കിടിലന്‍ ചിരട്ടപ്പുട്ട് ഉണ്ടാക്കുന്ന വിധം

Advertisement

ചിരട്ടപ്പുട്ട് എന്ന് പറയുന്ന പുട്ട് ഞാന്‍ കണ്ടുപിടിച്ചതൊന്നുമല്ലെന്ന് എനിക്ക് നന്നായിട്ടറിയാം. പക്ഷെ ഇതുണ്ടാക്കിയ ചിരട്ട ഞാന്‍ വൃത്തിയാക്കിയെടുത്തതാണ്. ? ചിരട്ടപ്പുട്ട്, ചിരട്ടപ്പുട്ട് എന്ന് കേട്ടതല്ലാതെ ഇതുവരെ ഉണ്ടാക്കിയൊന്നുമില്ല. തിന്നുമില്ല. ഇപ്പോ ഒരാളുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ നല്ലൊരു പുട്ടുംകുറ്റിയിരിക്കുന്നു. ചിരട്ടപ്പുട്ട് ഉണ്ടാക്കുന്നത്. അതുപോലെയൊന്ന് നേരം കിട്ടുമ്പോള്‍ ഉണ്ടാക്കും. ഇപ്പോ തല്‍ക്കാലം ചിരട്ട മാത്രം മതിയെന്ന് വെച്ചു. പുട്ടെന്ന് പറയുന്നത് മലയാളിക്കിഷ്ടമുള്ള ഒരു വിഭവമാണ്. അധികം പുളിയില്ല. അധികം ജോലിയെന്ന് പറയാന്‍ ഇല്ല. അരിയും തേങ്ങയും ഉണ്ട്. ആവിയില്‍ വേവുന്നതായതുകൊണ്ട് ആരോഗ്യപരമായും കുഴപ്പമില്ല.

വലുപ്പമുള്ളൊരു ചിരട്ടയെടുക്കുക. കണ്ണുള്ളത്. പുറത്തെ നാരൊക്കെ കത്തികൊണ്ടോ വേറെന്തെങ്കിലും കൊണ്ടോ കളഞ്ഞ് നന്നായി മൊട്ടയാക്കിയെടുക്കുക. ഞാനത്ര മിനുക്കിയൊന്നുമില്ല. ഉള്ളിലും നന്നായി തേച്ചുകഴുകുക. എന്നിട്ട് ഒരു കണ്ണുമാത്രം തുളയ്ക്കുക. ചിരട്ടപ്പുട്ടിന്‍ കുറ്റി തയ്യാര്‍. ഈ പുട്ടിന്‍ കുറ്റിയിലേക്ക് സാധാരണ പുട്ടിന്‍ കുറ്റിയുടെ ചില്ല് ഇടുക, തേങ്ങ ഇടുക, അരിപ്പൊടി കുഴച്ചത് ഇടുക, പിന്നേം തേങ്ങയിടുക.
അതും റെഡി. ഇനി കുക്കറിനു മുകളില്‍ വയ്ക്കുന്ന പുട്ടിന്‍ കുറ്റി ആണ് ഉള്ളതെങ്കില്‍ അത് ആവിവരുന്ന കുക്കറിനു മുകളില്‍ ഉറപ്പിക്കുക. അതിന്റെ ചില്ല് ഇതില്‍ ഇട്ടു. അതുകൊണ്ട് ചില്ലിനെക്കുറിച്ച് ബേജാറാവരുത്. അതിന്റെ അടപ്പെടുത്ത് അടയ്ക്കുകയും ചെയ്യരുത്. പിന്നെ ആവി എവിടുന്ന് വരും? ആ കുക്കര്‍പുട്ടുകുറ്റിയുടെ മുകളില്‍ ചിരട്ടപ്പുട്ടുകുറ്റി ഉറപ്പിക്കുക. പുട്ടുകുറ്റിയും പുട്ടുകുറ്റിയും തമ്മില്‍ യോജിക്കുന്ന സ്ഥലത്ത് ആവി പുറമേക്ക് പോകാതിരിക്കാന്‍ ഒരു തുണി വട്ടത്തില്‍, വേണമെങ്കില്‍ കെട്ടാം. കാരണം ചിരട്ടപ്പുട്ടുകുറ്റിയുടെ ഷേപ്പ് നമ്മള്‍ ഉണ്ടാക്കുന്നതല്ലല്ലോ. അത് ചിലപ്പോള്‍‍ പൊങ്ങിയൊക്കെയിരിക്കും. വച്ചുകഴിഞ്ഞാല്‍ ഒരു പാകമുള്ള പ്ലേറ്റെടുത്ത് ചിരട്ടപ്പുട്ടുകുറ്റി അടയ്ക്കുക. ഇനി ആവി വരുന്നതും നോക്കിയിരിക്കുക. നന്നായി ആവി വന്നിട്ടേ വാങ്ങാവൂ. ആവി അടപ്പിന്റെ സൈഡില്‍ക്കൂടെ വന്നോളും. പേടിക്കേണ്ട. ഇനി കുക്കര്‍ പുട്ടുകുറ്റി അല്ലെങ്കിലും ആ പുട്ടുകുറ്റിയുടെ മുകളിലും ഇപ്പറഞ്ഞതുപോലെ വയ്ക്കുക. ആവി വന്ന് തീ കെടുത്തിയാല്‍ ഒന്നുരണ്ടു മിനുട്ട് കഴിയട്ടെ. ആക്രാന്തം കാണിക്കരുത്. ;

അടപ്പെടുത്ത് മാറ്റി, മെല്ലെ ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക.അല്ലെങ്കില്‍ പ്ലേറ്റ് ഇതിനുമുകളിലേക്ക് വച്ച് തിരിച്ച് എടുക്കുക. പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ഒരു സ്പൂണിന്റെ വാലോ, എന്തെങ്കിലും ഉപയോഗിച്ച് ഒരു കുത്തുകൊടുക്കുക.

ചിരട്ടപ്പുട്ട് തയ്യാര്‍! അരിപ്പൊടി, തേങ്ങ, ഉപ്പ്, വെള്ളം, കുഴയ്ക്കുന്ന കൈ എന്നിവയിലൊന്നും മാറ്റമില്ലാഞ്ഞതുകൊണ്ട് ഈ പുട്ട് പതിവുപോലെ നന്നായി. ? അരിപ്പൊടി കുഴച്ചശേഷം, മിക്സിപ്പാത്രത്തിലിട്ട് ഒന്ന് തിരിച്ച്, കുറ്റിയില്‍ ഇട്ടാല്‍ വളരെ മൃദുവായിരിക്കും പുട്ട്.

ഈ പുട്ടിനു ഒരു പ്രത്യേകത കൂടെയുണ്ട്. ഉണക്കലരി/ഉണങ്ങലരി പൊടിച്ച് വറുത്താണ് ഇതുണ്ടാക്കിയിരിക്കുന്നത്. കറിയും കൂട്ടി കഴിക്കുക. കറിയില്ലെങ്കില്‍ പഴവും പഞ്ചസാരയും. അതുമില്ലെങ്കില്‍ വെറുതെ.

ഈ പുട്ടാണ് എന്നുകണ്ടപ്പോള്‍ ചേട്ടന്‍ ഒരു പാട്ടു പാടി. ജയന്റെ ഏതോ സിനിമയില്‍ എന്നാണ് പറഞ്ഞത്. വിശദവിവരവും മുഴുവന്‍ പാട്ടും അറിയില്ല. എന്നാലും ഇതുണ്ടാക്കുമ്പോള്‍ ഈ പാട്ട് പാടണം.”വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മാ,നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദ് നോക്കണ ദിവസമെന്നാണ്,പൊന്നേ ദിവസമെന്നാണ്.”ഈ പാട്ട് മുഴുവന്‍ കിട്ടിയിരുന്നെങ്കില്‍……….വെറുതെ ഒന്നു പാടിനോക്കാമായിരുന്നു….