സൂപ്പുകള്‍ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യത്തിനും ഉന്മേഷത്തിനുമായി ദിവസത്തില്‍ ഒരു നേരം സൂപ്പുകള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
വിറ്റാമിനുകളുടെ അഭാവം പരിഹരിക്കാനും, മറ്റ് രോഗങ്ങളുള്ളവര്‍ക്കും വിവിധതരം സൂപ്പുകള്‍ പരീക്ഷിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാവുന്ന വെജ് ആന്‍ഡ് നോണ്‍വെജ് ഹെല്‍ത്തി സൂപ്പുകള്‍.
1. കാരറ്റ് ഒനിയന്‍ സൂപ്പ്
വണ്ണം കുറയ്‌ക്കേണ്ടവര്‍ക്ക് കാരറ്റ് ഒനിയന്‍ സൂപ്പ് അത്യുത്തമമാണ്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഊര്‍ജം ലഭിക്കുന്നുള്ളൂ. അതോടൊപ്പം കൊളസ്‌ട്രോള്‍ രഹിതവുമാണ്. കൂടാതെ വിറ്റാമിന്‍ എ ലഭിക്കുന്നു.
ചേരുവകള്‍
1. കാരറ്റ് അരിഞ്ഞത് – അരക്കപ്പ്
2. സവാള (വലുതായി അരിഞ്ഞത്) – മുക്കാല്‍ കപ്പ്
3. ആപ്പിള്‍ (തൊലിയോട് കൂടി) – അരക്കപ്പ്
4. മല്ലിയില, പുതിനയില (ആവശ്യമെങ്കില്‍) – അര ടീസ്പൂണ്‍
5. പാട നീക്കിയ പാല്‍ – അരക്കപ്പ്
6. കുരുമുളക് പൊടിച്ചത് – ആവശ്യമെങ്കില്‍
തയാറാക്കുന്ന വിധം
പ്രഷര്‍ കുക്കര്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള മൂപ്പിക്കുക. അതിലേക്ക് കാരറ്റ്, ആപ്പിള്‍, ഉപ്പ് എന്നിവ ഒന്നരക്കപ്പ് വെള്ളമൊഴിച്ച് ഇളക്കി മൂന്ന് തവണ വിസിലടിക്കുന്നതു വരെ വയ്ക്കുക. ചെറുതായി തണുക്കുമ്പോള്‍ മിക്‌സിയിലടിച്ച് എടുക്കുക. അതിനുശേഷം നോണ്‍സ്റ്റിക് പാനിലൊഴിച്ച് പാല്‍, അരക്കപ്പ് വെള്ളം, കുരുമുളക് പൊടി, ഉപ്പ്, മല്ലിയില, പുതിനയില ഇവ ചേര്‍ത്ത് യോജിപ്പിച്ച് 3 മിനിട്ട് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. സൂപ്പ് തയാറാകുമ്പോള്‍ ചൂടോട് കൂടി കുടിക്കുക.
2. കൊറിയാന്‍ഡര്‍ ലെമണ്‍ സൂപ്പ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന ഈ സൂപ്പ് ഏതു പ്രായക്കാര്‍ക്കും അത്യുത്തമമാണ്. ക്ഷീണം, വിളര്‍ച്ച തുടങ്ങിയവയ്ക്ക് പരിഹാരമാണ്.
ചേരുവകള്‍
1. ലെമണ്‍ ജ്യൂസ് – 1 ടേബിള്‍സ്പൂണ്‍
2. മല്ലിയില (അരിഞ്ഞത്) – കാല്‍ കപ്പ്
3. എണ്ണ – 2 ടീസ്പൂണ്‍
4. വെളുത്തുള്ളി (അരിഞ്ഞത്) – 2 ടീസ്പൂണ്‍
5. പച്ചമുളക് (അരിഞ്ഞത്) – 2 ടീസ്പൂണ്‍
6. സവാള (അരിഞ്ഞത്) – കാല്‍ കപ്പ്
7. കാബേജ് (അരിഞ്ഞത്) – കാല്‍ കപ്പ്
8. കാരറ്റ് (അരിഞ്ഞത്) – കാല്‍ കപ്പ്
9. ഉപ്പ്- ആവശ്യത്തിന്
10. കോണ്‍ഫ്‌ളോര്‍ – 2 ടീസ്പൂണ്‍ (2 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ അലിയിപ്പിക്കുക)
തയാറാക്കുന്ന വിധം
അടിഭാഗം കട്ടിയുള്ള നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും അരിഞ്ഞത് ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക. അതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റുക. വീണ്ടും അതിലേക്ക് കാരറ്റും കാബേജുമിട്ട് ചെറുതീയില്‍ ഒരു മിനിട്ട് വഴറ്റുക. 3 കപ്പ് വെള്ളം അതിലേക്കൊഴിച്ച് നാരങ്ങ നീര്, ഉപ്പ് കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ അലിയിച്ചതും ചേര്‍ത്ത് 3 മിനിട്ട് ചൂടാക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ചൂടാകുമ്പോള്‍ മല്ലിയിലയും ചേര്‍ത്ത് ഇളക്കുക.
3. കോളിഫ്‌ളവര്‍ സൂപ്പ്
വിറ്റാമിന്‍ സി, കെ, വിറ്റാമിന്‍ ബി6 എന്നിവ കോളിഫ്‌ളവര്‍ സൂപ്പില്‍ നിന്നും ലഭിക്കുന്നു. പ്രോട്ടീന്‍, പൊട്ടാസ്യം, മാംഗ്നീസ് എന്നിവയും കൂടുതലായി അടങ്ങിയിട്ടുണ്ട്.
ചേരുവകള്‍
1. കോളിഫ്‌ളവര്‍ (വലുതായി അരിഞ്ഞത്) – 2 കപ്പ്
2. എണ്ണ – 1 ടീസ്പൂണ്‍
3. സവാള അരിഞ്ഞത് – 1 കപ്പ്
4. പാട നീക്കിയ പാല്‍ – 2 കപ്പ്
5. സെലറി അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
6. ഉപ്പ്, കുരുമുളക് പൊടി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാളയിട്ട് 2 മിനിട്ട് ചെറുതീയില്‍ വഴറ്റുക. അതിലേക്ക് കോളിഫ്‌ളവര്‍ ഇട്ട് 4 മിനിട്ട് വഴറ്റുക. പാല്‍, വെള്ളം (അരക്കപ്പ്) ഇവ ഇതിലേക്കൊഴിച്ച് ഇളക്കി 10 മിനിട്ട് ചൂടാക്കുക. ചൂടാറിയതിനു ശേഷം വീണ്ടും പാനിലൊഴിച്ച് സെലറി, ഉപ്പ്, കുരുമുളക്, വെള്ളം (അരക്കപ്പ്), ഇവ ചേര്‍ത്തിളക്കി രണ്ട് മിനിട്ട് ചൂടാക്കുക. ഇടയ്ക്കിടെ ഇളക്കികൊടുക്കണം.