ചെറിയ ചില അടുക്കളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement

വീടിന്റെ ആത്മാവ് ഏതെന്ന് ചോദിച്ചാൽ സംശയം വേണ്ട അത് അടുക്കള തന്നെയാണ്. ഒരു വീട് വയ്ക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അടുക്കളയാണ്. കൃത്യമായ ധാരണയുണ്ടെങ്കിൽ വീട് ഭംഗിയാക്കുന്നതു പോലെ തന്നെ അടുക്കളയും ഭംഗിയാക്കാം. പുറത്തു നിന്നു വരുന്ന ഒരാൾക്ക് നിങ്ങളെ കുറിച്ചുള്ള മതിപ്പ് നൽകാൻ അടുക്കളയ്ക്ക് സാധിക്കും. അതേ സമയം വൃത്തിയില്ലാത്ത അടുക്കളയാണെങ്കിൽ നിങ്ങൾക്കും വിരുന്നുകാരുടെ മുന്നിൽ മോശം ഇമേജ് ഉണ്ടാകുന്നതിന് കാരണമാകും. എത്ര ചെറിയ അടുക്കളയാണെങ്കിലും ഒരല്പം ശ്രദ്ധിച്ചാൽ ഭംഗിയാക്കാവുന്നതേയുള്ളൂ.

ഒരു വീടിന്റെ അടുക്കളപണി തുടങ്ങുന്നതിനു മുൻപു തന്നെ എന്തൊക്കെയാണ് ആവശ്യങ്ങളെന്ന് തീരുമാനിച്ച് ഒരു പ്ലാൻ ഉണ്ടാക്കുക. വാഷിങ്ങ് മെഷീൻ, ഫ്രിഡ്ജ്, മിക്സി, ഓവൻ, ടോസ്റ്റർ, ജ്യൂസർ, വാട്ടർ പ്യൂരിഫയർ എന്നിവയെല്ലാം അടുക്കളയിൽ തന്നെയിടം കണ്ടെത്തുന്നതാകും നല്ലത്. കബോഡുകൾ ഒരിക്കലും അധികം ഉയരത്തിലായിരിക്കരുത്. തിരക്കു പിടിച്ച് നിൽക്കുന്ന സമയത്തോ അത്യാവശ്യത്തിന് എന്തെങ്കിലും എടുക്കാനോ മുതിരുമ്പോൾ അത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

എപ്പോഴും കൈ എത്തുന്ന ദൂരമാണ് നല്ലത്. അതുപോലെ തന്നെയാണ് വാഷിംഗ് മെഷീന്റെ സ്ഥാനവും. അടുക്കളയിൽ അല്പം തിരക്കൊഴിഞ്ഞ ഭാഗം തിരഞ്ഞെടുക്കാം.അടുക്കളയിലെ എല്ലാ ജനലുകളും പകൽ സമയങ്ങളിൽ തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കണം. പാചകം ചെയ്യുമ്പോഴുള്ള മണവും പച്ചക്കറിയുടെയും മീനിന്റെയുമൊക്കെ മണവും പുറത്തു പോകാൻ ഏറ്റവും നല്ലത് ജനലുകൾ തുറന്നിടുന്നത് തന്നെയാണ്. അല്ലാത്ത പക്ഷം, അടുക്കളയിലെ മണം വീട് മുഴുവൻ പരക്കുന്നതിനും കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ദിവസവും അടുക്കള തുടച്ച് വൃത്തിയാക്കണം. ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നിടമാണ് അടുക്കള. പാത്രങ്ങളെല്ലാം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം.

2. കുക്കിംഗ് സ്‌പേസിനരികിലായിരിക്കണം നിത്യേന ഉപയോഗിക്കുന്ന പാത്രങ്ങളുടേയും മസാലപ്പൊടികളുടേയും സ്ഥാനം. കഴിവതും അവയിലെല്ലാം പ്രത്യേകം പ്രത്യേകം പേരുകൾ കൊടുക്കാനും ശ്രമിക്കണം. കുക്കിംഗ് ഈസിയാക്കാൻ അത് നിങ്ങളെ സഹായിക്കും.

3. ദിവസേനെയുള്ള ഉപയോഗത്തിന് ആവശ്യമില്ലാത്ത പാത്രങ്ങൾ കബോഡിലേക്ക് മാറ്റി വയ്ക്കുന്നതാണ് നല്ലത്. അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന പാത്രങ്ങൾ മാത്രം മതി.

4. സ്പൂണുകളും കത്തികളും ആവശ്യാനുസരണം എടുക്കാൻ വിവിധ സൈസിലുള്ള ട്രേകൾ ഉപയോഗിക്കാം. പാത്രങ്ങൾ വയ്ക്കാൻ സൈസ് അനുസരിച്ച് പല വലിപ്പത്തിലുള്ള ബാസ്‌ക്കറ്റുകൾ ഉപയോഗിയ്ക്കാം.

5. സിങ്കിനു താഴെവരുന്ന സ്ഥലവും പൂർണ്ണമായി ഉപയോഗപ്പെടുത്തണം. ഡസ്റ്റ്ബിനും ഡിറ്റർജന്റ് റാക്കും ഇവിടെ പിടിപ്പിയ്ക്കാം.

6. അടുക്കളയിൽ എപ്പോഴും വെളിച്ചമുണ്ടാകണം. പെയിന്റിംഗ് ചെയ്യുമ്പോൾ അത് പ്രത്യേകം ശ്രദ്ധിക്കണം. അടുക്കള ഇരുണ്ടതാകാതിരിക്കാൻ വെൺമ തോന്നിക്കുന്ന പെയിന്റുകൾ ഉപയോഗിക്കണം.

7. വാൾ യൂണിറ്റുകളിൽ ഗ്ലാസ് ഷെൽഫു കളും നൽകാം. ക്രോക്കറി സെറ്റുകൾ ഇത്തരം കബോഡുകളിൽ വയ്ക്കാം. അത് വീടിന് ഭംഗിയും വിളിച്ചോതും.

8. കിച്ചൺ ഫ്‌ളോറിങ്ങിനു വെർട്ടിഫൈഡ് ടൈലുകൾ ഉപയോഗിയ്ക്കാം. ഇളം നിറങ്ങൾ നൽകുന്നത് കിച്ചണിലെ അഴുക്കുകൾ പെട്ടെന്ന് കണ്ടു പിടിച്ച് വൃത്തിയാക്കാൻ സഹായിക്കും.

9. അടുക്കളയ്‌ക്കൊപ്പം എപ്പോഴും ഒരു വർക്ക് ഏര്യ കൂടി കണ്ടെത്തേണ്ടതുണ്ട്. വിറക് അടുപ്പ് ഉപയോഗിക്കാനും അമ്മി കല്ല് ഉപയോഗിക്കാനുമൊക്കെ വർക്ക് ഏര്യ ഉപയോഗിക്കാം.

10. അടുക്കളയിലെ അലമാരകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിയാക്കുന്നതോടൊപ്പം തന്നെ അവ കൃത്യ സ്ഥാനങ്ങളിൽ അടുക്കി വയ്ക്കാനും ശ്രദ്ധിക്കണം.

11. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ വയ്ക്കുന്നതിനും പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും വായു സഞ്ചാരമുള്ളിടത്തേ വയ്ക്കാവൂ. സിലിണ്ടർ ഒരിക്കലും ചരിച്ചിടാനോ കിടത്തി വയ്ക്കാനോ നോക്കരുത്. നനവില്ലാത്ത, തീ പിടിക്കാൻ സാധ്യതയില്ലാത്ത സ്ഥലത്ത് വേണം ഇത് സൂക്ഷിക്കാൻ.