ഇന്ന് നമുക്ക് കോഴി ചുട്ടെടുത്ത ബിരിയാണി ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനുവേണ്ട ചേരുവകള്‍
കോഴിയിറച്ചി – ഒരു കിലോ
മല്ലിപ്പൊടി – നാല് ടിസ്പൂണ്‍
വെളുത്തുള്ളി – അഞ്ചല്ലി
ഇഞ്ചി – ഒരു വലിയ കഷണം
മുളകുപൊടി – മൂന്നു ടിസ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്
വറ്റല്‍ മുളക് ചതച്ചത് -എട്ടെണ്ണം
ഉപ്പ് – ആവശ്യത്തിനു
മഞ്ഞള്‍പൊടി – ഒരു ടിസ്പൂണ്‍
തക്കാളി – രണ്ടെണ്ണം
പച്ചമുളക് – ആറെണ്ണം
ചുവന്നുള്ളി – എട്ടെണ്ണം
കുരുമുളക് – ഒരു ടിസ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിനു
ബിരിയാണി അരി – രണ്ടു ഗ്ലാസ്
രണ്ടു ടിസ്പൂണ്‍ നെയ്യ്
കറുവാപട്ട
ഏലക്കായ
ഗ്രാമ്പൂ
കുരുമുളക്
വയണ ഇല
ആദ്യം തന്നെ കോഴിയെ കഷണങ്ങള്‍ ആക്കാതെ നന്നായി വൃത്തിയാക്കി എടുക്കണം അതിനുശേഷം
വെളുത്തുള്ളി, ഇഞ്ചി, പേസ്റ്റ് ആക്കി , രണ്ടു ടിസ്പൂണ്‍ മല്ലിപ്പൊടി,അര ടിസ്പൂണ്‍ മഞ്ഞള്‍പൊടി, രണ്ടു ടിസ്പൂണ്‍ മുളകുപൊടി, ഉപ്പ്, എന്നിവ ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക . ഇതില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. അതിനുശേഷം ഈ പേസ്റ്റ് വൃത്തിയാക്കിയ കോഴിയില്‍ നന്നായി തേച്ചു പിടിപ്പിക്കണം മസാല കോഴിയുടെ എല്ലാ ഭാഗത്തും എത്തണം ..അതിനുശേഷം അരമണിക്കൂര്‍ വയ്ക്കുക. എന്നിട്ട് ഇത് ഒരു കമ്പിയില്‍ കോര്‍ത്ത് നല്ല തീക്കനല്‍ കൂട്ടി ചുട്ടെടുക്കുക.
ഇനി മസാലയാണ് ഉണ്ടാക്കേണ്ടത്. അതിനായിട്ട് മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചതച്ച മുളക് , ചതച്ചെടുത്ത ചെറിയുള്ളി, പച്ചമുളക്, തക്കാളി, കറിവേപ്പില, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റണം അതിനുശേഷം ഒരു ടിസ്പൂണ്‍ മുളകുപൊടി, അര ടിസ്പൂണ്‍ മഞ്ഞള്‍പൊടി, രണ്ടു ടിസ്പൂണ്‍ മല്ലിപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കി ഒരല്പം വെള്ളം ഒഴിച്ച് മൂടിവച്ച് വേവിച്ചു എടുക്കുക തക്കാളി നന്നായി വെന്തു ഉടയണം. ഇനി ഈ മസാലയിലേയ്ക്ക് ചുട്ടെടുത്ത കോഴി അതേപടി വയ്ക്കുക.
അതിനുശേഷം അരി സാധാരണ ബിരിയാണിക്കു വേണ്ടി വേവിക്കുന്ന പോലെ ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ അല്പം നെയ്യൊഴിച്ച് രണ്ടു കഷണം കറുവാപട്ടയും, നാലഞ്ച് ഏലക്കായും, അഞ്ചെട്ടു കരയാമ്പൂവും , അര ടിസ്പൂണ്‍ കുരുമുളകും , രണ്ടു വയണ ഇലയും കൂടി ഇട്ടു മൂപ്പിച്ചു രണ്ടു ഗ്ലാസ്
കുതിര്‍ത്തിയ അരിക്ക് മൂന്നു ഗ്ലാസ് വെള്ളം എന്നാ അളവില്‍ ഒഴിച്ച് വെള്ളം നന്നായി തിളയ്ക്കുമ്പോള്‍ അരിയിട്ട് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിച്ചു എടുക്കുക ഇതിന് പാതി വേവ് മതി. ഈ ചോറ് മസാലയ്ക്കും ഇറച്ചിക്കും മീതെ ഇട്ട് പാത്രം നന്നായി അടച്ച് അഞ്ചുമിനിറ്റ് ചെറുതീയില്‍ വേവിച്ചെടുക്കുക.
ചുട്ട കോഴി ബിരിയാണി റെഡി !
ഇതെല്ലാവരും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.