കക്കയിറച്ചി വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്

Advertisement


സാധാരണ എല്ലാവരും പറയാറുണ്ട് കക്കയിറച്ചി വാങ്ങിയാല്‍ വൃത്തിയാക്കാന്‍ വലിയ വിഷമമൊന്നുമില്ല, നന്നായി കഴുകി മണല്‍ കളഞ്ഞ് എടുത്താല്‍ മതിയെന്ന്. എന്നാല്‍ അത് ശരിയല്ല, കക്കയിറച്ചി പാചകം ചെയ്യാന്‍ എടുക്കുമ്ബോള്‍ അതിലെ അഴുക്കെല്ലാം വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.

സാധാരണയായി കക്ക വൃത്തിയാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം. കക്കയിറച്ചി നാലഞ്ച് തവണ നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുമ്ബോള്‍ കക്കയിലെ മണ്ണും കരടുമെല്ലാം പോയിക്കിട്ടും. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കക്കയിറച്ചിയിലെ അഴുക്ക് നീക്കം ചെയ്യുക എന്നതാണ് അടുത്ത പടി.

കക്കയിറച്ചില്‍ അഴുക്കിരിക്കുന്ന ഭാഗം നമുക്ക് കൃത്യമായി കാണാന്‍ സാധിക്കും. അഴുക്കിരിക്കുന്നതിന് തൊട്ടു പിന്നിലായി തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച്‌ ചെറുതായി അമര്‍ത്തിക്കൊടുക്കുമ്ബോള്‍ തന്നെ അഴുക്ക് പുറത്തേക്ക് വരുന്നത് കാണാം.

ഇത്തരത്തില്‍ അഴുക്ക് മുഴുവന്‍ നന്നായി പുറത്തെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഓരോ കക്കയിറച്ചിയും പ്രത്യേകം എടുത്ത് ഇത്തരത്തില്‍ വൃത്തിയാക്കണം. അല്‍പം സമയം മിനക്കെടുത്തുന്ന പരിപാടിയാണ് ഇത് എങ്കിലും കക്കയിറച്ചി ഇത്തരത്തില്‍ വൃത്തിയാക്കി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

വലിയ കക്കയിറച്ചിയാണെങ്കില്‍ വൃത്തിയാക്കാന്‍ ഇത്ര ബുദ്ധിമുട്ടുണ്ടാവില്ല. തീരെ ചെറിയ കക്കയിറച്ചിയാണെങ്കിലാണ് വൃത്തിയാക്കാന്‍ ബുദ്ധിമുട്ട്, എന്നാല്‍ ഇതിനാണ് രുചി കൂടുതല്‍. അതുകൊണ്ടുതന്നെ ബാക്കി പാചകപരിപാടികളെല്ലാം കഴിഞ്ഞ ശേഷം വേണം കക്കയിറച്ചി വൃത്തിയാക്കലിന് നിക്കാന്‍.

ഇനി കക്കയിറച്ചി നന്നാക്കാനുള്ള മറ്റൊരു മാര്‍ഗം നോക്കാം. നന്നായി കഴുകി വൃത്തിയാക്കി മണല്‍ കളഞ്ഞ കക്കയിറച്ചി ഒരു പാത്രത്തിലേക്ക് മാറ്റി ഇറച്ചി നിവര്‍ക്കെ വെള്ളമൊഴിക്കുക. ഇത് അടുപ്പില്‍വച്ച്‌ രണ്ട് മിനിറ്റ് ചൂടാക്കിയ ശേഷം വെള്ളം ഊറ്റിക്കളഞ്ഞെടുക്കുക. അതിനു ശേഷം പാചകം ചെയ്യാം.