ഉരുളക്കിഴങ്ങ് ചേര്‍ത്ത ബീഫ് കറി ഉണ്ടാക്കാം

സണ്‍‌ഡേ സ്പെഷ്യല്‍ ഇപ്പോഴും എന്തായിരിക്കും ചിക്കന്‍, അല്ലെങ്കില്‍ ബീഫ് …ബീഫ് ആകും പലരുടെയും പതിവ് …ബീഫ് ഇല്ലെങ്കില്‍ ഞായറാഴ്ച ആകില്ലന്നു പറയും ഞങ്ങള്‍….പണ്ടൊക്കെ സണ്‍‌ഡേ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയൊക്കെ ആകും വിശന്നാകും വരുക അപ്പോള്‍ വഴിയരുകിലെ വീടുകളില്‍ നിന്നും ബീഫ് വേവുന്ന കൊതിപ്പിക്കുന്ന മണം ഒഴുകി വരും അവിടുന്ന് മുതല്‍ ഈ മണം പിടിച്ചു കൊതി മൂത്ത് വിശന്നു കയറി വന്നപാടെ അടുക്കളയിലേയ്ക്ക് ഓടും അവിടെ ബീഫ് കറി വെന്തു ഇറങ്ങിയിട്ടുണ്ടാകും ….വേഗം എടുത്തു കഴിക്കും …അന്നൊക്കെ സണ്‍‌ഡേ ആകണമായിരുന്നു ബീഫ് കൂട്ടാന്‍ പക്ഷെ ഇന്ന് വീടുകളില്‍ മിക്ക ദിവസങ്ങളിലും ബീഫ് കറി ഉണ്ടാകും ..എത്ര കൂട്ടിയാലും അന്നത്തെ ആ സ്വാദ് ഇന്നും കൊതിപ്പിക്കുന്ന ഒന്നാണ് … പഴയ കഥകള്‍ പറഞ്ഞു ബോറടിപ്പിക്കുന്നില്ല അപ്പോള്‍ നമുക്ക് കാര്യത്തിലേയ്ക്ക് വരാം

ഈസിയായിട്ട് ബീഫ് ഉരുളക്കിഴങ്ങ് ഉലര്‍ത്ത്‌ ഉണ്ടാക്കുന്ന വിധം ആണ് ഇന്ന് പറയുന്നത് ഇതിനാവശ്യമുള്ള സാധനങ്ങള്‍

ബീഫ് – ഒരു കിലോ

ഉരുളക്കിഴങ്ങ് – അരക്കിലോ

മഞ്ഞപ്പൊടി – മുക്കാല്‍ ടിസ്പൂണ്‍

മുളക് പൊടി – രണ്ടു ടിസ്പൂണ്‍

മസാലപൊടി – രണ്ടു ടിസ്പൂണ്‍

മല്ലിപ്പൊടി – രണ്ടു ടിസ്പൂണ്‍

കുരുമുളക് പൊടി – അര ടിസ്പൂണ്‍

ഇഞ്ചി – ഒരു കഷണം

സവാള -ഒരെണ്ണം

പച്ചമുളക് – അഞ്ചെണ്ണം

തേങ്ങാ കൊത്തു – കാല്‍ മുറിയുടെ

ചുവന്നുള്ളി – പതിനഞ്ചെണ്ണം

വെളുത്തുള്ളി – പത്തെണ്ണം

ഉലുവ – പത്തെണ്ണം ( കൂടുതല്‍ വേണ്ട )

കറിവേപ്പില – രണ്ടു തണ്ട്

വെളിച്ചെണ്ണ – ആവശ്യത്തിനു

ഉപ്പു – ആവശ്യത്തിനു

ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം

ബീഫ് കഴുകി നുറുക്കി വൃത്തിയാക്കി വെള്ളം പിഴിഞ്ഞ് കളഞ്ഞിട്ടു ഉപ്പും,മഞ്ഞപ്പൊടിയും,പച്ചമുളക് നീളത്തില്‍ അരിഞ്ഞതും ,ഇഞ്ചി ചതച്ചതും ,സവാള അരിഞ്ഞതും ,വേപ്പില കീറിയതും ,അല്പം മസാലപ്പൊടി ,കുറച്ചു വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ബീഫ് നന്നായി തിരുമ്മി ചേര്‍ക്കാം എന്നിട്ട് അടുപ്പത് വച്ച് വെന്തു വരുമ്പോള്‍ ഉരുളക്കിഴങ്ങ് തേങ്ങ കൊത്തു ഇവ ചേര്‍ക്കാം ( കിഴങ്ങ് ഇടുമ്പോള്‍ വെള്ളമില്ലെങ്കില്‍ മാത്രം ലേശം ഒഴിക്കാം വളരെ കുറച്ചു ) ഉരുളക്കിഴങ്ങ് വെന്തു കഴിയുമ്പോള്‍ ഇറക്കി വയക്കാം

അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉലുവ പൊട്ടിക്കാം , ചുവന്നുള്ളി ചതച്ചതും..വെളുത്തുള്ളി ചതച്ചതും ,വേപ്പിലയും കീറിയതും കൂടി വഴറ്റുക മൂത്ത് വരുമ്പോള്‍ ( ഉള്ളിയും വെളുത്തുള്ളിയും ഒക്കെ പിശുക്കാതെ എടുക്കണം നല്ല മണം മൂക്കിലെയ്ക്ക് കൊതിപ്പിക്കുന്ന മണം വരും ) മുളക് പൊടിയും,മല്ലിപ്പൊടിയും,മാസലപ്പോടിയും , കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി വഴട്ടാം അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഇതിലേയ്ക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം ( ചെറിയ കുഴമ്പന്‍ ചാറു നല്ലതാണ് )

നല്ല അടിപൊളി ഉളുരക്കിഴങ്ങു ബീഫ് ഉലര്‍ത്ത്‌ റെഡി

ഇത് വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ് എല്ലാവരും ഉണ്ടാക്കി നോക്കണം

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യാതെ പോകല്ലേ