Blog

  • അല്പം അടുക്കള ടിപ്സ്

    അല്പം അടുക്കള ടിപ്സ്

    പുതിയ ചീനിച്ചട്ടിയിൽ നിന്നും വറുത്ത സാധനങ്ങൾ അടിയിൽ പറ്റാതെ ഇളകി വരാൻ ചേമ്പിൻ തണ്ട് അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ചാൽ മതി.
    കാറ്റു കയറാത്ത കൂടയിൽ ഒരു അല്ലി വെളുത്തുള്ളിക്കൊപ്പം ഉരുളക്കിഴങ്ങ് സൂക്ഷിച്ചാൽ വേഗം മുള വരില്ല

    ബദാം തക്കാളി ഇവ അഞ്ചു മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ടു വച്ചാൽ പെട്ടെന്നു തൊലി കളയാം

    ഉണ്ടാക്കിയ ജ്യൂസ് അധികം വന്നാൽ അത് ഐസ് ട്രേയിൽ ഒഴിച്ച് കട്ടകളാക്കുക. നാരങ്ങാവെള്ളം തയ്യാറാക്കുമ്പോൾ ഇവ ചേർത്താൽ നല്ല രുചി കിട്ടും

    കറിവേപ്പിലയുടെ ഇലകൾ മാത്രം അടത്തി വായു കയറാത്ത കുപ്പിയിൽ അടച്ചു വച്ചാൽ ഏറെ നാൾ കേട് വരാതെ ഇരിക്കും

    ഉരുളക്കിഴങ്ങ് വേവിക്കുമ്പോൾ അല്പം വിനാഗിരിയുടെ ചേർത്താൽ അത് വേഗം വെന്ത് കിട്ടും

    അടുക്കളയിൽ 60 ഹെൽതി ടിപ്സ്

    പാചകത്തിൽ ചിലർക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേൾക്കാറില്ലേ? എന്നാൽ ഈ കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഈ അടുക്കളവിദ്യകൾ ആരോഗ്യകരം കൂടിയാകുമ്പോൾ പാചകം പൂർണതയിലെത്തും.
    പച്ചക്കറികളും പഴങ്ങളും

    1 നേന്ത്രക്കായ്, വാഴയ്ക്ക എന്നിവ കറി വയ്ക്കാനായി അധികം തൊലികളയാതെ മുറിക്കുക, തൊലിയിലാണ് വിറ്റമിനുകൾ കൂടുതലുള്ളത്.

    2 ചെറുപയർ, മുതിര, സോയാപയർ എന്നിവയൊക്കെ മുളപ്പിച്ച് ഉപയോഗിക്കുക.

    3 തഴുതാമയില, കുടകനില, മുരിങ്ങയില, മത്തനില, പയറില, വള്ളി ചീരയില എന്നിവ യഥേഷ്ടം ഉപയോഗിക്കാം. വാഴക്കൂമ്പ് ഉപയോഗിക്കുമ്പോൾ വിരിഞ്ഞ വാഴപ്പൂവും എടുക്കാം. പൂവിന്റെ നടുക്കുള്ള കട്ടിയുള്ള നാര് മാറ്റിയിട്ട് ബാക്കി ഭാഗം മുറിച്ച് കറിയിലും കട്ലറ്റിലും ചേർക്കുക.

    4 അവിയലിൽ തക്കാളിക്കുപകരം അൽപം തൈരു ചേർത്താൽ രുചിയും ഗുണവുമേറും. വെജിറ്റബിൾ കുറുമ തയാറാക്കുമ്പോൾ ഒരു സ്പൂൺ ഓട്സ് പൊടിയോ, കോൺഫ്ളോറോ, അരിപ്പൊടിയോ, മൈദയോ ചേർത്താൽ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.

    5 കുറുമ തയാറാക്കുമ്പോൾ കുരുമുളക് വറുത്തു ചതച്ചതും അൽപം രംഭയിലയും കൂടി ചേർത്താൽ സ്വാദു കൂടും.

    6 ആഹാരത്തിൽ നാരുള്ള ഭക്ഷണം ധാരാളം ഉൾപ്പെടുത്തുക. വാഴക്കൂമ്പ്, വാഴപ്പിണ്ടി എന്നിവയിൽ ധാരാളം നാരുണ്ട്. വാഴയ്ക്കാ തൊലികൊണ്ടും തോരനുണ്ടാക്കാം.

    7 മിക്സഡ് വെജിറ്റബിൾ കറിയിൽ അൽപം ബ്രഡ് പൊടി ചേർത്താൽ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.

    8 തക്കാളി പെട്ടെന്ന് പഴുക്കാൻ ബ്രൗൺ പേപ്പർ ബാഗിലിട്ട് ഇരുട്ടത്ത് വയ്ക്കുക.

    9 പച്ചക്കറികൾ വാടിപോയാൽ നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ മുക്കിവച്ചാൽ പുതുമ തിരികെ കിട്ടും.

    10 കാരറ്റ് കുറുകെ മിറിക്കാതെ നീളത്തിൽ മുറിച്ചാൽ പെട്ടെന്നു വേകും.ഗ്യാസും ലാഭിക്കാം.

    11 പച്ചക്കറികൾ തുറന്നുവച്ചു വേവിക്കരുത്. പോഷകഘടകങ്ങൾ നഷ്ടപ്പെടും.

    12 വാഴപ്പിണ്ടി കറുക്കാതിരിക്കാൻ അരിഞ്ഞ് മോരിലിട്ടു വച്ചാൽ മതി.

    13 പച്ചക്കറികൾ അരിയുമ്പോൾ കൈയിലെ കറ കളയാൻ വാഴപഴത്തിന്റെ തൊലി കൊണ്ടു അമർത്തിതുടച്ചാൽ മതി.

    14 ഗ്രീൻപീസ് വേവിക്കുമ്പോൾ അൽപം പഞ്ചസാര കൂടി ചേർത്താൽ സ്വാദ് കൂടും.

    15 മത്തങ്ങാ മുറിക്കുമ്പോൾ വിത്തിന്റെ ഇടയിലുള്ള നാരുപോലുള്ള ഭാഗം (മത്തങ്ങാ ചോറ്) കളയണ്ട. ഇതെടുത്തു സാലഡോ മത്തങ്ങാ ചട്നിയോ തയാറാക്കാം.

    16 ചെറുപഴം കൂടുതൽ ഉള്ളപ്പോൾ നന്നായി ഉണക്കി വച്ചിരുന്നാൽ വളരെനാൾ കേടാകാതിരിക്കും. ഇത് ഈന്തപ്പഴം പോലെ ഉപയോഗിക്കാം.

    ഉള്ളിയും സവാളയും

    17 സവാള വഴറ്റുമ്പോൾ തന്നെ അൽപം ഉപ്പ് ചേർക്കുക. വേഗം വഴന്നുകിട്ടും. ഇങ്ങനെ എണ്ണ കുറയ്ക്കാം.

    18 മീൻകറി തയാറാക്കുമ്പോൾ സവാളയ്ക്കു പകരം ചുവന്നുള്ളി ചേർക്കുക. മല്ലിപ്പൊടിയും ചേർക്കേണ്ട. ഇങ്ങനെ മീൻകറി മൺപാത്രത്തിലുണ്ടാക്കി വച്ചാൽ രണ്ടുമൂന്നു ദിവസം കേടാകാതിരിക്കും.

    19 സവാളയും ചുവന്നുള്ളിയും മുറിക്കുമ്പോൾ അതിന്റെ മൂടും നാമ്പ് മുളയ്ക്കുന്ന ഭാഗവും കളയരുത് (കറിയിൽ ഉപയോഗിക്കുക) ഈ ഭാഗത്താണ് വിറ്റമിനുകൾ കൂടുതലുള്ളത്.

    20 ബിരിയാണിയും മറ്റും തയാറാക്കുമ്പോൾ സവാള വെയിലിൽ വാട്ടിവറുത്താൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാം.

    21 ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നാലഞ്ചുദിവസത്തേക്കുള്ളത് വെവ്വേറെ വഴറ്റി ഫ്രിഡ്ജിൽ വയ്ക്കുക. എണ്ണയുടെ ഉപയോഗം കുറയും. സമയവും ലാഭിക്കാം.

    ഇറച്ചിയും മീനും മുട്ടയും

    22 ഇറച്ചിക്കറി തയാറാക്കുമ്പോൾ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതൽ ചേർക്കുന്നത് ആരോഗ്യദായകമാണ്.

    23 മീനും ഇറച്ചിയും തയാറാക്കുമ്പോൾ വെളുത്തുള്ളി ചേർത്താൽ കൊളസ്ട്രോൾ നിയന്ത്രിക്കാം.

    24 മാംസം തയാറാക്കുന്നതിന് മുൻപ് അരമണിക്കൂർ നല്ല ചൂടുള്ള വെള്ളത്തിലിടുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിലലിയും.

    25 മീൻകറിയും ഇറച്ചിക്കറിയും തയാറാക്കി തണുപ്പിച്ച് ഫ്രിഡ്ജിൽ വച്ചാൽ കൊഴുപ്പ് മുകളിൽ കട്ടിയാകും. ഇതു സ്പൂൺകൊണ്ട് മാറ്റാം.

    26 കോഴിയിറച്ചിയും മീനും വറുക്കാതെ ആവിയിൽ പാകപ്പെടുത്തുന്നത് കൂടുതൽ ആരോഗ്യകരമാണ്.

    27 ചിക്കൻ ഫ്രൈ ഇഷ്ടമുള്ളവർ വറുക്കുന്നതിന് പകരം അവ്നിലോ തന്തൂരിയിലോ ഗ്രിൽ ചെയ്യുക.

    28 പോത്തിറച്ചി (ബീഫ്) പാകം ചെയ്യുമ്പോൾ ഒരു കഷണം പപ്പായ കൂടി ചേർത്താൽ ഇറച്ചിക്കറിക്കു നല്ല മാർദവം കിട്ടും.

    29 മീൻകറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേർത്താൽ ബിപി നിയന്ത്രിക്കാം.

    30 മീൻകറിയിലും അച്ചാറിലും മറ്റും ഇരുമ്പൻപുളി ഉപയോഗിച്ചാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം.

    31 മത്തി, കൊഴുചാള, അയില എന്നീ ചെറുമീനുകളിലെ ഒമേഗാ—3 ഫാറ്റീ ആസിഡുകൾ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നു.

    32 മൺപാത്രത്തിൽ മീൻകറി തയാറാക്കിയാൽ കൂടുതൽ ദിവസം കേടു കൂടാതിരിക്കും. രുചിയേറും.

    33 മീൻകറിക്കു പുളിക്കായി കുടംപുളിയോ ഇരുമ്പൻപുളിയോ ഉപയോഗിക്കുക. വാളൻപുളി കഴിവതും വേണ്ട. കുടമ്പുളിയാണു ചേർക്കുന്നതെങ്കിൽ ദഹനം സുഗമമാകും.

    34 മീനും കൊഞ്ചും വറുക്കുന്നതിനു പകരം അരപ്പുപുരട്ടി ഇലയിൽ വച്ചു പൊതിഞ്ഞുകെട്ടി എണ്ണമയം പുരട്ടിയ ചട്ടിയിൽ പൊള്ളിച്ചെടുക്കുക.

    35 രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ള മാത്രം കഴിക്കുക.

    പാൽ മുതൽ ചായ വരെ
    36 അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനം കൊണ്ട് പാൽ പിരിഞ്ഞാൽ ഇതിൽ പച്ചമുളകിന്റെ ഞെട്ടോ നാരങ്ങാനീരോ ചേർത്തു തൈരുണ്ടാക്കാം. അല്ലെങ്കിൽ പാൽ തുണിയിൽ അരിച്ചെടുത്ത് കട്ടിയാക്കി മുറിച്ച് പനീർ ഉണ്ടാക്കാം.

    37 ചായയ്ക്കുള്ള പാൽ ഫ്രിഡ്ജിൽ ഒരു പാത്രത്തിൽവച്ചിരുന്ന ശേഷം പുറത്തെടുത്ത് പാട മാറ്റിയശേഷം ചായ തയാറാക്കുക. ഈ പാട ഓരോ ദിവസത്തെയും ഒന്നിച്ചാക്കി ഫ്രീസറിൽ വച്ചിരുന്നാൽ ആവശ്യത്തിന് ഉപയോഗിക്കാനുള്ള പാൽ ക്രീമായി.

    38 ചായയോ കാപ്പിയോ ഒരു ദിവസം രണ്ടു നേരത്തിൽ കൂടുതൽ കഴിക്കരുത്. വേനൽകാലത്തും ഇളംചൂടു വെള്ളമാണ് ഏറ്റവും നല്ല ദാഹശമിനി.

    39 പൈപ്പു വെള്ളത്തിൽ ചായ തയാറാക്കുമ്പോൾ ക്ലോറിൻ മണം മാറാനായി വെള്ളം തിളപ്പിക്കുമ്പോൾ തന്നെ വേണ്ട പഞ്ചസാര ചേർക്കുക.

    പാചക എണ്ണ

    40 തവിട് എണ്ണയും ഒലിവ് എണ്ണയും നല്ലെണ്ണയും ഉപയോഗിക്കുക.

    41 വനസ്പതിക്കു പകരം മാർജറിൻ ഉപയോഗിച്ചാൽ ആരോഗ്യത്തിനു നല്ലതാണ്.

    42 നോൺസ്റ്റിക് ഫ്രയിങ് പാനും മൈക്രോവേവ് അവനും ഒടിജിയും (അവൻ ടോസ്റ്റർ ഗ്രിൽ) ഉപയോഗിച്ചാൽ എണ്ണയുടെ ഉപഭോഗം പരമാവധി കുറയ്ക്കാം.

    പ്രിസർവേറ്റീവും നിറങ്ങളും

    43 ഫുഡ് കളറുകളുടെ ഉപയോഗം കുറയ്ക്കുക. ആഹാരത്തിൽ ചുവന്ന നിറത്തിനായി തക്കാളിയും ഓറഞ്ച് നിറത്തിനായി കാരറ്റും മജന്ത നിറത്തിനായി ബീറ്റ്റൂട്ടും പച്ചനിറത്തിനായി വസല ചീരയും ഉപയോഗിക്കാം.

    44 അജിനോമോട്ടോ കഴിവതും ഉപയോഗിക്കാതിരിക്കുക. ഇത് ആമാശയ കാൻസർ ഉണ്ടാക്കാം.

    45 ഫുഡ്പ്രിസർവേറ്റീവ്സ് കഴിവതും ഒഴിവാക്കുക. സ്ക്വാഷും സിറപ്പും വീട്ടിൽ തയാറാക്കുക. പ്രിസർവേറ്റിവിന്റെ സഹായമില്ലാതെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം.

    46 ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് ഉണക്കിപ്പൊടിച്ചാൽ ഫുഡ്കളറാക്കാം.

    നല്ല പ്രാതൽ

    47 ഇളനീരിൽ പഞ്ചസാരയിട്ട് ആറുമണിക്കൂർ വച്ചശേഷം അത് അപ്പത്തിന്റെ മാവിൽ കുഴച്ചു ചേർക്കുക. നല്ല രുചിയും മണവും ലഭിക്കും.

    48 വെള്ളയപ്പം മൺചട്ടിയിൽ വച്ചു പാകപ്പെടുത്തുക. നല്ല മയം കിട്ടും.

    49 അപ്പത്തിന് പച്ചരി കുതിർക്കുമ്പോൾ ഒരു നുള്ളു ഉലുവയും ഉഴുന്നും കൂടി ചേർത്താൽ നല്ല മാർദവം കിട്ടും.

    50 പുട്ടുപൊടി നനച്ചു ഫ്രിഡ്ജിൽ വച്ചശേഷം പിറ്റേന്നു പുട്ടുണ്ടാക്കിയാൽ മാർദവവും രുചിയുമേറും.

    51 പുട്ടുണ്ടാക്കുമ്പോൾ മുളപ്പിച്ച പഞ്ഞപുല്ലുപൊടിയും തവിടു കളയാത്ത ചമ്പാവരിപൊടിയും സമാസമം ചേർക്കുന്നതു പോഷമൂല്യം കൂട്ടും. മുളപ്പിച്ച ചെറുപയറും ചീരയില പാകപ്പെടുത്തിയതും ഇടയ്ക്കിടെ വയ്ക്കുക. പോഷക പൂട്ടായി.

    52 പുട്ടുപൊടി വറുക്കുന്നതിനു മുൻപ് നന്നായി ആവി കയറ്റിയാൽ മൃദുവായ പുട്ടുണ്ടാക്കാം.

    53 തേങ്ങാവെള്ളത്തിൽ പുട്ടു നനച്ചാൽ ഗുണവും രുചിയും കൂടും.

    54 ഇഡ്ലിയും ഇടിയപ്പവും ബാക്കി വന്നാൽ പച്ചക്കറികളും സവാളയും പച്ചമുളകും ഗ്രേറ്റ് ചെയ്തതും വേവിച്ചു പൊടിയായി മുറിച്ച ഇഡ്ലിയും ഇടിയപ്പവും മിക്സ് ചെയ്യുക.ഇതിൽ അൽപം മസാലപൊടി കൂടി ചേർത്താൽ നല്ല ഒരു നാലുമണി വിഭവം തയാറാക്കാം.

    പൊതുവായി ശ്രദ്ധിക്കാൻ

    55 നെയ്യ് സൂക്ഷിക്കുമ്പോൾ അതിൽ ഒരു കഷണം ശർക്കര ഇട്ടുവച്ചാൽ പെട്ടെന്നു കേടാകില്ല.

    56 പ്രഷർ കുക്കറിലെയും പ്രഷർ പാനിലെയും കറ പോകാൻ നാരങ്ങാതൊലിയുടെ അകഭാഗം കൊണ്ടു തേച്ചുകഴുകുക.

    57 കട്ടൻകാപ്പി തയാറാക്കുമ്പോൾ നാലുതുളസിയിലയും ഒരു പനികൂർക്കയിലയും ചുക്കും കരുപ്പെട്ടിയും അൽപം കുരുമുളകും ചേർത്താൽ തണുപ്പു കാലത്ത് തൊണ്ടയ്ക്കു നല്ലതാണ്.

    58 കുക്കിങ്ഗ്യാസിൽ പാകം ചെയ്യുമ്പോൾ തിളച്ചാലുടൻ തീയ് സിമ്മിലിട്ടു പാകം ചെയ്യുക. ഗ്യാസ് വളരെ ലാഭിക്കാം.

    59 ഫ്രൂട്ട് കേക്കിൽ ബ്രാൻഡിയോ വിസ്കിയോ തളിച്ച് സിൽവർ ഫോയിലിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ കേക്ക് കേടാകാതിരിക്കും.

    60 സ്ഥിരമായി അലുമിനിയം പാത്രത്തിൽ ആഹാരം തയാറാക്കി കഴിക്കുന്നവർക്കു അൽഷിമേഴ്സ് രോഗത്തിനു സാധ്യത കൂടും. മൺപാത്രത്തിൽ ആഹാരം പാകം ചെയ്യുന്നതാണ് ആരോഗ്യകരം.

    കടപ്പാട് : മലയാള മനോരമ
    ഡോ ലൈലാറാണി വി…

  • വായില്‍  വെള്ളമൂറും പുളിയിഞ്ചി ഉണ്ടാക്കാം

    വായില്‍ വെള്ളമൂറും പുളിയിഞ്ചി ഉണ്ടാക്കാം

    പുളിയിഞ്ചി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും ഉണ്ടാക്കി നോക്കൂ

    ചേരുവകള്‍

    ഇഞ്ചി ചെറുതായി അരിഞ്ഞത്: ½ ഗ്ലാസ്

    വാളൻപുളി : ചെറുനാരങ്ങ വലുപ്പം

    ശർക്കര : 4-5എണ്ണം

    പച്ചമുളക് :1

    മുളക് പൊടി :¼ ടീസ്പൂൺ

    മഞ്ഞൾ പൊടി: ¼ ടീസ്പൂൺ

    കറിവേപ്പില :1 തണ്ട്

    ഉപ്പ് : 1 നുള്ള്

    വെളിച്ചെണ്ണ: 1 ടീസ്പൂൺ.

    കായം പൊടി: ¼ ടീസ്പൂൺ

    കടുക് :½ ടീസ്പൂൺ

    ചൂടുവെള്ളം:¼ ഗ്ലാസ്

    ഉണ്ടാക്കേണ്ട വിധം
    പുളി ചൂടുവെള്ളത്തിൽ കുറച്ച് നേരം ഇട്ടു പിഴിഞ്ഞു മാറ്റി വയ്ക്കുക.ഇഞ്ചി വളരെ ചെറുതായി അരിഞ്ഞ് ഉപ്പ് വെള്ളത്തിൽ ഇട്ട് വയ്ക്കുക.കുറച്ച് നേരം കഴിഞ്ഞ് പിഴിഞ്ഞെടുക്കുക.ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഇഞ്ചി ഇട്ട് നന്നായി വഴറ്റുക. ചുവന്നു വരുമ്പോൾ പച്ചമുളക് കറിവേപ്പില ചേർക്കുക. ഇഞ്ചി നന്നായി ചുവക്കുമ്പോൾ അതിലേക്ക് കായം പൊടിയും പുളി പിഴിഞ്ഞതും മഞ്ഞൾ പൊടിയും മുളക്പൊടിയും ചേർക്കുക. ശർക്കര പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കി കട്ടയാവാതെ കുറച്ച് അയഞ്ഞ പരുവത്തിൽ ഇറക്കുക. ഇല്ലെങ്കിൽ തണുക്കുമ്പോൾ കട്ടിയായി പോകും… പുളി അധികമുണ്ടെങ്കിൽ ശർക്കരയുടെ അളവ് കൂട്ടി പാകത്തിന് ആക്കുക

  • പഞ്ചാബി ചിക്കന്‍ ഉണ്ടാക്കാം

    പഞ്ചാബി ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കന്‍ ഒരു കിലോ,

    സവാള നൂറ്റി ഇരുപത്തഞ്ചു ഗ്രാം,

    വെളുത്തുള്ളി രണ്ട് ഡസര്‍ട്ട് സ്പൂണ്‍,

    മല്ലിപ്പൊടി രണ്ട് ഡസര്‍ട്ട് സ്പൂണ്‍,

    പെരും ജീരകം ഒരു ടീ സ്പൂണ്‍,

    ജീരകം ഒരു ടീ സ്പൂണ്‍,

    മുളകുപൊടി നാല് ടീ സ്പൂണ്‍,

    ഇഞ്ചി ഒരിഞ്ചു വലുപ്പമുള്ള കഷണം,

    മഞ്ഞള്‍ ചെറിയ കഷണം,

    കറുവപ്പട്ട അഞ്ചെണ്ണം,

    കശുവണ്ടി ഇരുപതെണ്ണം,

    തേങ്ങ ചുരണ്ടിയത് അരക്കപ്പ്,

    പുളി കുറഞ്ഞ തൈര് കാല്‍ക്കപ്പ്,

    തക്കാളിക്കഷണം ഒരു കപ്പ്,

    ഏലയ്ക്ക അഞ്ചെണ്ണം,

    നെയ്യ് അരക്കപ്പ്,

    പഞ്ചസാര മൂന്ന് ടീ സ്പൂണ്‍

    തയാറാക്കുന്ന വിധം

    വെളുത്തുള്ളി അരച്ച് തൈരില്‍ കലക്കുക. ഇഞ്ചി അരയ്ക്കുക. കശുവണ്ടിയും ചുരണ്ടിയ തേങ്ങയും ഒന്നിച്ചരയ്ക്കു ക. മല്ലി, പെരും ജീരകം, മുളകുപൊടി ഇവ മൂന്നും കൂടി അരയ്ക്കുക. ഒരു വിധം വലുപ്പമുള്ള കഷണങ്ങളായി ചിക്കന്‍ മുറിക്കുക. സവാള കനം കുറച്ച് അരിയുക. പഞ്ചസാര നെയ്യിലിട്ടു കരിയ്ക്കുക. കുമിളയാകുമ്പോള്‍, പട്ട, ഏലയ്ക്ക, സവാള എന്നിവയിടാം. സവാള വറുത്തു കഴിയുമ്പോഴേക്കും മഞ്ഞള്‍, ഇഞ്ചി ഇവ അരച്ചതു ചേര്‍ക്കുക. ബാക്കി അരപ്പുകള്‍ (കശുവ ണ്ടിയും തേങ്ങയും അരച്ചത്) ചേര്‍ക്കാം. നല്ല പോലെ വഴറ്റിയെടുക്കുക. അല്‍പ്പം തൈര് ഇടയ്ക്കിടെ ചേര്‍ക്കുക. എല്ലാ ലായനിയും തിളയ്ക്കുമ്പോള്‍, നെയ്യ് മുകളില്‍ ഒഴുകിക്കിടക്കും. തക്കാളി ചെറിയ കഷണങ്ങളാക്കി തേങ്ങ, കശുവണ്ടി ഇവ ചേര്‍ത്ത് മൊരിച്ചെടുക്കുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അടപ്പുകൊണ്ടു മൂടി ചിക്കന്‍ മൃദുവാകുന്നതുവരെ വേവിക്കുക.

  • ലക്ഷ്മിയേടത്തിയുടെ ഒരു സ്‌പെഷ്യല്‍ വിഭവം നമുക്കും ഉണ്ടാക്കിനോക്കാം

    ലക്ഷ്മിയേടത്തിയുടെ ഒരു സ്‌പെഷ്യല്‍ വിഭവം നമുക്കും ഉണ്ടാക്കിനോക്കാം

    രുചിയുടെ അമ്മമണവുമായി ലക്ഷ്മിയേടത്തിയുടെ കട

    ഹോട്ടലിന്റെ പേര് ‘ശൈലജ’ എന്നാണെങ്കിലും ‘ലക്ഷ്മിയേടത്തിയുടെ കട’ എന്നു പറഞ്ഞാലേ അതിനൊരു പൂര്‍ണത വരൂ. നാട്ടുകാര്‍ക്കും പറയാനിഷ്ടം അങ്ങനെ തന്നെ, “നമ്മടെ ലക്ഷ്മിയേടത്തീടെ കടയല്ലേ! അതാ ആ വളവിലാ…” വഴി പറഞ്ഞുതന്ന ചേട്ടന് സംശയമൊന്നുമില്ല. ദൂരെ നിന്നും ആരെങ്കിലും ഇവിടെ ഒരു കട അന്വേഷിച്ച് വരുന്നുണ്ടെങ്കില്‍ അത് ലക്ഷ്മിയേടത്തീടെ കട തന്നെയായിരിക്കും. അത്രയ്ക്ക് പ്രശസ്തമാണ് ഈ കുഞ്ഞുകട.

    തലശ്ശേരി- കൂത്തുപറമ്പ് റൂട്ടില്‍ എരഞ്ഞോളി പാലത്തിനടുത്താണ് ലക്ഷ്മിയേടത്തീടെ ഹോട്ടല്‍. ഈ ഹോട്ടലിനായി വഴി ചോദിച്ച് നിങ്ങള്‍ക്കൊരിക്കലും അലഞ്ഞുനടക്കേണ്ടി വരില്ല. അതുതന്നെയാണ് ലക്ഷ്മിയേടത്തീടെ ഹോട്ടലിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ വിശേഷണവും.
    കേട്ട കഥകളൊക്കെ സത്യമാണെന്ന് ആ പരിസരത്തേക്ക് അടുക്കുമ്പോള്‍ തന്നെ മനസിലാവും. അത്രയ്ക്കുണ്ട് തിരക്ക്, പക്ഷേ കാത്തുനില്‍ക്കാന്‍ ആര്‍ക്കും മുഷിപ്പില്ല. അത് ഈ അമ്മയുടെ കൈപുണ്യത്തിന്റെ ഗുണമാണ്. ഒരു തവണ ഇവിടുന്നു ഭക്ഷണം കഴിക്കുന്ന ആരും പിന്നീട് ഇതുവഴി പോകുമ്പാള്‍ ഭക്ഷണത്തെക്കുറിച്ച് ബേജാറാവില്ല.

    കേട്ടറിഞ്ഞ കൈപുണ്യത്തിന്റെ ഉടമ, ലക്ഷ്മിയേടത്തി, പ്രതീക്ഷയ്ക്ക് വിപരീതമായി അതാ നിറഞ്ഞ ചിരിയോടെ കൗണ്ടറിലിരിക്കുന്നു. ‘ഷൈലജയിലെ വിഭവങ്ങളെല്ലാം തന്നെ ലക്ഷ്മിയേടത്തീടെ കൈകൊണ്ടുണ്ടാക്കുന്നതാണ്’ എന്നാണ് കേട്ടത്. പക്ഷേ ഇവിടെയിതാ അകത്ത് ആവി പറക്കുന്ന വിഭവങ്ങള്‍ വിളമ്പുമ്പോള്‍ ലക്ഷ്മിയേടത്തി ഇവിടെയിരിക്കുകയാണ്. ലക്ഷ്മിയേടത്തി ഇവിടിരിക്കുമ്പോ പിന്നെ അകത്ത് ഈ ആവി പറക്കുന്ന വിഭവങ്ങള്‍ക്കു പിന്നില്‍ ആരാണ്!!

    ചുരുങ്ങിയ സമയം കൊണ്ട് ഇത്രയുമൊക്കെ ചിന്തിച്ചു നില്‍ക്കുമ്പോഴേക്കും ലക്ഷ്മിയേടത്തീടെ വാത്സല്യം നിറഞ്ഞ വിളി എത്തി അനാവശ്യ ചിന്തകളെയെല്ലാം മായ്ച്ചു കളഞ്ഞു. “മക്കള് ഒത്തിരി യാത്ര ചെയ്ത് അമ്മേ കാണാന്‍ ഇവിടെ വരെ വന്നതല്ലേ, ഇത്തിരി മോരു കുടിച്ച് ഒന്നിരുന്നിട്ട് സംസാരിക്കാം,” ഇത്രയും പറഞ്ഞ് ലക്ഷ്മിയമ്മ (ലക്ഷ്മിയേടത്തി എന്ന വിളി ഇവിടം കൊണ്ട് നിര്‍ത്തുന്നതാണ് നല്ലത് എന്ന വിവേകം ഇവിടെ മുതല്‍ കൂടെ കൂട്ടുന്നു.) ഞങ്ങളെ മകന്‍ പ്രേമനെ ഏല്‍പിച്ചു.

    അവിടെ നിന്നും സംശയങ്ങളുടെ കെട്ടുകള്‍ അഴിഞ്ഞു തുടങ്ങി. പൊതുവേ വാചാലനും ബഹുരസികനുമായ പ്രേമേട്ടന്‍ ‘ഹോട്ടല്‍ ശൈലജ’യുടെ അഥവാ ‘ലക്ഷ്മിയേടത്തീടെ കട’യുടെ ചരിത്രത്തിന്റെ ചുരുളഴിച്ചു തുടങ്ങി.
    ഭാര്യയുടെ കൈപ്പുണ്യത്തില്‍ അങ്ങേയറ്റം സംതൃപ്തനായിരുന്നു തച്ചോളി ഗോവിന്ദന്‍. എന്തുകൊണ്ട് ആ കഴിവ് നല്ലൊരു നളേക്കുവേണ്ടി ഉപയോഗിച്ചുകൂടാ എന്ന അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്നും 50 കൊല്ലം നീളുന്ന ലക്ഷ്മിയേടത്തീടെ കടയുടെ ചരിത്രം തുടങ്ങുന്നു.

    ഈ കടയുടെ നെടുംതൂണായിരുന്ന ലക്ഷ്മിയമ്മയുടെ ഭര്‍ത്താവ് മരിച്ചിട്ട് 22 കൊല്ലമാവുന്നു. ആ മരണം വലിയ ഒരാഘാതമായിരുന്നുവെങ്കിലും ഭര്‍ത്താവിന്റെ സ്വപ്‌നത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള ലക്ഷ്മിയേടത്തീടെ തീരുമാനം ഉറച്ചതായിരുന്നു.
    അടുക്കളയില്‍ നിന്നും മോരും കുടിച്ച് കഥയും കേട്ടിരുന്നപ്പോഴാണ് ശ്രദ്ധിച്ചത് അവിടെ ആരും പുതിയതായി ഒന്നും ഉണ്ടാക്കുന്നില്ല, പകരം നേരത്തേ ഉണ്ടാക്കി വെച്ച ഭക്ഷണ സാധനങ്ങള്‍ ചൂടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഓഹോ…..!! ഇപ്പൊ കാര്യങ്ങള്‍ കുറേശ്ശെ കത്തി തുടങ്ങി. ബാക്കിയുള്ളത് പ്രേമേട്ടനും പറഞ്ഞു തന്നു.

    ഇവിടുത്തെ വിഭവങ്ങളെല്ലാം അമ്മ തന്നെയാണ് ഉണ്ടാക്കുന്നത്, അത് ആവശ്യാനുസരണം ചൂടാക്കിയെടുക്കുന്ന പണി മാത്രമേയുള്ളൂ ഞങ്ങള്‍ക്ക്. അമ്മയ്ക്ക് വയസ് 72 ആയി, ഇപ്പോഴും രാവിലെ 4.30 ആവുമ്പൊ പണി തുടങ്ങും. 9, 10 മണിയോടു കൂടി പ്രധാന വിഭവങ്ങളെല്ലാം പാകമാകും,” പ്രേമേട്ടന്റെ കണ്ണില്‍ അമ്മയെക്കുറിച്ചുള്ള അഭിമാനവും സന്തോഷവും തിളങ്ങി.
    പല തരം മീന്‍ വറുത്തത്, കല്ലുമ്മകായ്, കക്ക ഫ്രൈ, ഞണ്ടും കൂന്തളും ഫ്രൈ ചെയ്തത്, ചിക്കന്‍ കറി, മീന്‍ മുളകിട്ടത് അങ്ങനെ പോകുന്നു വായില്‍ വെള്ളമൂറുന്ന വിഭവങ്ങളുടെ നീണ്ട നിര. പ്രേമനെ കൂടാതെ ഇളയമകന്‍ പ്രമോദ് കുമാറും മകള്‍ ഷൈജയും മരുമകള്‍ ചന്ദ്രികയും കടയില്‍ അമ്മയുടെ സഹായത്തിനായുണ്ട്. പുറത്തുനിന്ന് സഹായിയായി ഷേര്‍ളിചേച്ചി മാത്രമാണുള്ളത്.

    ഊണിനിപ്പോഴും ലക്ഷ്മിയേടത്തീടെ കടയില്‍ വില 30 രൂപ തന്നെ. “അമ്മേടടുത്ത് ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ മനസും വയറും ഒരുപോലെ നിറയണം,” ലക്ഷ്മിയേടത്തി പറയുന്നു. 11 മണി മുതല്‍ ഇവിടെ ഊണ് റെഡിയാണ്.
    ഞങ്ങള്‍ ഇറങ്ങുമ്പൊഴേക്കും വൈകുന്നേരത്തേക്കുള്ള വിഭവങ്ങളുട പണികള്‍ അടുക്കളയില്‍ തുടങ്ങിക്കഴിഞ്ഞു. “അമ്മ ഉണ്ടാക്കിയ കറികള്‍ ചൂടാക്കിയെടുക്കുകയേ വേണ്ടൂ. പുട്ടും, കപ്പയും, ചപ്പാത്തിയും, പൊറോട്ടയും പൊറോട്ടയും മാത്രം ഞങ്ങള്‍ മക്കളുടെ ഏരിയയാണ്,” പ്രേമേട്ടന്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

    ഭിത്തിയില്‍ തൂങ്ങുന്ന പ്രശംസാ ഫലകങ്ങള്‍ക്കും, അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്ന ചില്ലിട്ട ചിത്രങ്ങള്‍ക്കും താഴെ അപ്പോഴും നിറ ചിരിയോടെ ലക്ഷ്മിയേടത്തി ഇരിക്കുന്നു, ബില്ലുകള്‍ നോക്കുന്നു, പണം വാങ്ങുന്നു, കണക്കുകള്‍ പരിശോധിക്കുന്നു, അതിനിടയിലും ഭക്ഷണം കഴിക്കാനെത്തിയവരോട് കുശലാന്വേഷണം നടത്തുന്നു.

    ഇനി ലക്ഷ്മിയേടത്തിയുടെ ഒരു സ്‌പെഷ്യല്‍ വിഭവം നമുക്കും ഉണ്ടാക്കിനോക്കാം

    കൂന്തൾ മസാല

    കൂന്തൾ അരകിലോ

    ഉള്ളി അരകിലോ

    തക്കാളി കാല്‍ കിലോ

    പച്ചമുളക് 5 എണ്ണം

    വെളുത്തുള്ളി എട്ട് അല്ലി

    ഇഞ്ചി ചെറിയ കഷ്ണം

    മുളകുപൊടി ഒരു സ്പൂണ്‍

    മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍

    ഉപ്പ് ആവശ്യത്തിന്‌
    തക്കാളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കനം കുറച്ച് അരിഞ്ഞത് മുളകുപൊടിയും മഞ്ഞള്‍പൊടിയുമായി ചേര്‍ത്തു മാറ്റി വയ്ക്കുക. നീളത്തില്‍ കനം കുറച്ച് അരിഞ്ഞ ഉള്ളി വഴറ്റിയെടുക്കുക. ഉള്ളി വാടി വരുമ്പോള്‍ നേരത്തേ മാറ്റി വെച്ചിരിക്കുന്ന മിശ്രിതം ഉള്ളിയില്‍ ചേര്‍ത്തിളക്കുക.
    ഇതിലേക്ക് വൃത്തിയാക്കി കഴുകി മാറ്റിവെച്ചിരിക്കുന്ന കൂന്തൾ ചേര്‍ക്കുക. കൂന്തളില്‍ നിന്നിറങ്ങുന്ന വെളളത്തില്‍ വേവാന്‍ അനുവദിക്കുക. പ്രത്യേകമായി വേറെ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. അടച്ചുവെച്ചു വേവിക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ മേമ്പൊടിക്ക് കുരുമുളക് പൊടി ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക.

  • ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒന്നാണോ

    ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒന്നാണോ

    ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒന്നാണോ? പലര്‍ക്കും ആശയകുഴപ്പം ഉണ്ടാക്കുന്ന ഒരു ചോദ്യമാണിത്. നിങ്ങള്‍ പാചകം ചെയ്യുന്ന ആളാണെങ്കില്‍ ബേക്കിങ് സോഡയാണോ ബേക്കിങ് പൗഡറാണോ ഉപയോഗിക്കേണ്ടതെന്ന സംശയം പലപ്പോഴും ഉണ്ടായിട്ടുണ്ടാവും. ഇതിന് ഉത്തരം അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ ന്യൂട്രീഷനിസ്റ്റും ഡയറ്റീഷനുമായ ഡോ. സ്വാതി ദേവ് എഴുതിയിരിക്കുന്നത് എന്താണന്ന് നോക്കാം. ബേക്കിങ് സോഡയും ബേക്കിങ് പൗഡറും തമ്മിലുള്ള വ്യത്യാസം.

    baking powder

    അപ്പത്തിന്റെ മാവ് പുളിപ്പിക്കുന്നതിന് അപ്പത്തിന്റെ മാവ് പുളിപ്പിക്കുന്നതിന് വേണ്ടി എല്ലാവരും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയുടെ രാസഘടന തീര്‍ത്തും വ്യത്യസ്തമാണ്. ബേക്കിങ് സോഡ ഒരു ക്ഷാര സംയുക്തമാണ്. ഏതെങ്കിലും അമ്ലഗുണമുള്ള പദാര്‍ത്ഥവുമായി ചേരുമ്പോള്‍ ഇത് പ്രതിപ്രവര്‍ത്തിക്കും.

    അമ്ലഗുണമുള്ള പാദാര്‍ത്ഥങ്ങള്‍ ഉദാഹരണത്തിന് , വിനാഗിരി, മോര്, നാരങ്ങനീര്, തൈര് പോലെ അമ്ലഗുണമുള്ള പാദാര്‍ത്ഥങ്ങള്‍ ബേക്കിങ് സോഡയില്‍ ചേര്‍ക്കുകയാണെങ്കില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ഉണ്ടാവുകയും മാവ് പുളിക്കാന്‍ ഇത് കാരണമാവുകയും ചെയ്യും.

    അമ്ല പദര്‍ത്ഥങ്ങളുടെയും മിശ്രിതമാണ് ബേക്കിങ് പൗഡര്‍ അതേസമയം, ബേക്കിങ് സോഡയുടെയും ഇവയെ നനവില്ലാതെ വേര്‍തിരിച്ച് നിര്‍ത്തുന്ന അമ്ല പദര്‍ത്ഥങ്ങളുടെയും മിശ്രിതമാണ് ബേക്കിങ് പൗഡര്‍. നിലവില്‍ ലഭിക്കുന്ന ബേക്കിങ് പൗഡറുകള്‍ രണ്ട് രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതിന്റെ പുളിപ്പിക്കല്‍ രണ്ട് രീതിയില്‍ നടക്കും. അതായത് ആദ്യം വെള്ളം ചേര്‍ക്കുമ്പോഴും പിന്നീട് മാവ് ചൂടാക്കുമ്പോഴും.

    baking soda

    ബേക്കിങ് സോഡയ്ക്ക് പകരം ബേക്കിങ് പൗഡര്‍ ബേക്കിങ് സോഡയ്ക്ക് പകരം ബേക്കിങ് പൗഡര്‍ ഉപയോഗിക്കാം. നേരെ മറിച്ചും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അളവില്‍ അല്‍പം വ്യത്യാസം വരുത്തണം. ഉദാഹരണത്തിന് , ബേക്കിങ് സോഡയ്ക്ക് പകരം ബേക്കിങ് പൗഡറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നിടത്ത് മൂന്ന് ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ ചേര്‍ക്കണം. എങ്കിലെ പ്രതീക്ഷച്ച ഫലം ലഭിക്കൂ.

    baking powder

    ബേക്കിങ് സോഡയുടെ അളവ് ബേക്കിങ് പൗഡറിന് പകരം ബേക്കിങ് സോഡയാണ് ഉപയോഗിക്കുന്നതെങ്കില്‍ ബേക്കിങ് സോഡയുടെ അളവ് കുറയ്ക്കണം കൂടാതെ മാവ് പുളിപ്പിക്കുന്നതിന് അമ്ലപദാര്‍ത്ഥങ്ങള്‍ ഏതെങ്കിലും ചേര്‍ക്കുകയും വേണം. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് പൗഡര്‍ ചേര്‍ക്കാന്‍ പറയുന്നിടത്ത് ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്താല്‍ മതിയാകും. അതിനൊപ്പം രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് പോലെ അമ്ലഗുണമുള്ള പദാര്‍ത്ഥങ്ങള്‍ കൂടി ചേര്‍ക്കണം.

    ബേക്കിങ് സോഡയാണോ ബേക്കിങ് പൗഡറാണോ ഉപയോഗിക്കേണ്ടത്? ഇവ രണ്ടും ഉപയോഗിക്കുന്നതിന് പകരം മാവ് സ്വാഭാവികമായി പുളിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇഡ്ഡലി, ദോശ , കേക്ക് എന്നിവ ഉണ്ടാക്കാനാണ് ഇവ കൂടുതലായും ഉപോഗിക്കുന്നത്. അതിനാല്‍ ബേക്കിങ് സോഡയോ ബേക്കിങ് പൗഡറോ ഉപയോഗിക്കുന്നതിന് പകരം മാവ് സ്വയം പുളിക്കാന്‍ അനുവദിക്കുക.

    പൂര്‍ണമായും പ്രകൃതിദത്ത മാര്‍ഗം പൂര്‍ണമായും പ്രകൃതിദത്ത മാര്‍ഗം. കേക്കും മറ്റ് മധുരപലഹാരങ്ങളും ഉണ്ടാക്കുമ്പോള്‍ ഇവ മൃദുലമാക്കുന്നതിന് ബേക്കിങ് സോഡയോ പൗഡറോ ഉപയോഗിക്കുന്നതിന് പകരം വെണ്ണയും പാല്‍പ്പാടയും ഉപയോഗിക്കാം. ബേക്കിങ് സോഡ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കഴിക്കുന്ന അളവില്‍ കുറവ് വരുത്താന്‍ ശ്രദ്ധിക്കണം.

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഇത് നിങ്ങളും ഷെയര്‍ ചെയ്യൂ. ഈ പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലാ എങ്കില്‍ മറക്കാതെ ലൈക്‌ ചെയ്യൂ.

  • സ്വീറ്റ് മടക്ക്‌ ഉണ്ടാക്കാം

    സ്വീറ്റ് മടക്ക്‌ ഉണ്ടാക്കാം

    ചേരുവകള്‍

    മൈദ- രണ്ട് കപ്പ്

    മുട്ട- രണ്ടെണ്ണം

    ഉപ്പ്- ഒരു നുള്ള്

    ജിലേബി കളര്‍- ഒരു നുള്ള്

    പഞ്ചസാര- അര കപ്പ്

    ഏലക്ക പൊടിച്ചത്- മൂന്നെണ്ണം

    എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം:

    മുട്ട പതപ്പിച്ച് മൈദയും ഉപ്പും അല്‍പം ജിലേബി കളറും കുറച്ചു വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ മയത്തില്‍ കുഴക്കുക. ചപ്പാത്തിയുടെ കണക്കില്‍ ഉരുളകളാക്കിയതിനു ശേഷം പരത്തുക. അത് മടക്കിയതിനു ശേഷം രണ്ടായി മുറിക്കുക. പിന്നീട് അതിന്‍െറ മുകള്‍ഭാഗത്തായി കത്തി കൊണ്ട് വരഞ്ഞതിനു ശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക. പഞ്ചസാര കുറച്ചു വെള്ളമൊഴിച്ച് പാനിയാക്കി നൂല്‍പരുവത്തില്‍ ഏലക്കാപൊടിയും ചേര്‍ത്ത് മടക്കിനു മുകളിലായി ഒഴിക്കാം. അല്ലെങ്കില്‍ പഞ്ചസാരയും ഏലക്കയും മിക്സിയില്‍ പൊടിച്ചെടുത്ത് എണ്ണയില്‍ നിന്നും മടക്കി കോരി വെക്കുമ്പോള്‍ അതിനു മുകളിലായി വിതറാം.

  • പ്ലം കേക്ക് ഉണ്ടാക്കാം

    പ്ലം കേക്ക് ഉണ്ടാക്കാം

    ചേരുവകള്‍

    മുന്തിരി വൈന്‍ – 150 മില്ലി

    കറുത്ത മുന്തിരി(ഉണങ്ങിയത്)- 1/2 കിലോ

    ഇഞ്ചി ഉണക്കിയത് – 50 ഗ്രാം

    ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം.

    പഞ്ചസാര – 50 ഗ്രാം

    ചെറുനാരങ്ങയുടെ തൊലി

    ജാതിക്കാപ്പൊടി – 10 ഗ്രം

    ഉപ്പ് – 5 ഗ്രാം

    ചെറുനാരങ്ങ നീര്

    തേന്‍ – 25 മില്ലി

    റം – 100 മില്ലി

    കേക്ക് മിക്സ് ചെയ്യാന്‍

    ബട്ടര്‍ – 250 ഗ്രാം

    പഞ്ചസാര – 250 ഗ്രാം

    മൈദ – 250 ഗ്രാം(1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്തത്)

    മുട്ട – ആറ് എണ്ണം.

    പഞ്ചസാര കരിച്ചത് – 20 ഗ്രാം

     

    തയ്യാറാക്കുന്ന വിധം

     

    2 കിലോ പ്ലം കേക്ക് തയ്യാറാക്കാനുള്ള ചേരുവകളാണ് മേല്‍ പറഞ്ഞിരിക്കുന്നത്. ഫ്രൂട്ട് മിക്സിംഗ് ആണ് കേക്ക് ഉണ്ടാക്കുന്നതിനുള്ള ആദ്യ സ്റ്റേജ്. ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക് മുന്തിരി വൈന്‍ , 50 ഗ്രാം പഞ്ചസാര, 5 ഗ്രാം ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത് ( ഇഞ്ചിയും ഓറഞ്ച് തൊലിയും പഞ്ചസാരപ്പാനിയില്‍ വേവിച്ച് ഉണക്കി പൊടിച്ചത് ഉപയോഗിക്കുക)ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, ഉണങ്ങിയ കറുത്ത മുന്തിരി, ഒരു ചെറുനാരങ്ങയുടെ നീര്, തേന്‍ എന്നിവ നന്നായി ചൂടാക്കുക. വൈന്‍ വറ്റി ലായനി കട്ടിയായി വരുമ്പോള്‍ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോള്‍ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, 100 മില്ലി റം എന്നിവ ചേര്‍ത്ത്  ഇളക്കി മാറ്റി വയ്ക്കുക.

     

    ഇനി കേക്കിന്‍റെ1 മിക്സ് തയ്യാറാക്കാം. 250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടര്‍ എന്നിവ ചേര്‍ത്ത്  നന്നായി മിക്സ് ചെയ്യുക. അവ ക്രീം പരുവത്തിലാകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേക്ക് പഞ്ചസാര കരിച്ചത് ചേര്‍ക്കുക. പഞ്ചസാര വെള്ളം ചേര്‍ത്ത്  നല്ലവണ്ണം ചൂടാക്കി കരിച്ചെടുക്കുക. കേക്കിന് കളര്‍ നല്‍കാനാണ് ഇത് ചേര്‍ക്കുന്നത്. ഓരോ ചേരുവകള്‍ ചേര്‍ക്കുമ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാല്‍ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാന്‍ കാരണമാകും. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ് , കേക്ക് മിക്സിലേയ്ക്ക് ചേര്‍ക്കുക.ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത്  മൈദ കൂടി കേക്ക് മിക്സില്‍ ചേര്‍ത്ത്  ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്, ഒരു കിലോ കേക്ക് മിക്സ് എന്ന അനുപാതത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.ഒരു കിലോ വീതമാക്കി രണ്ട് പാത്രങ്ങളിലേയ്ക്ക് കേക്ക് മിശ്രിതം മാറ്റുക. 150 ഡിഗ്രി ചൂടുള്ള കനല്‍ നിറച്ച ചൂളയിലാണ് ഇവിടെ കേക്ക് തയ്യാറാക്കുന്നത്. ചൂളയില്ലെങ്കില്‍ മൈക്രോവേവ് അവനിലോ, ഇലക്ട്രിക്ക് അവനിലോ 150 ഡിഗ്രി ചൂടില്‍ കേക്ക് തയ്യറാക്കാവുന്നതാണ്. ഒന്നര മണിക്കൂര്‍ സമയം വേണം കേക്ക് ബേയ്ക്കാവാന്‍. തണുത്തതിനു ശേഷം മുറിച്ച് വിളമ്പാം