കിടിലന്‍ ശീമച്ചക്ക/കടച്ചക്ക തീയല്‍ ഉണ്ടാക്കുന്ന വിധം

Advertisement


വെളളിയാഴ്ച രാവിലെ പതിവുളള സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശനവേളയില്‍ ഈ വട്ടം കൈയില്‍ തടഞ്ഞതാണ് ഒരു സുന്ദരി ശീമച്ചക്ക… എന്നാ പിന്നെ ഇതുവച്ച് ഒരു കിടിലന്‍ തീയല്‍ ഉണ്ടാക്കാം എന്ന് വിചാരിച്ചു ഇന്ന് .എന്നാ പിന്നെ നിങ്ങളും ഇന്ന് കടച്ചക്ക തീയല്‍ ഉണ്ടാക്കിക്കോ ഇതാ റെസിപ്പി

ആവശ്യമായവ:

തോല്‍ചെത്തികഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയ കടച്ചക്ക – 2 കപ്പ്‌

ചുവന്നുള്ളി രണ്ടായി മുറിച്ചത് – ½ കപ്പ്‌

തേങ്ങ ചിരണ്ടിയത് – 1 മുറി

പച്ചമുളക് – 2 എണ്ണം

മഞ്ഞള്‍പൊടി – ½ ടീ സ്പൂണ്‍

ഉണക്ക വറ്റല്‍ മുളക് – 4 എണ്ണം

മല്ലി – 1 ടീ സ്പൂണ്‍

വാളന്‍ പുളി – 1 നെല്ലിക്ക വലുപ്പത്തില്‍ ( ഒരു ഗ്ലാസ് വെള്ളത്തില്‍)

വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ തേങ്ങ, മുളക്, മല്ലി എന്നിവ ചുവന്ന നിറം വരുന്നതുവരെ വറുക്കുക. ചൂടാറിയതിനുശേഷം നനവില്ലാതെ കല്ലിലോ മിക്സിയിലോ അരച്ചെടുക്കുക. വീണ്ടും ചീനച്ചട്ടിവച്ച് ചൂടാക്കി എണ്ണയൊഴിച്ച് അതില്‍ കടച്ചക്ക, പച്ചമുളക്, ഉള്ളി ഇവയിട്ട് നന്നായി വഴറ്റിയശേഷം അതിലേയ്ക്ക് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തിളക്കി പുളിവെള്ളവും ഒഴിച്ച് അടച്ച് വെച്ച് ചെറുതീയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ ശേഷം ആദ്യം തയ്യാറാക്കിവച്ച അരപ്പ് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വാങ്ങി വെച്ച് കടുക് താളിച്ചൊഴിക്കുക. തീയല്‍ റെഡി.