Advertisement

അവിയല്‍

നേന്ത്രക്കായ, ചേന, മുരിങ്ങാക്കായ, കയ്പ്പക്ക, വെള്ളരിക്ക, കുമ്പളങ്ങ, കാരറ്റ്, നീണ്ട പച്ചപ്പയര്‍, ഉരുളക്കിഴങ്ങ്, ചേമ്പ്, മാങ്ങ. ഇവയൊക്കെയും, ഇനി എന്തെങ്കിലും പച്ചക്കറികള്‍ ഉണ്ടെങ്കില്‍ അതും ചേര്‍ക്കാം. ഇതില്‍, തക്കാളി, സവാള, എന്നിവ ചേര്‍ക്കുന്ന പതിവ് സാധാരണ ഇല്ല.
aviyal
എല്ലാ പച്ചക്കറികളും, അല്‍പ്പം നീളത്തില്‍ മുറിച്ചെടുക്കുക. ഒന്നേകാലിഞ്ച്. ആദ്യം കഴുകാന്‍ പറ്റുന്നത്, കഴുകിയെടുത്ത് മുറിക്കുക, അല്ലാത്തവ, മുറിച്ച ശേഷം കഴുകിയെടുക്കുക. കയ്പ്പക്ക, അധികം വേണ്ട. വളരെക്കുറച്ച് കഷണങ്ങളേ ഉള്ളൂവെങ്കില്‍, ഒന്നോ രണ്ടോ കഷണം കയ്പ്പക്ക മതി. പച്ചമുളക്, കുറച്ചെണ്ണം ഒന്നു ചീന്തിയിട്ടാലും കുഴപ്പമില്ല.

എല്ലാംകൂടെ, മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് വേവിക്കുക.

തേങ്ങ ചിരവിയെടുത്ത്, എരുവിന്റെ, ആവശ്യത്തിനു പച്ചമുളകും, അല്‍പ്പം ജീരകവും ചേര്‍ത്ത് ഒന്ന് ചതച്ചെടുക്കുക. പേസ്റ്റുപോലെ അരയേണ്ട ആവശ്യമില്ല.

ഒക്കെ നന്നായിവെന്തുകഴിഞ്ഞാല്‍, അതില്‍ തേങ്ങയരച്ചത് ചേര്‍ത്ത് ഇളക്കുക. വെള്ളം വേണ്ട. കഷണങ്ങളിലും, വേവാനുള്ള വെള്ളമേ ഒഴിക്കാവൂ. തേങ്ങയും ചേര്‍ന്ന്, വെന്തുകഴിഞ്ഞാല്‍, നല്ല പുളിയുള്ള തൈരോ മോരോ ഒഴിക്കുക. യോജിപ്പിക്കുക. ചൂടായാല്‍ വാങ്ങുക. തിളച്ച് തിളച്ച് കിടക്കരുത്. മുകളില്‍ വെളിച്ചെണ്ണ ഒഴിക്കുക. കറിവേപ്പില ഇടുക. പുളിയുള്ള മാങ്ങയുണ്ടെങ്കില്‍, പുളിത്തൈര് കുറേ ഒഴിക്കരുത്.

തയ്യാറായാല്‍, വെള്ളം വെള്ളം പോലെ ഇരിക്കരുത്. കഷണം, കഷണം പോലെ ഇരിക്കണം.

ഇടിച്ചക്ക അവിയല്‍

ഇതില്‍ കാരറ്റ്, കയ്പ്പക്ക, ഇടിച്ചക്ക, മാങ്ങ, മുരിങ്ങാക്കായ, കായ എന്നിവ ഇട്ടു. പിന്നെ തേങ്ങയും, ജീരകവും, പച്ചമുളകും, കറിവേപ്പിലയും വെളിച്ചെണ്ണയും വേണം. വേറെ കഷണങ്ങളും നിങ്ങളുടെ ഇഷ്ടം പോലെ ഇടാം. ചക്കയാവുമ്പോള്‍, ചേനയൊന്നും ഇട്ടില്ലെങ്കിലും കുഴപ്പമില്ല.

idichakka aviyal

 

കഷണങ്ങളൊക്കെ ചിത്രത്തില്‍ കാണുന്നതുപോലെ മുറിയ്ക്കണം. മാങ്ങ മുറിയ്ക്കുന്നതിനുമുമ്പാണ് ചിത്രത്തില്‍. അല്‍പ്പം പോലും നീളം കൂടാനോ കുറയാനോ പാടില്ല. അങ്ങനെ ആയാല്‍ അത് വേറെ അവിയല്‍ ആയിപ്പോകും. 😉 കഷണങ്ങളൊക്കെ കഴുകിയും മുറിച്ചും, മുറിച്ചും കഴുകിയും എടുക്കുക. അതിനാവശ്യമായ മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് നന്നായി വേവിയ്ക്കുക. വെള്ളം, വേവാന്‍ ആവശ്യമുള്ളത് മാത്രം ഒഴിക്കുക.

വെന്തുടയുന്നതാണിഷ്ടമെങ്കില്‍ അങ്ങനെ വേവിയ്ക്കണം. ഒരു വലിയ തേങ്ങയുടെ ഒരു മുറിത്തേങ്ങയുടെ പകുതി ചിരവിയെടുക്കുക. അതില്‍ മുന്നുനാല് പച്ചമുളകും, ഒന്നോ രണ്ടോ ടീസ്പൂണ്‍ ജീരകവും ഇട്ട് ഒന്ന് ചതച്ചെടുക്കുക. (മുളക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. എരിവ് വേണ്ടുന്ന പാകത്തില്‍). കഷണങ്ങളിലേക്ക് തേങ്ങ കൂട്ടി തിളപ്പിക്കുക. കുറച്ച് പുളിത്തൈര്‍ ഒഴിക്കുക. തിളയ്ക്കരുത് പിന്നെ. വാങ്ങിവയ്ക്കുക.

 

idichakka aviyal

 

വെളിച്ചെണ്ണ മുകളില്‍ ഒഴിയ്ക്കുക. കറിവേപ്പില തണ്ടോടെ ഇടുക. മാങ്ങയിട്ടാല്‍പ്പിന്നെ മോരിന്റെ, തൈരിന്റെ ആവശ്യം ഇല്ല. ഞാന്‍ ഇതില്‍ തൈരു കൂട്ടിയതുകൊണ്ടാണ് അങ്ങനെ എഴുതിയത്.