അരക്കപ്പ് ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക)
    4.വെള്ളം – ആവശ്യത്തിന്
    5.വലിയ ഉള്ളി – 2 എണ്ണം (കനം കുറച്ച് അരിഞ്ഞത്)
    6.വെളുത്തുള്ളി – 8 അല്ലി (ചതച്ചത് )
    7.കടുക് – ആവശ്യത്തിന്
    8.എണ്ണ – ആവശ്യത്തിനു ( സണ്‍ ഫ്ലവര്‍ ഓയില്‍ ആയാല്‍ നല്ലത് )
    9.മുളകുപൊടി – അര റ്റീസ്പൂണ്‍ ( എരിവു കുറഞ്ഞത് )
    10.പച്ചമുളക് – 2 എണ്ണം
    11.മഞ്ഞള്‍പ്പൊടി – അര റ്റിസ്പൂണ്‍
    12.കറിവേപ്പില – 2 കതിര്‍പ്പ്
    13 തേങ്ങാ കൊത്തു – കാല്‍കപ്പ്

    ഉണ്ടാക്കേണ്ട വിധം

    പുട്ട്
    വായ് വട്ടമുള്ള ഒരു പാത്രത്തില്‍ ഗോതമ്പുപൊടിയെടുത്ത് വെള്ളവും ആവശ്യത്തിനു ഉപ്പുമിട്ട് (ഉപ്പ് നിര്‍ബന്ധമില്ല) പുട്ടിനുള്ള പാകത്തിനു കുഴയ്ക്കുക. അതൊരു പതിനഞ്ചു മിനിറ്റ് നേരം അവിടെയിരിക്കട്ടെ (ഇനി കട്ടകെട്ടുകയാണെങ്കില്‍ ഒന്നെടുത്തു മിക്സിയില്‍ അടിച്ചാല്‍ മതിയാകും ). ഇനി പുട്ടുകുടമെടുത്ത് പകുതിയോളം വെള്ളം നിറച്ച് അടുപ്പത്ത് വെയ്ക്കുക. തിളയ്ക്കുമ്പോള്‍ ഒരു കതിര്‍പ്പ് വേപ്പില അതിലിട്ട് നിറച്ചുവെച്ചിരിക്കുന്ന പുട്ടുകുറ്റി മെല്ലെ കുടത്തില്‍ ഘടിപ്പിക്കുക. പുട്ടുകുറ്റിയുടെ മൂടി വെക്കാന്‍ മറക്കരുത്. ആവി കുറ്റിയുടെ മുകളില്‍ നിന്നും വന്നാല്‍ തീകുറച്ച് 10 മുതല്‍ 15 മിനിട്ട് വരെ വേവിക്കുക.

    കടലക്കറി
    കുക്കറില്‍ ആ‍വശ്യത്തിന് വെള്ളവും കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കടലയും മഞ്ഞള്‍പ്പൊടിയും കനം കുറച്ചരിഞ്ഞുവെച്ചിരിക്കുന്ന വലിയ ഉള്ളിയും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. മൂന്നുമുതല്‍ നാലു വിസില്‍ അടിക്കുന്നതു വരെ വേവിക്കുക. . അഞ്ച് – ആറുമിനിട്ടുകൊണ്ട് കടല വേവും.
    ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ആവശ്യത്തിനു എണ്ണ(ആരോഗ്യമുള്ളവര്‍ ഒരു ടീസ്പൂണും ഇല്ലാത്തവര്‍ 2 ടീസ്പൂണും ) ഒഴിക്കുക. എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക . ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കുക.തെങ്ങകൊത്ത് പിന്നെ കറിവേപ്പില ചേര്‍ത്തിളക്കുക. വേപ്പില പൊട്ടിത്തെറിച്ചവസാനിച്ചാല്‍ തീകുറച്ച് മുളക് പൊടി ചേര്‍ക്കുക. മുളക് മൂത്തമണം വരുമ്പോള്‍ ( വേണമെങ്കില്‍ ഒന്ന് തുമ്മാം നിര്‍ബന്ധമില്ല ) വേവിച്ചുവെച്ചിരിക്കുന്ന കടല ഇതിലേക്ക് പകരുക . ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് മൂടിവെച്ച് അഞ്ചുമിനിട്ട് വേവിക്കുക. കടലക്കറി റെഡി.

    എത്ര എളുപ്പത്തില്‍ പണികഴിഞ്ഞു അല്ലെ അപ്പോള്‍ ഇനി അടുത്ത പണി തുടങ്ങാം കടലക്കറി ഒഴിഞ്ഞു അങ്ങ് കഴിക്കാം…. എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കുമല്ലോ അല്ലെ സ്ഥിരം പലഹാരത്തില്‍ നിന്നും വല്ലപ്പോഴും ഒന്ന് മാറ്റി പിടിക്കൂന്നെ ….

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • വീട്ടിലുണ്ടാക്കാം കൊതിയൂറും കപ്പലണ്ടി മിട്ടായി

    വീട്ടിലുണ്ടാക്കാം കൊതിയൂറും കപ്പലണ്ടി മിട്ടായി

    കപ്പലണ്ടി മിട്ടായി എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്… ഇപ്പോഴും ഒരു കപ്പലണ്ടി മിട്ടായി കിട്ടിയാല്‍ തല്ലിട്ടു കഴിക്കുന്നവരാണ്‌ ഞങ്ങള്‍ അതിന്മ്റെ രുചി ഒന്ന് വേറെതന്നെയാണ്‌ … കടകളില്‍ ഒക്കെ ചില്ല് ഭരണിയില്‍ ഇരിക്കുന്ന ഈ കപ്പലണ്ടി മിട്ടായി നമ്മളെ ഒരുപാട് കൊതിപ്പിച്ചിട്ടുണ്ട് അല്ലെ.. സ്വാദ് മാത്രമല്ല ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒരു സ്വീറ്റ് ആണിത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം …ഇത് തയ്യാറാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ളത്

    നിലകടല/കപ്പലണ്ടി 250 ഗ്രാം (വറുത്ത് തൊണ്ട് കളഞ്ഞത്)

    ശർക്കര പാവ് കാച്ചിയത് 250 ഗ്രാം ( ഇത് ഒന്ന് അരിച്ചു വയ്ക്കണം ഇല്ലെങ്കില്‍ കല്ല്‌ കടിക്കും )

    ഏലക്കാ 2 എണ്ണം പൊടിച്ചത് ( എലയ്ക്കയുടെ രുചി ഇഷ്ട്ടമില്ലാത്തവര്‍ ചേര്‍ക്കണ്ട )

    ഇനി ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം

    ചുവട് കട്ടിയുള്ള ഒരു പാൻ അടുപ്പില്‍ വച്ച് ചൂടാകുമ്പോൾ ശർക്കര പാനി ഒഴിച്ച് ചെറു തീയിൽ ഇളക്കി കൊടുക്കുക കട്ടിയായി വരുമ്പോൾ (അതായത് ഒരു തുള്ളി വെള്ളത്തിൽ ഇറ്റിച്ചാൽ ഉരുട്ടി എടുക്കാൻ പറ്റുന്ന പാകം ) ആയി വരുമ്പോൾ എലക്കാപ്പൊടിയും നിലക്കടലയും ചേർത്തിളക്കി ഒരു പരന്ന ചതുര പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്യുക. ഇതിനുശേഷം ഈ കൂട്ടു പകുതി തണുക്കുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയിത് വയ്ക്കുക. നല്ല പോലെ തണുത്താൽ കട്ട് ചെയ്യാൻ പാടാ ഹാർഡ് ആയി പോകും..ഇത് ഒരു ഭരണിയില്‍ ആക്കി വച്ച് ആവശ്യാനുസരണം എടുത്തു കഴിക്കാം

    ഇതുപോലെ തന്നെ ശര്‍ക്കരയ്ക്ക് പകരം പഞ്ചസാര ചേര്‍ത്തും ഉണ്ടാക്കാവുന്നതാണ്

    എല്ലാവരും ഇതുണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയുമല്ലോ അല്ലെ വളരെ എളുപ്പമല്ലേ ഇതുണ്ടാക്കാന്‍ ..എല്ലാവരും വീട്ടില്‍ ഇതുണ്ടാക്കി കഴിക്കണം കുട്ടികള്‍ക്കും കൊടുക്കണം അവര്‍ക്കിത് വളരെ ഇഷ്ട്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല …കടയില്‍ നിന്നും മറ്റു മിട്ടായികള്‍ ഒക്കെ വാങ്ങി കഴിക്കുന്നതിനെക്കാളും നല്ലതാണിത് പോഷക സമ്പുഷ്ടവുമാണ് … മറ്റൊരു വിഭവവുമായി വീണ്ടും വരാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • വാനില ഐസ്ക്രീം ഉണ്ടാക്കാം

    വാനില ഐസ്ക്രീം ഉണ്ടാക്കാം

    കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം .. നമ്മുടെ ആഘോഷപരിപാടികളും ഐസ്ക്രീം ഒരു താരമാണ് .. പലപ്പോഴും നമ്മള്‍ ഇത് കടകളില്‍ നിന്നുമാണ് വാങ്ങി കഴിക്കാറ് കഴിക്കുംന്തോറും കൊതി കൂടുകയും ചെയ്യും …എന്നാല്‍ കടകളില്‍ നിന്നും നമ്മള്‍ കൊതിയോടെ വാങ്ങി കഴിക്കുന്ന ഐസ്ക്രീമിലെ ചേരുവകള്‍ അറിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ നമ്മള്‍ ഐസ്ക്രീം കഴിക്കില്ല അത്രയ്ക്കും അറപ്പുളവാക്കുന്നവയാണ് കമ്പനികള്‍ ഐസ്ക്രീമില്‍ ചേര്‍ക്കുന്നത്..പക്ഷെ ഐസ്ക്രീം നമുക്ക് ഉപേക്ഷിക്കാനും വയ്യ അപ്പോള്‍ നമുക്കിത് വീട്ടില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാലോ അതില്പരം സന്തോഷമില്ലല്ലേ ..
    ഫ്രിഡ്ജും മിക്സിയും ഉള്ള വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഐസ്ക്രീം ( ഇന്ന് മിക്ക വീടുകളിലും ഇതുണ്ടാകും ഇല്ലാത്തവര്‍ ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കണേ കേട്ടോ ) ഇതാ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഐസ്ക്രീം ഇത് നമുക്ക് വിശ്വസിച്ച് കഴിക്കാം കൊതി തീരുംവരെ …ഐസ്ക്രീമില്‍ വാനില ഐസ്ക്രീം ആണ് മിക്കവര്‍ക്കും പ്രിയം നമുക്ക് വാനില ഐസ്ക്രീം തന്നെ ഉണ്ടാക്കാം ..ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചേരുവകള്‍

    പാല്‍ ക്രീം – 175 ഗ്രാം

    പാല്‍ – 620 ഗ്രാം

    പഞ്ചസാര – 150 ഗ്രാം

    മുട്ടയുടെ വെള്ളക്കരു – 2 മുട്ടയുടേത്

    കളര്‍ , ഫ്ലേവര്‍ – വാനില ( ഇഷ്ട്ടമുള്ളത് എടുക്കാം )

    ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം

    ഒരു പാത്രത്തില്‍ പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.

    ചൂടായി കഴിയുമ്പോള്‍ ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്തു ഇളക്കുക.

    ഇതില്‍ നിന്നും ആവി വരാന്‍ തുടങ്ങിയാല്‍ മുട്ടയുടെ വെള്ളക്കരു ചേര്‍ത്ത് നന്നായി ഇളക്കുക.

    അതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങി കളര്‍ ആവശ്യമെങ്കില്‍ ചേര്‍ത്ത് ഒരു മിക്സിയില്‍ ഇട്ട് ഒന്നു അടിച്ചെടുക്കുക.

    അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന്‍ അനുവദിക്കുക.

    4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.

    ഈ മിക്സ് ഒന്നു കൂടി മിക്സിയില്‍ ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്രീസറില്‍ വെച്ചു തണുപ്പിക്കുക.

    ഒന്നു രണ്ടു മണിക്കൂര്‍ കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.
    ഇനി ഒന്നുകൂടി പുറത്തെടുത്തു മിക്സിയില്‍ അടിക്കുക ….ഈ ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.

    ഇനി ഇഷ്ട്ടം പോലെ കൊതിതീരും വരെ കഴിക്കാം
    അപ്പോള്‍ എല്ലാവരും ഇപ്പോള്‍ തന്നെ ഉണ്ടാക്കി നോക്കുമല്ലോ അല്ലെ

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.