ലക്ഷ്മിയേടത്തിയുടെ ഒരു സ്‌പെഷ്യല്‍ വിഭവം നമുക്കും ഉണ്ടാക്കിനോക്കാം

Advertisement

രുചിയുടെ അമ്മമണവുമായി ലക്ഷ്മിയേടത്തിയുടെ കട

ഹോട്ടലിന്റെ പേര് ‘ശൈലജ’ എന്നാണെങ്കിലും ‘ലക്ഷ്മിയേടത്തിയുടെ കട’ എന്നു പറഞ്ഞാലേ അതിനൊരു പൂര്‍ണത വരൂ. നാട്ടുകാര്‍ക്കും പറയാനിഷ്ടം അങ്ങനെ തന്നെ, “നമ്മടെ ലക്ഷ്മിയേടത്തീടെ കടയല്ലേ! അതാ ആ വളവിലാ…” വഴി പറഞ്ഞുതന്ന ചേട്ടന് സംശയമൊന്നുമില്ല. ദൂരെ നിന്നും ആരെങ്കിലും ഇവിടെ ഒരു കട അന്വേഷിച്ച് വരുന്നുണ്ടെങ്കില്‍ അത് ലക്ഷ്മിയേടത്തീടെ കട തന്നെയായിരിക്കും. അത്രയ്ക്ക് പ്രശസ്തമാണ് ഈ കുഞ്ഞുകട.

തലശ്ശേരി- കൂത്തുപറമ്പ് റൂട്ടില്‍ എരഞ്ഞോളി പാലത്തിനടുത്താണ് ലക്ഷ്മിയേടത്തീടെ ഹോട്ടല്‍. ഈ ഹോട്ടലിനായി വഴി ചോദിച്ച് നിങ്ങള്‍ക്കൊരിക്കലും അലഞ്ഞുനടക്കേണ്ടി വരില്ല. അതുതന്നെയാണ് ലക്ഷ്മിയേടത്തീടെ ഹോട്ടലിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ വിശേഷണവും.
കേട്ട കഥകളൊക്കെ സത്യമാണെന്ന് ആ പരിസരത്തേക്ക് അടുക്കുമ്പോള്‍ തന്നെ മനസിലാവും. അത്രയ്ക്കുണ്ട് തിരക്ക്, പക്ഷേ കാത്തുനില്‍ക്കാന്‍ ആര്‍ക്കും മുഷിപ്പില്ല. അത് ഈ അമ്മയുടെ കൈപുണ്യത്തിന്റെ ഗുണമാണ്. ഒരു തവണ ഇവിടുന്നു ഭക്ഷണം കഴിക്കുന്ന ആരും പിന്നീട് ഇതുവഴി പോകുമ്പാള്‍ ഭക്ഷണത്തെക്കുറിച്ച് ബേജാറാവില്ല.

കേട്ടറിഞ്ഞ കൈപുണ്യത്തിന്റെ ഉടമ, ലക്ഷ്മിയേടത്തി, പ്രതീക്ഷയ്ക്ക് വിപരീതമായി അതാ നിറഞ്ഞ ചിരിയോടെ കൗണ്ടറിലിരിക്കുന്നു. ‘ഷൈലജയിലെ വിഭവങ്ങളെല്ലാം തന്നെ ലക്ഷ്മിയേടത്തീടെ കൈകൊണ്ടുണ്ടാക്കുന്നതാണ്’ എന്നാണ് കേട്ടത്. പക്ഷേ ഇവിടെയിതാ അകത്ത് ആവി പറക്കുന്ന വിഭവങ്ങള്‍ വിളമ്പുമ്പോള്‍ ലക്ഷ്മിയേടത്തി ഇവിടെയിരിക്കുകയാണ്. ലക്ഷ്മിയേടത്തി ഇവിടിരിക്കുമ്പോ പിന്നെ അകത്ത് ഈ ആവി പറക്കുന്ന വിഭവങ്ങള്‍ക്കു പിന്നില്‍ ആരാണ്!!

ചുരുങ്ങിയ സമയം കൊണ്ട് ഇത്രയുമൊക്കെ ചിന്തിച്ചു നില്‍ക്കുമ്പോഴേക്കും ലക്ഷ്മിയേടത്തീടെ വാത്സല്യം നിറഞ്ഞ വിളി എത്തി അനാവശ്യ ചിന്തകളെയെല്ലാം മായ്ച്ചു കളഞ്ഞു. “മക്കള് ഒത്തിരി യാത്ര ചെയ്ത് അമ്മേ കാണാന്‍ ഇവിടെ വരെ വന്നതല്ലേ, ഇത്തിരി മോരു കുടിച്ച് ഒന്നിരുന്നിട്ട് സംസാരിക്കാം,” ഇത്രയും പറഞ്ഞ് ലക്ഷ്മിയമ്മ (ലക്ഷ്മിയേടത്തി എന്ന വിളി ഇവിടം കൊണ്ട് നിര്‍ത്തുന്നതാണ് നല്ലത് എന്ന വിവേകം ഇവിടെ മുതല്‍ കൂടെ കൂട്ടുന്നു.) ഞങ്ങളെ മകന്‍ പ്രേമനെ ഏല്‍പിച്ചു.

അവിടെ നിന്നും സംശയങ്ങളുടെ കെട്ടുകള്‍ അഴിഞ്ഞു തുടങ്ങി. പൊതുവേ വാചാലനും ബഹുരസികനുമായ പ്രേമേട്ടന്‍ ‘ഹോട്ടല്‍ ശൈലജ’യുടെ അഥവാ ‘ലക്ഷ്മിയേടത്തീടെ കട’യുടെ ചരിത്രത്തിന്റെ ചുരുളഴിച്ചു തുടങ്ങി.
ഭാര്യയുടെ കൈപ്പുണ്യത്തില്‍ അങ്ങേയറ്റം സംതൃപ്തനായിരുന്നു തച്ചോളി ഗോവിന്ദന്‍. എന്തുകൊണ്ട് ആ കഴിവ് നല്ലൊരു നളേക്കുവേണ്ടി ഉപയോഗിച്ചുകൂടാ എന്ന അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്നും 50 കൊല്ലം നീളുന്ന ലക്ഷ്മിയേടത്തീടെ കടയുടെ ചരിത്രം തുടങ്ങുന്നു.

ഈ കടയുടെ നെടുംതൂണായിരുന്ന ലക്ഷ്മിയമ്മയുടെ ഭര്‍ത്താവ് മരിച്ചിട്ട് 22 കൊല്ലമാവുന്നു. ആ മരണം വലിയ ഒരാഘാതമായിരുന്നുവെങ്കിലും ഭര്‍ത്താവിന്റെ സ്വപ്‌നത്തെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള ലക്ഷ്മിയേടത്തീടെ തീരുമാനം ഉറച്ചതായിരുന്നു.
അടുക്കളയില്‍ നിന്നും മോരും കുടിച്ച് കഥയും കേട്ടിരുന്നപ്പോഴാണ് ശ്രദ്ധിച്ചത് അവിടെ ആരും പുതിയതായി ഒന്നും ഉണ്ടാക്കുന്നില്ല, പകരം നേരത്തേ ഉണ്ടാക്കി വെച്ച ഭക്ഷണ സാധനങ്ങള്‍ ചൂടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഓഹോ…..!! ഇപ്പൊ കാര്യങ്ങള്‍ കുറേശ്ശെ കത്തി തുടങ്ങി. ബാക്കിയുള്ളത് പ്രേമേട്ടനും പറഞ്ഞു തന്നു.

ഇവിടുത്തെ വിഭവങ്ങളെല്ലാം അമ്മ തന്നെയാണ് ഉണ്ടാക്കുന്നത്, അത് ആവശ്യാനുസരണം ചൂടാക്കിയെടുക്കുന്ന പണി മാത്രമേയുള്ളൂ ഞങ്ങള്‍ക്ക്. അമ്മയ്ക്ക് വയസ് 72 ആയി, ഇപ്പോഴും രാവിലെ 4.30 ആവുമ്പൊ പണി തുടങ്ങും. 9, 10 മണിയോടു കൂടി പ്രധാന വിഭവങ്ങളെല്ലാം പാകമാകും,” പ്രേമേട്ടന്റെ കണ്ണില്‍ അമ്മയെക്കുറിച്ചുള്ള അഭിമാനവും സന്തോഷവും തിളങ്ങി.
പല തരം മീന്‍ വറുത്തത്, കല്ലുമ്മകായ്, കക്ക ഫ്രൈ, ഞണ്ടും കൂന്തളും ഫ്രൈ ചെയ്തത്, ചിക്കന്‍ കറി, മീന്‍ മുളകിട്ടത് അങ്ങനെ പോകുന്നു വായില്‍ വെള്ളമൂറുന്ന വിഭവങ്ങളുടെ നീണ്ട നിര. പ്രേമനെ കൂടാതെ ഇളയമകന്‍ പ്രമോദ് കുമാറും മകള്‍ ഷൈജയും മരുമകള്‍ ചന്ദ്രികയും കടയില്‍ അമ്മയുടെ സഹായത്തിനായുണ്ട്. പുറത്തുനിന്ന് സഹായിയായി ഷേര്‍ളിചേച്ചി മാത്രമാണുള്ളത്.

ഊണിനിപ്പോഴും ലക്ഷ്മിയേടത്തീടെ കടയില്‍ വില 30 രൂപ തന്നെ. “അമ്മേടടുത്ത് ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ മനസും വയറും ഒരുപോലെ നിറയണം,” ലക്ഷ്മിയേടത്തി പറയുന്നു. 11 മണി മുതല്‍ ഇവിടെ ഊണ് റെഡിയാണ്.
ഞങ്ങള്‍ ഇറങ്ങുമ്പൊഴേക്കും വൈകുന്നേരത്തേക്കുള്ള വിഭവങ്ങളുട പണികള്‍ അടുക്കളയില്‍ തുടങ്ങിക്കഴിഞ്ഞു. “അമ്മ ഉണ്ടാക്കിയ കറികള്‍ ചൂടാക്കിയെടുക്കുകയേ വേണ്ടൂ. പുട്ടും, കപ്പയും, ചപ്പാത്തിയും, പൊറോട്ടയും പൊറോട്ടയും മാത്രം ഞങ്ങള്‍ മക്കളുടെ ഏരിയയാണ്,” പ്രേമേട്ടന്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

ഭിത്തിയില്‍ തൂങ്ങുന്ന പ്രശംസാ ഫലകങ്ങള്‍ക്കും, അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്ന ചില്ലിട്ട ചിത്രങ്ങള്‍ക്കും താഴെ അപ്പോഴും നിറ ചിരിയോടെ ലക്ഷ്മിയേടത്തി ഇരിക്കുന്നു, ബില്ലുകള്‍ നോക്കുന്നു, പണം വാങ്ങുന്നു, കണക്കുകള്‍ പരിശോധിക്കുന്നു, അതിനിടയിലും ഭക്ഷണം കഴിക്കാനെത്തിയവരോട് കുശലാന്വേഷണം നടത്തുന്നു.

ഇനി ലക്ഷ്മിയേടത്തിയുടെ ഒരു സ്‌പെഷ്യല്‍ വിഭവം നമുക്കും ഉണ്ടാക്കിനോക്കാം

കൂന്തൾ മസാല

കൂന്തൾ അരകിലോ

ഉള്ളി അരകിലോ

തക്കാളി കാല്‍ കിലോ

പച്ചമുളക് 5 എണ്ണം

വെളുത്തുള്ളി എട്ട് അല്ലി

ഇഞ്ചി ചെറിയ കഷ്ണം

മുളകുപൊടി ഒരു സ്പൂണ്‍

മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്‌
തക്കാളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കനം കുറച്ച് അരിഞ്ഞത് മുളകുപൊടിയും മഞ്ഞള്‍പൊടിയുമായി ചേര്‍ത്തു മാറ്റി വയ്ക്കുക. നീളത്തില്‍ കനം കുറച്ച് അരിഞ്ഞ ഉള്ളി വഴറ്റിയെടുക്കുക. ഉള്ളി വാടി വരുമ്പോള്‍ നേരത്തേ മാറ്റി വെച്ചിരിക്കുന്ന മിശ്രിതം ഉള്ളിയില്‍ ചേര്‍ത്തിളക്കുക.
ഇതിലേക്ക് വൃത്തിയാക്കി കഴുകി മാറ്റിവെച്ചിരിക്കുന്ന കൂന്തൾ ചേര്‍ക്കുക. കൂന്തളില്‍ നിന്നിറങ്ങുന്ന വെളളത്തില്‍ വേവാന്‍ അനുവദിക്കുക. പ്രത്യേകമായി വേറെ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. അടച്ചുവെച്ചു വേവിക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ മേമ്പൊടിക്ക് കുരുമുളക് പൊടി ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക.