കൊതിയൂറും അടപ്രഥമന്‍ ഉണ്ടാക്കാം

Advertisement

പായസം ഇഷ്ട്ടപ്പെടാത്ത ആരാ ഉള്ളത് …എന്താഘോഷം ഉണ്ടെങ്കിലും പായസമില്ലാതെ നമുക്കെന്ത് ആഘോഷം …പായസം പലവിധത്തില്‍ ഉണ്ടാക്കാം …ഓണം എത്തുന്നതിനു മുന്നേ പായസം ഉണ്ടാക്കാന്‍ പഠിക്കാം നമുക്ക്…ഇന്ന് ഉണ്ടാക്കുന്നത് അടപ്രഥമന്‍ ആണ്

1.അട – ഒരു പാക്കറ്റ്‌

2.ചവ്വരി – കാല്‍ കപ്പ്‌

3.തേങ്ങ – 4എണ്ണംതേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌

5.ശര്‍ക്കര – 500ഗ്രാം

6.അണ്ടി പരിപ്പ് – 100ഗ്രാം

ഉണക്ക മുന്തിരി – 50 ഗ്രാം

7.നെയ്യ് – 50ഗ്രാം

8.ചുക്ക് – ഒരു ടി സ്പൂണ്‍

9.ഏലക്ക പൊടി – കാല്‍ ടി സ്പൂണ്‍

ഇതുണ്ടാക്കുന്ന വിധം
ആദ്യം തന്നെ തേങ്ങ തിരുമ്മി പിഴിഞ്ഞ് തേങ്ങാ പാല്‍ എടുക്കാം

അതിനൊരു എളുപ്പ വഴി പറയാം തേങ്ങ മിക്സിയില്‍ രണ്ടു കപ്പ് വെള്ളം ഒഴിച്ച് ഒന്ന് അടിച്ചെടുത്തു പിഴിഞ്ഞ് എടുക്കാം അപ്പോള്‍ തേങ്ങയിലെ പാല്‍ എല്ലാം കിട്ടും ( ഒരുപാട് തിരുമ്മി കൈ വേദനിക്കുകയും ഇല്ല ) ഈ പാല്‍ ഒരു തുണിയില്‍ നന്നായി അരിച്ചു എടുക്കാം.ഇതാണ് ഒന്നാം പാല്‍ ( ഏകദേശം മൂന്നു കപ്പ് പാല് ഉണ്ടാകും ഇത് മാറ്റി വയ്ക്കാം )

ഇനി ഈ തേങ്ങ ഒന്നുകൂടി മൂന്നുഗ്ലാസ് വെള്ളം ഒഴിച്ച് അടിച്ചു എടുക്കാം ഇതു രണ്ടാം പാല്‍ നന്നായി അരിച്ചു എടുത്തു വയ്ക്കാം

ഇനി ഈ തേങ്ങ പീര ഒന്നൂടി അടിച്ചു അഞ്ചു ഗ്ലാസ് വെള്ളം ഒഴിച്ച് പിഴിഞ്ഞ് എടുക്കാം ( എന്നിട്ട് പീര കളഞ്ഞേക്കൂ ഇനി ഇതിനെ ഒന്നിനും കൊള്ളൂല്ല ) ഇത് മൂന്നാം പാല്‍ ഇതും അരിച്ചു എടുത്തു വയ്ക്കാം

ഇനി അടുത്തതായി ചുക്കും ഏലക്കയും പൊടിച്ചു എടുക്കുക. കശുവണ്ടി മുന്തിരി വറുത്ത് മാറ്റി വെക്കുക.തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയതും വറക്കുക. നല്ല ബ്രൌണ്‍ നിറം ആകണം

ശര്‍ക്കര ഒരു കപ്പ്‌ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക .ശര്‍ക്കര നന്നായി അലിഞ്ഞു കഴിയുമ്പോള്‍ ,വാങ്ങി അരിച്ചെടുക്കുക . ഈ വെള്ളം മാറ്റി വെക്കുക.

ഇനി ഒരു പാത്രത്തില്‍ മൂന്ന് കപ്പ്‌ വെള്ളം ഒഴിച്ച് ചവ്വരി അതിലിട്ടു തിളപ്പിക്കുക.ചവ്വരി ട്രാന്‍സ്പെരനറും
മൃദുവും ആകുംവരെ വേവിക്കുക. ഇതും മാറ്റിവെക്കുക.

അട ആവശ്യമായ വെള്ളം ചേര്‍ത്ത് വേവിക്കുക .കിട്ടുന്ന പാക്കറ്റില്‍ അട നീളത്തില്‍ ആണെങ്കില്‍ കൈ കൊണ്ട് ഒടിച്ചു ചെറുതാക്കുക .വെന്തു കഴിയുമ്പോള്‍ അട നല്ല മൃദു ആകും .വാങ്ങി ഊറ്റി എടുക്കുക.പിന്നയും ഒട്ടുന്ന പോലെ തോന്നുന്നുവെങ്കില്‍ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം ഒഴിച്ച് ഒന്ന് കൂടി ഊറ്റി എടുത്താല്‍ മതിയാകും .

ഇനി നമുക്ക് അങ്കം തുടങ്ങാം ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , ഇത് എപ്പോഴും ഇളക്കാന്‍ വിട്ടു പോകരുത്.അട പ്രഥമന്‍ തയ്യാറാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം .( ചന്തൂനെ തോല്‍പ്പിക്കാന്‍ ആകില്ല എന്നൊക്കെ മനസ്സില്‍ കരുതാം )

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ (ഉരുളി ആണ് ഏറ്റവും നല്ലത് ),ശര്‍ക്കര പാനി ഒഴിക്കുക .ഇതിലേക്ക് അടയും ചവ്വരിയും ഒന്നിച്ചു ചേര്‍ത്ത് ഇളക്കുക. അട പാത്രത്തിന്‍റെ സൈഡ് വിട്ടു വരും വരെ ഇളക്കുക.

ഇനി നെയ്യ് ഒഴിക്കാം .ഇളക്കു തുടര്‍ന്ന് കൊണ്ടിരിക്കുക.ഇളക്കിക്കൊണ്ടേ ഇരിക്കുക

ഇതിലേക്ക് മൂന്നാം പാല്‍ ഒഴിക്കുക .തിളക്കാന്‍ അനുവദിക്കുക.കൊഴുത്ത്(തിക്ക് ) വരും വരെ ഇളക്കു തുടര്‍ന്ന് കൊണ്ടിരിക്കുക. ഇളക്ക ലോട് ഇളക്കല്‍ ( ഇത് കത്ത് പിടിക്കും )

തിളക്കുമ്പോള്‍ രണ്ടാം പാല്‍ ഒഴിക്കുക.ഇതു നല്ല കൊഴുത്ത് വരുമ്പോള്‍ ഒന്നാം പാല്‍ ഒഴിക്കുക.തിളക്കാന്‍ പാടില്ല . ഒന്ന് ചൂടാകുമ്പോള്‍ വാങ്ങി ഏലക്കയും ചുക്കും കശുവണ്ടിയും വറുത്ത തേങ്ങ കഷണങ്ങളും
മുന്തിരിയും ചേര്‍ത്ത് അടച്ചു വെക്കുക.

അട പ്രഥമന്‍ കൂടുതല്‍ കട്ടി ആയിപ്പോയെങ്കില്‍ വിഷമിക്കണ്ട തേങ്ങപ്പാലോ തിളപ്പിച്ച പശുവിന്‍ പാലോ ഒഴിച്ച് ശരിയാക്കാം .നമ്മളോടാ കളി … അങ്കം ജയിച്ചു

അടപ്രഥമന്‍ തയ്യാര്‍

ഒരിത്തിരി ക്ഷമ ഉണ്ടെങ്കില്‍ വളരെ ഈസിയായി ഇത് ഉണ്ടാക്കി എടുക്കാം …എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ ഇഷ്ട്ടമായാല്‍ ഇത് ഷെയര്‍ ചെയ്യുക…പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ പേജ് ലൈക് ചെയ്‌താല്‍ മതി

ഷവര്‍മ്മ നമുക്ക് വീട്ടിലുണ്ടാക്കാം