നല്ല സാമ്പാര്‍ പൊടി വീട്ടിലുണ്ടാക്കാം

Advertisement
എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് സാമ്പാര്‍ . പല രീതിയില്‍ നമുക്ക് സാമ്പാറുണ്ടാക്കാം.
ഇതിനായി കടയില്‍നിന്നും പൊടി വാങ്ങേണ്ടതില്ല ഇപ്പോള്‍ ഒന്നും വിശ്വസിച്ച് വാങ്ങാന്‍ പറ്റുന്ന കാലമല്ല സര്‍വ്വത്ര മായം ആയിരിക്കും …
സാമ്പാറിനുള്ള പൊടി നമുക്ക് വീട്ടില്‍ത്തന്നെ  തയ്യാറാക്കാവുന്നതാണ്     ഈ പൊടി മണത്തിലും ഗുണത്തിലും സ്വാദിലും വളരെ മെച്ചമാണ്. ഇതുപയോഗിച്ചുണ്ടാക്കുന്ന സാമ്പാറിന് നല്ല വാസനയുണ്ടായിരിക്കും. പലതരം പരിപ്പുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇതിനു ഗുണം കൂടുതലുണ്ട്….
ഇതിനായി എന്തൊക്കെയാണ് ആവശ്യമെന്ന് നോക്കാം

250 ഗ്രാം വറ്റല്‍മുളക്,
500 ഗ്രാം മല്ലി,
50 ഗ്രാം ഉലുവ,
50 ഗ്രാം തുവരപ്പരിപ്പ്,
100 ഗ്രാം കടലപ്പരിപ്പ്,
50 ഗ്രാം പീസ് പരിപ്പ്
50 ഗ്രാം പച്ചരി
20 ഗ്രാം കായം
10 തണ്ട് കറിവേപ്പില
എന്നിവ വൃത്തിയാക്കി വെയിലില്‍ ഉണക്കിയെടുക്കുക.
ഇനി തയ്യാറാക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം

നല്ല വിസ്താരമുള്ള ചുവടുകട്ടിയുള്ള പാത്രമാണ് വറക്കാന്‍ പറ്റിയത്. ഓടുകൊണ്ടുള്ള ഉരുളി, വലിയ ഇരുമ്പ് ചീനച്ചട്ടി മുതലായവ നന്നായിരിക്കും. മുളക് ഒട്ടും കരിഞ്ഞുപോകാതെ, ഒടിച്ചാല്‍ ഒടിയുന്ന പാകത്തില്‍ വറുത്തെടുക്കുക. ഗ്യാസിലാണ് വറുക്കുന്നതെങ്കില്‍ ഇടയ്ക്കിടെ ഗ്യാസ് ഓഫ് ചെയ്തിട്ട് ഇളക്കിക്കൊണ്ടിരുന്നാല്‍ ഒട്ടും കരിഞ്ഞുപോവില്ല. മുളക് മൂത്താലുടന്‍ ഒരു മുറത്തിലോ പത്രക്കടലാസിലോ നിരത്തുക. അതേ ഉരുളിയില്‍ മല്ലിയിട്ട് തുടരെ ഇളക്കുക. പതുക്കെ ചുവന്നാല്‍ മുളകിന്റെ കൂട്ടത്തിലേക്ക് ചേര്‍ക്കുക. കൈയില്‍ രണ്ടു മല്ലിയെടുത്ത് വിരല്‍കൊണ്ട് ഞെരിച്ചാല്‍ പൊടിയുന്ന പാകത്തിലായിരിക്കും പതുക്കെ ചുവക്കുമ്പോള്‍, പരിപ്പുകള്‍ ഓരോന്നും വേറെ വേറെ വറക്കണം. 50 ഗ്രാം പച്ചരി പൊട്ടുന്ന പാകത്തില്‍ വറുത്തെടുക്കണം. ഉലുവ നന്നായി ചുവക്കണം. കറിവേപ്പില ഒടിച്ചാല്‍ ഒടിയുന്ന പാകത്തിലും. കായം വറുക്കാന്‍ ഉരുളി വേണ്ട.

20 ഗ്രാം കായം കഷണങ്ങളാക്കി മുറിച്ച ശേഷം ഒരു ഇരുന്വുചട്ടുകത്തില്‍ തീയില്‍ കാണിക്കണം. അപ്പോള്‍ അത് നന്നായി പൊള്ളിവരും. രണ്ടു വശവും പൊളളിച്ച് മറ്റു ചേരുവകളിലേക്കിടുക. പരിപ്പുകളും ഒരു ചെറിയ ചീനച്ചട്ടിയില്‍ വറുത്താല്‍ മതി. ഇങ്ങനെ പ്രത്യേകം പ്രത്യേകം വറുത്ത എല്ലാ സാധനങ്ങളും വീണ്ടും ഒന്നിച്ച് ഉരുളിയിലിട്ട് ഇളക്കി ഒന്നുകൂടി ചൂടാക്കണം.. ഇത് വാങ്ങി വച്ച് നന്നായി തണുത്താല്‍ മില്ലില്‍ പൊടിപ്പിക്കാം. മില്ലില്‍ നന്നായി പൊടിഞ്ഞ് കിട്ടും. മിക്‌സിയില്‍ അത്രയും നന്നായി പൊടിയുകയില്ല. ഈ പൊടി മൂന്നോ നാലോ പോളിത്തീന്‍ കൂടുകളിലാക്കി സീല്‍ ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യത്തിന് ഒരു കൂടു മാത്രം പൊട്ടിച്ച് ഉണങ്ങിയ കുപ്പിയിലിട്ട് അടച്ച് ഉപയോഗത്തിനായി വയ്ക്കാം. ഇങ്ങനെ സൂക്ഷിച്ചാല്‍ എട്ടുപത്തു മാസം ഒരു കേടും സംഭവിക്കുകയില്ല.

മായം ചേര്‍ത്ത പൊടികള്‍ കാശുകൊടുത്ത് വാങ്ങാതെ അല്പം സമയവും മനസ്സും ഉണ്ടെങ്കില്‍ നമുക്കിത് എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാം …എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം  കേട്ടോ …മറ്റൊരു കുറിപ്പുമായി വീണ്ടും വരാം
ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.