ഈസി പെപ്പര്‍ ചിക്കന്‍

കൂട്ടുകാരെ ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം …ഇപ്പൊ വന്നിരിക്കുന്നതും ഒരു ചിക്കന്‍ വിഭവം ആയിട്ടാണ് നമുക്ക് പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കിയാലോ ? ഇത് വളരെ സ്പൈസിയും ടേസ്റ്റിയുമാണ്‌ …ചിക്കന്‍ വിഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് …പാചകം ഒരു കലയാണ്‌ പ്രിയപ്പെട്ടവര്‍ക്കായി വെറൈറ്റി രുചികള്‍ ഉണ്ടാക്കി കൊടുക്കാന്‍ കഴിയുന്നത്‌ തന്നെ മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് അല്ലെ…ഇനി പെപ്പര്‍ ചിക്കന്‍ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം പേരുപോലെ തന്നെ ഇതില്‍ മുളക് പൊടി ക്ക് പകരം കുരുമുളക് ആണ് ഉപയോഗിക്കുന്നത് ഇതിനാവശ്യമുള്ള സാധനങ്ങള്‍

കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍ ( എരിവു കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം

നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍

സവാള –മൂന്നെണ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്

തക്കാളി – ഒരെണ്ണം നീളത്തില്‍ അരിഞ്ഞത്‌

പച്ചമുളക് – രണ്ടെണ്ണം , നീളത്തില്‍ അരിഞ്ഞത്‌

ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌

വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌

കറിവേപ്പില – രണ്ട് തണ്ട്

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍

മല്ലി പൊടി – രണ്ട് ടി സ്പൂണ്‍

പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍

എണ്ണ – 4 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്‌

ഇത് തയ്യാറാക്കുന്ന വിധം

1) ആദ്യമായി കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക

ഇനി ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ വയ്ക്കാം നന്നായി മസാല പിടിക്കട്ടെ

ഇനി ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക .

കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും.

സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക .

പച്ചമണം മാറുമ്പോള്‍ മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക .

ശേഷം തക്കാളിയും പച്ചമുളകും ചേര്‍ക്കുക .

ഇത് നന്നായി കുറച്ചു നേരം ഇളക്കുക .മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി പുരണ്ട ശേഷം അര കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക . ഇത് ഇടക്ക് ഇളക്കാന്‍ മറക്കരുത് .വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .

ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത് . ( പിന്നെ പേര് മാറ്റേണ്ടി വരും കരി ചിക്കന്‍ എന്ന് )

നന്നായി വെന്തു ചാറു കുറുകുമ്പോള്‍ തീ അണക്കുക . ( ചെറിയ കുറുക്കുചാര്‍ ഉള്ളതാണ് നല്ലത് ഇനി അത് വേണ്ടാത്തവര്‍ നന്നായി വരട്ടി എടുത്തോളൂ )

കഴിഞ്ഞു പെപ്പര്‍ ചിക്കന്‍ റെഡി

സ്വാദിഷ്ടമായ ഈ പെപ്പെര്‍ ചിക്കന്‍ നമുക്ക് ചോറ് , ചപ്പാത്തി ,പത്തിരി, ഇവയ്ക്കൊപ്പം എല്ലാം ചേര്‍ത്ത് കഴിക്കാം എല്ലാവരും ഉണ്ടാക്കി നോക്കണം വളരെ എളുപ്പമാണിത്‌ രുചികരവും

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.