എഗ്ഗ് മോളി ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:
കോഴിമുട്ട 5
സവാള കാല്‍ കിലോ
ഇഞ്ചി 2 കഷണം
പച്ചമുളക് 5
തക്കാളി വട്ടത്തിലരിഞ്ഞത് 2
പട്ട 2 കഷണം
ഗ്രാമ്പൂ 3
ഏലക്ക 3
വെളിച്ചെണ്ണ 3 ടേബിള്‍ സ്പൂണ്‍
തേങ്ങ പാല്‍ 2 കപ്പ്
കറിവേപ്പില 2 കതിര്‍പ്പ്
ഉപ്പ് പാകത്തിന്
മഞ്ഞള്‍ പൊടി ഒരു നുള്ള്
ചെറുനാരങ്ങ ഒന്ന്
ഉലുവ ഒരു നുള്ള്
പാകം ചെയ്യുന്ന വിധം:
ഉണ്ണി ഉടഞ്ഞു പോകാതെ ഓരോന്നും ഇഡ്ഡലി കുക്കറിന്റെ മയം പുരട്ടിയ തട്ടില്‍ ഓരോ കുഴിയിലും ഓരോന്നായി ഒഴിച്ച് 10 മിനിട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക. മുട്ട പാകമാകുമ്പോള്‍ തട്ട് പുറത്തെടുത്ത് വെക്കുക. സവാളയും ഇഞ്ചിയും അല്‍പ്പം കനത്തില്‍ വട്ടത്തിലരിഞ്ഞു വെക്കുക. പച്ചമുളക് നെടുകെ കീറുക. കറിവേപ്പില,പട്ട,ഗ്രാമ്പൂ,ഏലക്ക എന്നിവ ഇതോടൊപ്പം ചേര്‍ത്ത് അല്‍പ്പം ചെറുനാരങ്ങാനീര് ഒഴിക്കുക.
തേങ്ങ ചിരകി രണ്ടു കപ്പ് തേങ്ങാപാല്‍ ശരിയാക്കി വെക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഒന്നിച്ചാകിയിരിക്കുന്ന ചേരുവകള്‍ വഴറ്റുക. ഒരു നുള്ള് ഉലുവയും ചേര്‍ക്കാം. വഴന്നു കഴിയുമ്പോള്‍ പാകത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കുക. മുട്ട വേവിച്ചത് കനം കുറഞ്ഞ ഒരു സ്പൂണ്‍ കൊണ്ടു ഉടയാതെ ഇളക്കിയെടുത്ത് മസാലകൂട്ടിലേക്ക് വെക്കുക. വട്ടത്തിലരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ തേങ്ങാപാല്‍ ഒഴിച്ച് ചൂടാകുമ്പോള്‍ ഇറക്കി വെക്കുക. കറിക്ക് മുകളില്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്താല്‍ എഗ്ഗ് മോളി തയ്യാര്‍. മുകളില്‍ വെണ്ണയോ, ചീസോ ചീകിയിട്ടു അലങ്കരിക്കാം.