നാല് തരം മില്‍ക്ക് ഷേക്ക്‌

Advertisement

മില്‍ക്ക് ഷേക്കുകള്‍ കഴിക്കാന്‍ ആയിട്ട് നമുക്ക് ഏറെ ഇഷ്ട്ടമാണ് അല്ലെ ..പുറത്തൊക്കെ പോയാല്‍ നമ്മള്‍ കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നതും ഇതൊക്കെയാണ്…ഇന്ന് നമുക്ക് നാലുതരം മില്‍ക്ക് ഷേക്ക്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം നമുക്ക് ചോക്കലേറ്റ് മില്‍ക്ക് ഷേക്ക്‌ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

1. ചോക്കലേറ്റ് മില്‍ക്ക് ഷേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍- അര ലിറ്റര്‍
കൊക്കോ പൗഡര്‍- നാലു ടേബിള്‍ സ്പൂണ്‍
പഞ്ചസാര- നാലു ടേബിള്‍ സ്പൂണ്‍ (മധുരം ഓരോരുത്തരുടെയും ഇഷ്ടത്തിന് ക്രമീകരിക്കാം)
ചോക്കലേറ്റ് ഹോര്‍ലിക്സ്- രണ്ടു സ്പൂണ്‍ (പകരം ബൂസ്റ്റോ, ബോണ്‍ വിറ്റയോ ഉപയോഗിക്കാം)
നട്ട്സ്, ചെറി, ടൂട്ടി ഫ്രൂട്ടി- മൂന്നു സ്പൂണ്‍ വീതം
ഐസ്ക്രീം (ചോക്കലേറ്റ് അല്ലെങ്കില്‍ വാനില )- ഒരു സ്കൂപ്പ്

തയാറാക്കുന്ന വിധം
പാല്‍ തിളപ്പിച്ച് ഫ്രീസറില്‍ വച്ച് തണുപ്പിച്ച് കുറച്ച് കട്ടിയാക്കി എടുക്കുക (തിളപ്പിക്കാതെയും ഉപയോഗിക്കാം). മിക്സിയില്‍ പകുതി പാല്‍, കൊക്കോ പൗഡര്‍, പഞ്ചസാര എന്നിവ നന്നായി അടിക്കുക. ഇതിലേക്ക് ബാക്കി പാലു കൂടി ഒഴിച്ച് ഒന്നു കൂടി നന്നായി അടിക്കുക. നീളമുള്ള ഒരു ഗ്ലാസ് എടുത്ത് ആദ്യം കുറച്ച് നട്ട്സ്, ടൂട്ടി ഫ്രൂട്ടി ,കുറച്ച് ഹോര്‍ലിക്സ് എന്നിവ ഇട്ട ശേഷം മുകളില്‍ ഷേക്ക് ഒഴിക്കുക. ഗ്ലാസിന്‍റെ മുക്കാല്‍ ഭാഗം ഒഴിച്ച ശേഷം അതിനു മുകളില്‍ ഐസ്ക്രീം, ബാക്കിയുള്ള നട്ട്സ്, ടൂട്ടി ഫ്രൂട്ടി, ഹോര്‍ലിക്സ് എന്നിവ വിതറുക. മുകളില്‍ ചെറി വച്ച് അലങ്കരിച്ചു വിളമ്പാം.

2. ഷാര്‍ജ ഷേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
പഴം- നാലെണ്ണം (റോബസ്റ്റയാണെങ്കില്‍ നല്ലത് )
പാല്‍- നാലു ടീ കപ്പ്
പഞ്ചസാര- അഞ്ചു ടേബിള്‍ സ്പൂണ്‍
ചോക്ലേറ്റ് പൗഡര്‍- ഒരു ടേബിള്‍ സ്പൂണ്‍
(ബൂസ്റ്റ് / ബോണ്‍വിറ്റ / ചോക്ലേറ്റ് ഹോര്‍ലിക്സ് / മറ്റുള്ളവ )
അണ്ടിപരിപ്പും ബദാമും ചെറുതായി നുറുക്കിയത്- മൂന്നു ടീസ്പൂണ്‍
വാനില ഐസ്ക്രീം- രണ്ടു സ്കൂപ്പ്, ചെറി- അഞ്ചെണ്ണം
മിക്സഡ് ഫ്രൂട്ട് ജാം- ഒരു ടീ സ്പൂണ്‍ (ആവശ്യമെങ്കില്‍)

തയാറാക്കുന്ന വിധം
പാല്‍ തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ച് അല്‍പ്പം കട്ടിയാക്കി എടുക്കുക. (പാല്‍ തിളപ്പിക്കാതെയാണ് സാധാരണയായി ഉപയോഗിക്കുന്നത്). അരിഞ്ഞുവച്ച പഴം, പഞ്ചസാര, കുറച്ച് പാല്‍ എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. ഇതിലേക്ക് ബാക്കി പാലും കൂടെ ചേര്‍ത്ത് ഒന്നു കൂടി അടിക്കണം. ആവശ്യമെങ്കില്‍ കുറച്ച് ജാം കൂടെ ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഇനി നീളമുള്ള ഒരു ഗ്ലാസ് എടുത്ത്, അതില്‍ ആദ്യം കുറച്ച് നട്ട്സ്, ചോക്ലേറ്റ് പൗഡര്‍ എന്നിവ ഇടുക. ശേഷം അതിനു മുകളിലേക്ക് അടിച്ചു വച്ചിരിക്കുന്ന ഷേക്ക് ഗ്ലാസിന്‍റെ മുക്കാല്‍ ഭാഗം ഒഴിക്കുക. മുകളില്‍ ഐസ്ക്രീം സെറ്റ് ചെയ്യാം. ഇനി ബാക്കിയുള്ള നട്ട്സും ചോക്ലേറ്റ് പൗഡറും മുകളില്‍ വിതറം. ഒരു കഷ്ണം പഴം കൂടി വച്ച് അലങ്കരിക്കാം.

3.സ്ട്രോബെറി മില്‍ക്ക് ഷേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
സ്ട്രോബെറി- 10 എണ്ണം
പാല്‍- ഒരു കപ്പ്
പഞ്ചസാര- 3-4 ടേബിള്‍ സ്പൂണ്‍ (ഓരോരുത്തരുടെയും ഇഷ്ടത്തിന് മധുരം ക്രമീകരിക്കാം)
വാനില എസന്‍സ് (നിര്‍ബന്ധമില്ല) – രണ്ടു തുള്ളി
വാനില/സ്ട്രോബെറി ഐസ്ക്രീം- ഒരു സ്കൂപ്പ്
നട്ട്സ്, ടൂട്ടി ഫ്രൂട്ടി – മൂന്നു ടേബിള്‍ സ്പൂണ്‍ വീതം

തയാറാക്കുന്ന വിധം
പാല്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. സ്ട്രോബെറി ഇല കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞു വയ്ക്കുക. പഞ്ചസാര, സ്ട്രൊബെറി, പകുതി പാല്‍ എന്നിവ മിക്സിയില്‍ നന്നായി അടിക്കുക. വീണ്ടും ബാക്കിയുള്ള പാല്‍, വാനില എസന്‍സ് എന്നിവ കൂടി ചേര്‍ത്ത ശേഷം നന്നായി അടിക്കുക. നീളമുള്ള ഒരു ഗ്ലാസ് എടുത്ത് അടിയില്‍ കുറച്ച് നട്ട്സ്, ടൂട്ടി ഫ്രൂട്ടി ഇവ ഇട്ട ശേഷം അടിച്ചുവച്ചിരിക്കുന്ന മില്‍ക്ക് ഷേക്ക് ഒഴിക്കുക. മുക്കാല്‍ ഭാഗം ഷേക്ക് ഒഴിച്ച ശേഷം അതിനുമുകളില്‍ ഐസ്ക്രീം, നട്ട്സ്, ടൂട്ടി ഫ്രൂട്ടി എന്നിവ ഇട്ട ശേഷം മുകളില്‍ ഒരു സ്ട്രോബറി വച്ചു അലങ്കരിച്ചു വിളമ്പാം.

4.ഓറഞ്ച് ഷേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍- ഒരു കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക്- അര കപ്പ്
ഓറഞ്ച് സ്ക്വാഷ്- അര കപ്പ്
വെളളം- ഒരു കപ്പ്

തയാറാക്കുന്ന വിധം
പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, വെളളം എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് ഓറഞ്ച് സ്ക്വാഷ് ചേര്‍ത്തു വീണ്ടും അടിക്കുക. തണുപ്പിച്ച ശേഷം ഐസ് കഷ്ണങ്ങള്‍ ചേര്‍ത്തു ഉപയോഗിക്കാം.

നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യൂ.

ട്യൂണ തോരന്‍ ഉണ്ടാക്കാം